Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങുമറന്ന നായകൻ,...ജോണ്‍ മാളവിക ഇവിടെയുണ്ട്

vaikom-malavika-john ടി കെ ജോണ്‍ മാളവിക

യാത്ര കോട്ടയം ജില്ലയിലെ വൈക്കം - ചെമ്മനാത്തുകര തുരുത്തിക്കര വീട്ടിലേക്കാണ്. ആളും ആരവങ്ങളുമില്ലാതെ അരങ്ങൊഴിഞ്ഞ ഉത്സവപറമ്പുപോലെ ശാന്തമായ വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ കിടക്കുകയാണ് കഥാനായകൻ. മുഖത്ത് , പ്രായം വരച്ചിട്ട ചമയങ്ങൾക്ക് കൂടുതൽ മിഴിവ് വന്നിരിക്കുന്നു. ഓർമ്മകളുടെ വെള്ളിവെളിച്ചത്തിൽ നിന്നും, അഞ്ചര പതിറ്റാണ്ട് നീണ്ട നാടകചിന്തകൾ ഇനിയും വേരറ്റു പോയിട്ടില്ല .

അരങ്ങൊഴിഞ്ഞ നാടകവണ്ടിയുടെ അമരത്ത് ഇന്നും താനുണ്ടെന്ന വിശ്വാസം, ഒരിക്കൽ സദസ്സുകൾ നെഞ്ചേറ്റിയ നാടകരാവുകളിൽ നായകവേഷത്തിൽ തിളങ്ങിയ മാറാല വീഴാത്ത ഓർമ്മകൾ, സിനിമയുടെ വെള്ളി വെളിച്ചം ഏറെ അവസരങ്ങൾ നൽകിയിട്ടും നാടകത്തിനായി മാറ്റി വച്ച ജീവിതം ഇത്തരത്തിൽ ഭൂതകാല ചിന്തകൾ മുഖത്ത് ചായം തേക്കുമ്പോൾ ചാരു കസേരയിലെ ആ കിടപ്പിന്റെ ദൈർഘ്യം നീളും... ആ കാത്തിരുപ്പിൽ പക്ഷേ, നഷ്ടങ്ങളുടെ അക്കങ്ങളില്ല , കാത്തിരിക്കുന്നത് അരങ്ങിലെ മൂന്നാം ബെല്ലിന്റെ മുഴക്കത്തിന് വേണ്ടിയാണ്. മനസ്സിലെ അരങ്ങിൽ പലകുറി മണി മുഴങ്ങുമ്പോൾ , 40 വർഷത്തോളം തന്റെ കലാസപര്യയുടെ ജീവനാഡിയായിരുന്ന ആ അനൗൺസ്മെന്റ് കാതുകളിലേക്ക്....നാടക സംവിധാനം ടി കെ ജോണ്‍ മാളവിക , അവതരണം വൈക്കം മാളവിക.

