Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വശ്യത മാഞ്ഞിട്ട് 20‍ വര്‍ഷം

silk-smitha

ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തേക്ക് വണ്ടി കയറുമ്പോള്‍ വിജയലക്ഷ്മി എന്ന പെണ്‍കുട്ടി കരുതിയിരിക്കില്ല ഒരു കാലഘട്ടത്തിലെ യൗവനത്തിന്റെ മുഴുവന്‍ സ്വപ്നനായികയാവുമെന്ന്. ദാരിദ്യ്രത്തില്‍ നിന്നു രക്ഷപ്പെടാന്‍ കണ്ട ഒരു മാര്‍ഗം മാത്രമായിരുന്നു വിജയലക്ഷ്മിക്ക് കോടമ്പക്കത്തെ സിനിമ സെറ്റുകള്‍. വിജയ ലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കും രൂപാന്തരപ്പെട്ടപ്പോള്‍ അവള്‍ ചേക്കേറിയത് യുവാക്കളുടെ ഹൃദയത്തിലേക്കാണ്. സില്‍ക്ക് സ്മിത ഓര്‍മയായിട്ട് ഇന്ന് 20 വര്‍ഷം.

കാമത്തിന്റെ മാത്രം പ്രതീകമായിരുന്നില്ല സ്മിത. അവളോടൊപ്പം രമിക്കാന്‍ മാത്രമായിരുന്നില്ല എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും യൌവനം ആഗ്രഹിച്ചിരുന്നത്. അവളെ സ്വന്തമായി കിട്ടാന്‍, ജീവിതത്തിത്തിന്റെ ഭാഗമായി കൊണ്ടുനടക്കാന്‍ പോലും ആഗ്രഹിച്ചിരുന്നു. സില്‍ക്ക് സ്മിതക്കൊരു ജീവിതം നല്‍കാന്‍ മോഹിക്കാത്തവര്‍ ആരുണ്ടായിരുന്നു. അവള്‍ കടിച്ച ആപ്പിളിന് ലേലത്തില്‍ എത്ര തുക കൊടുക്കാനും അവര്‍ക്കു മടിയുണ്ടായിരുന്നില്ല. സ്മിത ആത്മഹത്യ ചെയ്തെന്നു കേട്ടപ്പോള്‍ സ്വന്തപ്പെട്ട ആരെങ്കിലും മരിച്ചാലുണ്ടാകുന്നതിലും നഷ്ടം ഇവര്‍ക്കുണ്ടായിരുന്നു.

Silk Smitha

ഒരുപക്ഷേ ഈ തലമുറയോടു പറഞ്ഞറിയിക്കാന്‍ കഴിയില്ല അക്കാലത്തെ യുവാക്കള്‍ക്ക് സ്മിതയോടുണ്ടായിരുന്ന താല്‍പര്യത്തെ. സില്‍ക്ക് സ്മിതയെന്നു പറയുമ്പോള്‍ ഒരു മാദക നടിയായേ ഈ തലമുറയുടെ മുന്നിലൊരു ചിത്രം തെളിയുകയുള്ളൂ. അത് ആരുടെയും കുറ്റമല്ല. കാരണം ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമായി എന്തും സ്വന്തം മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കാലമാണ്. തല്‍ക്കാലത്തേക്കൊരു ആഗ്രഹപൂര്‍ത്തീകരണത്തിന് ഒരു സര്‍ച്ചിലൂടെ ആരും എന്തും മുന്നിലെ സ്ക്രീനില്‍ എത്തും. ഒന്നിനും ഒരു ഒളിവും മറയും വേണ്ട. ഈ ഒളിവും മറയുമായിരുന്നു സ്മിതയെ എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്വപ്നനായികയാക്കിയത്.

ആന്ധ്രയില്‍ നിന്ന് ഒരു ബന്ധുവിന്റെ കൂടെയാണ് വിജയലക്ഷ്മി എഴുപതുകളുടെ മധ്യത്തില്‍ കോടമ്പക്കത്തെത്തുന്നത്. ശാരീരിക വളര്‍ച്ച കൂടുതലും കാമാര്‍ത്തമായ കണ്ണുകളും ക്യാമറ കണ്ണിലൂടെ ഒപ്പിനോക്കിയപ്പോള്‍ അവള്‍ സിനിമയ്ക്കു പാകമാണെന്നു കണ്ടെത്തി. അതോടെ വിജയലക്ഷ്മിയുടെ ജീവിതം അവസാനിച്ചു. പിന്നീട് സ്മിതയുടെ ഉയര്‍ച്ചയായിരുന്നു. ചെറിയ വേഷത്തിലൂടെ സ്മിത കോടമ്പക്കത്ത് ജീവിച്ചു.

mohanlal-silk

1979ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സ്മിത സില്‍ക്ക് സ്മിതയായി. പിന്നീട് തെലുങ്ക്,മലയാളം, ഹിന്ദി, കന്നട ചിത്രങ്ങളില്‍ തിരക്കുള്ള നടിയായി. ആദ്യകാലത്ത് വെറുമൊരു മാദകത്തിടമ്പായിരുന്നു സ്മിത. ഒരു പാട്ടില്‍ സ്മിതയുണ്ടെങ്കില്‍ ചിത്രം ഹിറ്റ്. അതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ബാറുകളിലെ ക്യാബറെകളില്‍ സ്മിതയും അഭിലാഷയും ജ്യോതിലക്ഷ്മിയുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ മറ്റു നടിമാരെ പിന്തളളി ചുരുങ്ങി നാളുകള്‍ക്കുളളില്‍ സ്മിത ജനമനസുകളില്‍ കുടയേറി.

1995ൽ ചിത്രീകരിച്ച ‘തങ്കത്താമരയാണ് സിൽക്കിൻറെ അവസാനചിത്രം. സാമ്പത്തിക പരാധീനതമൂലം നടി മരിച്ച് പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമായി 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ച സ്മിതയെ 1996 സെപ്തംബർ 23ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

Your Rating: