Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കമില്ലാത്ത ആ രാത്രി !

sadayam

ആ രാത്രി അയാൾക്ക് ഒരിക്കലും ഉറങ്ങാനാകില്ല. അയാൾക്കെന്നല്ല ആർക്കും. നാളത്തെ വെളിച്ചം തനിക്കന്യമാണെന്ന സത്യം അയാളെ ഭയപ്പെടുത്തും. മരണം സുനിശ്ചിതമാണെന്ന അറിവും അത് എപ്പോൾ എങ്ങനെ എവിടെ വച്ചുണ്ടാവുമെന്ന തിരിച്ചറിവും അയാളെ അസ്വസ്ഥനാക്കും. എത്ര കൂസലില്ലാത്തവനും ഒന്നു പതറിപ്പോകും അപ്പോൾ.

സത്യനാഥൻ കൊലമരത്തിലേക്ക് നോക്കി ഇരുമ്പഴിക്കുള്ളിൽ കിടന്ന് സമയം തള്ളി നീക്കി. താൻ ചെയ്തതിനെയോർത്ത് ആയാൾക്ക് പശ്ചാത്താപമില്ല. മരിക്കാൻ‌ ഭയവുമില്ല. കാരണം അയാൾ ഇൗ ലോകത്തെ അത്ര വെറുത്തിരിക്കുന്നു. കളങ്കപ്പെട്ട ഇൗ ലോകം അയാളെന്ന ചിത്രകാരന് ചായക്കൂട്ടുകൾ‌ മാറിപ്പോയ വികലകലാസൃഷ്ടി മാത്രമായിരുന്നു. ആ ചെളിക്കുണ്ടിൽ വീണാൽ പിന്നെ ഒരിക്കലും രക്ഷപെടില്ലെന്ന് അയാൾ വിശ്വസിച്ചു. അതു കൊണ്ടാണ് രക്ഷിക്കാനും ശിക്ഷിക്കാനും അയാൾ മരണത്തെ തന്നെ കൂട്ട് പിടിച്ചതും.

ജയിലഴികൾക്കുള്ളിലെ ജീവിതത്തിലെപ്പോഴോ അയാൾ ജീവിതമെന്തെന്ന് തിരിച്ചറിയുന്നു. സ്നേഹമെന്തെന്ന് മനസ്സിലാക്കുന്നു. ആ തടവറ അയാളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അയാൾക്ക് ചുറ്റമുള്ളവർ അയാളെ അറിയാതെ സ്നേഹിച്ചു. അയാൾ അവരിലൂടെ ഇൗ ലോകത്തെയും. മെല്ലെ അയാൾക്ക് സ്വന്തം ജീവനിൽ കൊതി തോന്നിത്തുടങ്ങി. ‌‌ആ കൊതി അയാളെ സത്യത്തിൽ പേടിപ്പിച്ചു.

‘‘ മരണത്തെപ്പറ്റി ഇപ്പോഴും ഭയമില്ല. പക്ഷേ ഇപ്പോൾ എനിക്ക് ജീവിക്കണമെന്നുണ്ട്. എനിക്ക് ജീവിക്കണം.’’ പക്ഷേ ഏറെ വൈകിയുണ്ടായ ആ തിരിച്ചറിവിന് അയാളുടെ ജീവിതത്തിൽ ഒരു മാറ്റവുമുണ്ടാക്കാനാവില്ലല്ലോ. അനിവാര്യ വിധിയല്ലെങ്കിലും അതിനെ തടുക്കാൻ സാധിക്കില്ലെന്ന് അയാൾക്കുമറിയാം. ഒരത്ഭുതത്തിനു വേണ്ടി അയാൾ പ്രതീക്ഷിച്ചു. ബാക്കിയുള്ള കുറച്ച് മണിക്കൂറുകൾ ജീവിക്കാനുള്ള ഉൗർജത്തിനായെങ്കിലും.

ദയാഹർജികൾ ഒാരോന്നായി തള്ളപ്പെട്ടപ്പോഴും അയാളുടെ മുഖത്ത് ഭാവഭേദമില്ല. പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ അങ്ങനെ ഒന്നൊന്നായി ഇല്ലാതാകുമ്പോൾ ഉള്ളിന്റെയുള്ളിൽ ജീവിതത്തോടുള്ള അയാളുടെ അഭിനിവേശം വർധിച്ചിരുന്നേക്കാം. ഒരു ക്ലീൻ ബോർഡ് വച്ച് ആദ്യം മുതലേ തുടങ്ങാൻ ഒരവസരം ആഗ്രഹിക്കുന്നെന്ന് അയാൾ പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു. രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറയുമ്പോൾ, തന്റെ ഉറക്കം കെടുത്തുന്ന ദു:സ്വപ്നങ്ങളെക്കുറിച്ച സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് അതിന് മറുപടിയുമില്ല. മരണം തന്നെയാണ് അതിനുള്ള മരുന്നെന്ന് അവരും വിശ്വസിച്ചുവോ?