vaikom-malavika-john-img

ടി കെ ജോണ്‍ മാളവിക , മലയാള നാടക ചരിത്രം വ്യാഖ്യാനിക്കപ്പെടുമ്പോൾ, ആദ്യപത്തിൽ ഇടം നേടേണ്ട പേര്. അമച്വർ നാടകവേദികളുടെ പരിമിതിയിൽ നിന്നും അഭിനയകലയായ നാടകത്തെ പ്രൊഫഷണൽ തലത്തിലേക്ക് വിജയകരമായി പറിച്ചു നട്ട വ്യക്തിത്വം. 20 വയസ്സ് മുതൽ അരങ്ങിലെ വെട്ടത്തെയും, തിരശ്ശീലയുടെ മറവിനെയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തി. ഒടുവിൽ, നാടകം സിനിമയ്ക്ക് വഴിമാറിയപ്പോൾ അരങ്ങിൽ അവശേഷിച്ച അപൂർവ്വം ചില പ്രതിഭകളിൽ ഒരാൾ. തന്റെ 55 വർഷത്തെ നാടക ജീവിതത്തിനൊടുവിൽ നടൻ, സംവിധായകൻ, സംഘാടകൻ എന്നീ നിലകളിൽ ജോണ്‍ മാളവിക നാടകലോകത്തിന് നൽകിയത് അരങ്ങിലെ നാഴികകല്ലാകാവുന്ന സംഭാവനകൾ. വൈക്കം മാളവിക എന്ന നാടക സമിതിയെ വിജയകരമായി 40 വർഷം നയിച്ച്, അമരത്ത് നിന്നും ഇദ്ദേഹം പടിയിറങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഒരിക്കൽ സംസ്ഥാന സർക്കാരും നാടകലോകവും വാനോളം ആദരിച്ച ഈ നടന് , ഇന്ന് പക്ഷേ രോഗാവസ്ഥയിൽ ലഭിക്കുന്നത് തികഞ്ഞ അവഗണന മാത്രം. വാർദ്ധക്യത്തിൽ കൂട്ടിന്, നാടക മോഹങ്ങളും സാമ്പത്തിക ബാധ്യതയുമല്ലാതെ മറ്റൊന്നുമില്ല.

ടി കെ ജോണ്‍ എന്ന നടൻ ജനിക്കുന്നു

ഇരുപതാമത്തെ വയസില്‍ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്‍റെയും കുട്ടിയമ്മയുടെയും മകന് പറയത്തക്ക അഭിനയ പാരമ്പര്യമൊന്നും കൈമുതലായിട്ടുണ്ടായിരുന്നില്ല. അഭിനയകലയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും, ആരെയും ഒന്നാകർഷിക്കുന്ന ആകാരവും മാത്രം സ്വന്തം. അത് കൊണ്ട് തന്നെ, ചെറുപ്പത്തിന്റെ എടുത്തു ചാട്ടമായി മാത്രമേ ടി കെ ജോണ്‍ എന്ന അനന്യ സാധാരണ പ്രതിഭയുടെ രംഗപ്രവേശത്തെ വീട്ടുകാർ കണ്ടുള്ളൂ. എന്നാൽ , വീട്ടുകാരുടെ ധാരണകൾ തെറ്റാണ് എന്ന് തെളിയിക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല . അമച്വർ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാട് മുഴുവൻ സഞ്ചരിക്കുന്ന നാടക സംഘങ്ങളുടെ യാത്രയുടെ ഭാഗമായി ജോണ്‍. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങി കാണികൾ നെഞ്ചേറ്റിയ അമച്വർ നാടകങ്ങളിലെ നായക വേഷത്തിലൂടെ ടി കെ ജോണ്‍ എന്ന നടൻ പ്രേക്ഷകഹൃദയം കീഴടക്കി.

john-malavika

നാടകം അതിന്റെ എല്ലാവിധ പ്രൌഢിയോടും കൂടി അരങ്ങു വാഴുന്ന കാലത്തായിരുന്നു ജോണിന്റെ രംഗപ്രവേശം. അതുകൊണ്ട് തന്നെ വേദികളിൽ നിന്നും വേദികളിലേക്ക് ചേക്കേറുന്നത് അദ്ദേഹത്തിനൊരു ലഹരിയായിരുന്നു. തുടർന്നാണ്‌, പ്രൊഫഷനൽ നാടകങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്.അവിടെ സഹകരിച്ചതാകട്ടെ പ്രഗത്ഭരോടൊപ്പവും. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്‍റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്‍റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ച് ഈ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അനായാസമായ സംഭാഷണശൈലിയും രംഗചലനങ്ങളുമാണ് ടി.കെ. ജോണിനെ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തമാക്കിയത് . കായംകുളം പീപ്പിൾസ്, ആറ്റിങ്ങൽ ദേശാഭിമാനി, കോട്ടയം നാഷണൽ, വൈക്കം ഗീതാഞ്ജലി, തുടങ്ങിയ നാടക സമിതികളിലും പിന്നീട് പ്രവർത്തിച്ചു.

നാടകമോഹത്തിന് വിലങ്ങിടാൻ വിവാഹം

നാടകമോഹം വേരുറയ്ക്കാൻ തുടങ്ങിയതോടെ , ജോണിന് വീട്ടിൽ കയറാൻ സമയമില്ലെന്നായി. യാഥാസ്ഥിതിക ചിന്താഗതിയുള്ള കുടുംബത്തിന് നാടകവണ്ടിയിൽ മകൻ നാടുചുറ്റുന്നത് അംഗീകരിക്കാനായില്ല . വിവാഹമെന്ന ചരട് കൊണ്ട് ജോണിനെ ബന്ധിക്കാൻ വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ, 6 പതിറ്റാണ്ട് മുൻപ് കൊല്ലം സ്വദേശിനി ആലീസ് ജോണിന്റെ ജീവിത സഖിയായി. എന്നാൽ ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാത്ത ആലീസിന്റെ പിന്തുണയോടെ തന്നെ ജോണ്‍ അഭിനയം തുടർന്നു.

മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മാളവിക എന്ന സ്വപ്നം യാഥാർത്യമാകുന്നു

നായക നടനായി നൂറിൽ പരം വേദികൾ പിന്നിട്ടതോടെ, അഭിനേതാവിന്റെ കുപ്പായത്തിൽ നിന്നും സംവിധായകന്റെ റോളിലേക്ക് ഒരു വേഷപ്പകർച്ച ജോണ്‍ ആഗ്രഹിച്ചു. പി. കെ. വിക്രമന്‍ നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം യാഥാർത്യമാക്കുന്നതിനായി 1969 ൽ ഒരു നാടക സമിതിക്ക് ജോണ്‍ രൂപം നൽകി, വൈക്കം മാളവിക. അതൊരു തുടക്കമായിരുന്നു. അരങ്ങിലെ വേഷപ്പകർച്ചയുടെ അതെ വേഗതയിൽ വൈക്കം മാളവിക എന്ന നാടക സമിതിയെ ജനങ്ങൾ ഏറ്റെടുത്തു.കെ പി എ സിക്ക് തുല്യമായ സ്ഥാനം നേടിയെടുക്കാൻ മാളവികയ്ക്ക്‌ അധികം വേദികൾ പിന്നിടേണ്ടി വന്നില്ല. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്‍റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്‍റെ അവസാനം വന്ന അതിഥി.....അങ്ങനെ എണ്ണം പറഞ്ഞ ഒട്ടനവധി നാടകങ്ങൾ ടി കെ ജോണ്‍ മാളവികയിലൂടെ അരങ്ങിലെത്തിച്ചു. മാളവികയ്ക്ക്‌ കീഴിൽ അരങ്ങിലെത്തിയ ബഹുഭൂരിപക്ഷം നാടകങ്ങളിലും നായകൻ ജോണ്‍ തന്നെയായിരുന്നു. തുടർച്ചയായി 5 പതിറ്റാണ്ട് നായകവേഷം കൈകാര്യം ചെയ്ത ഏക നാടകനടനും മാളവിക ജോണ്‍ എന്ന ഈ ടി കെ ജോണ്‍ തന്നെ.