അയാൾ തന്റെ മരണത്തെ പേടിച്ചതിനേക്കാൾ കൂടുതൽ മറ്റുള്ളവർ അതിനെ പേടിച്ചു. ഡോക്ടറും പൊലീസുകാരും സഹതടവുകാരുമൊക്കെ. ആ തടവറ മുഴുവൻ അയാൾക്കു വേണ്ടി പ്രർഥിച്ചു. ആ ചുവരുകൾ പോലും അയാളുടെ ജീവനായി അപേക്ഷിച്ചിരുന്നിരിക്കാം. പ്രാർഥിക്കാൻ അർഹതയില്ലെന്നറിഞ്ഞിട്ടു കൂടി ഉള്ളിൽ അയാളും രണ്ടാമതൊരു അവസരത്തിനായി ദൈവത്തോട് കെ‍ഞ്ചിയിട്ടുണ്ടാവില്ലേ? അയാളുടെ മരണം കൊതിച്ചിരുന്നവരൊക്കെ ആ ജീവനായി കേണു. എന്നിട്ടം...? ഇനി ഒന്നും വരാനില്ല എന്നയാൾക്കും അറിയാം. മരണമെന്ന യാഥാർത്ഥ്യത്തോട് അയാൾ പൊരുത്തപ്പെട്ടതുമാണ്. പക്ഷേ ജീവിതം അയാളെ നോക്കി ചിരിക്കുന്നു. കൊതിപ്പിക്കുന്നു. സ്വന്തം മരണപത്രത്തിൽ മനസ്സോടെ അല്ലെങ്കിലും ഒപ്പിട്ടു കൊടുക്കേണ്ടി വരുന്നു അയാൾക്ക്. തടുക്കാൻ മനുഷ്യനെക്കൊണ്ടാവും. പക്ഷേ അയാൾക്കതിനാവില്ലല്ലോ.

കറുത്ത തുണി കണ്ണുകളെ ആവരണം ചെയ്തതോടെ ഇൗ ലോകത്തിലെ കാഴ്ചകളാണ് അയാൾക്ക് മുന്നിൽ മൂടപ്പെട്ടത്. ഇനി ഒരിക്കലും അയാളിലെ ചിത്രകാരനു മുന്നിൽ നിറങ്ങൾ ചാലിച്ച ആ മനോഹര കാഴ്ചകൾ വരില്ല. വേറൊരാളുടെ മുഖത്തിരുന്ന് എന്റെ കണ്ണുകൾക്ക് കാണണമെന്നില്ല. കണ്ടിടത്തോളും മതിയെന്ന് ഒരിക്കൽ പറഞ്ഞതോർത്ത് അവസാന നിമിഷമെങ്കിലും അയാൾ ദു:ഖിച്ചിരുന്നിരിക്കാം. കാരണം ഒരു ജീവാണുവെങ്കിലും ശേഷിപ്പിച്ച് യാത്രയാകാനാണ് അയാൾ ഒടുവിൽ കൊതിച്ചത്.

ഒരാൾ കൂടി മരിക്കുന്നതു കൊണ്ട് നഷ്ടം വന്നവർക്ക് ഒന്നും കിട്ടുന്നില്ലല്ലോ. ശരിയാണ്. തന്റെ തെറ്റോർത്ത് പശ്ചാത്താപിച്ച അയാൾക്ക് ഒരവസരം കൂടി നൽകിയിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചു. ഒപ്പം അയാളും. പക്ഷേ നീതി ന്യായ വ്യവസ്ഥിതിക്ക് അതീതമല്ലല്ലോ മാനുഷിക വികാരങ്ങളും മനുഷ്യത്വവും.

വെള്ള പുതപ്പിച്ച് സത്യനാഥനെ പുറത്തേക്കെത്തിച്ചപ്പോൾ അയാൾ മൂലം നഷ്ടമുണ്ടായവരെല്ലാം നിറകണ്ണുകളോടെ കാത്തിരിപ്പുണ്ടായിരുന്നു. അവർ അയാളോട് എന്നേ ക്ഷമിച്ചു. ദൈവം അയാളോട് ക്ഷമിച്ചിരുന്നോ? ഉവ്വോ? ഇല്ലേ? ഇനി ഒരാൾ കൂടി മരിക്കുന്നതു ദൈവത്തിനിഷ്ട്ടപ്പെട്ടു കാണുമോ? അതും അറിയില്ല. അല്ലെങ്കിലും അയാൾ തന്നെ ഒരിക്കൽ പറഞ്ഞതു പോലെ സത്യം എപ്പോഴും അതിന്റെ ഇടയിലാണല്ലോ !