malavika-john

അരങ്ങിലെ പരീക്ഷണങ്ങൾ

നാടകത്തിൽ പുതിയ സാങ്കേതിക വിദ്യകളും മാറ്റങ്ങളും ആദ്യമായ് പരീക്ഷിച്ചു വിജയിച്ചത് ജോണ്‍ മാളവികയായിരുന്നു. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും എടുത്തു പറയത്തക്ക മാറ്റങ്ങൾ ജോണിന്റെ നേതൃത്വത്തിൽ വൈക്കം മാളവിക അരങ്ങിലെത്തിച്ചു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് എത്തിച്ചതും, വാഹനങ്ങൾ ഓടിച്ചതും, ഒന്നിൽ കൂടുതൽ പ്രതലങ്ങൾ ഒറ്റ നാടകത്തിൽ സമന്വയിപ്പിച്ചതും വൈക്കം മാളവികയായിരുന്നു. മാളവികയുടെ പിന്തുടർച്ചയായി വന്ന നാടക സമിതികൾ ഈ പരീക്ഷണങ്ങൾ തുടർന്നു വന്നു. അക്കാലത്ത് വൻ തുകമുടക്കിയാണ് ജോണ്‍ , ഇത്തരം പരീക്ഷണങ്ങൾക്ക് കളമൊരുക്കിയത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും നാടകത്തിന്റെ സമഗ്ര വളർച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം

''നാടകമെന്ന് പറഞ്ഞാൽ, അദ്ദേഹത്തിന് വല്ലാത്ത ആവേശമായിരുന്നു. വിവാഹ ശേഷം ആദ്യകാലങ്ങളിൽ ആരുമറിയാതെ അദ്ദേഹം നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. പിന്നീട് സമിതി തുടങ്ങിയതോടെ നാടകം , ഇച്ചായന്റെ ജീവന്റെ ഭാഗമാണ് എന്ന് എല്ലാവരും അംഗീകരിച്ചു. നാടക സമിതി കൊണ്ട്, ഇന്നുവരെ സാമ്പത്തികമായി ലാഭം ഒന്നും ഉണ്ടായിട്ടില്ല. നഷ്ടങ്ങൾ ധാരാളം ഉണ്ടായിതാനും. സ്വന്തം പേരിലുള്ള സ്വത്ത്, 300 പവനോളം വരുന്ന ആഭരണങ്ങൾ എല്ലാം വിറ്റ് അദ്ദേഹം നാടകങ്ങൾ നടത്തി. തനിക്കു വരുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ച് അദ്ദേഹം ഒരിക്കലും വേദനിച്ചിരുന്നില്ല. എൻ എൻ പിള്ളയ്ക്കും മുരളിക്കുമെല്ലാം ഒപ്പം സിനിമയിൽ നിന്നും ധാരാളം അവസരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. എന്നാൽ ഒന്നും സ്വീകരിച്ചില്ല .നാടകം കൊണ്ട് മാത്രം ജീവിക്കുന്ന അനവധിപേരുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതിനിടയിൽ മക്കൾ ജനിച്ചു, സാമ്പത്തിക പരാധീനത വർദ്ധിച്ചു, എന്നാൽ വിശ്വസിച്ച് സമിതിയിൽ നിന്നവരെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. '' ഭാര്യ ആലീസ് പറയുന്നു.

വൈക്കം മാളവികയ്ക്ക്‌ കീഴിലുള്ള നാടകങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ, വൈക്കം മാളവിക ബി എന്ന സമിതി രൂപീകരിക്കപ്പെട്ടു. ആണ്മക്കളിൽ മൂത്തവനായ സിബിച്ചനായിരുന്നു ഇതിന്റെ ചുമതല. തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ ഇടതടവില്ലാതെ നാടകവണ്ടി ഓടിയെത്തിയ നാളുകൾ, ആയിരത്തിൽ പരം വേദികൾ, പിന്നണിയിലും മുന്നണിയിലും പയറ്റി തെളിഞ്ഞ നൂറുകണക്കിന് കലാകാരന്മാർ, വൈക്കം മാളവിക കേരളത്തിന്റെ നാടകരംഗത്ത് അവിഭാജ്യ ഘടകമായി. എന്നാൽ, പ്രായാധിക്യവും സാമ്പത്തിക പ്രശ്നങ്ങളും കൂടുകൂട്ടിയതോടെ , 40 വയസ്സോടടുത്ത വൈക്കം മാളവിക എന്ന നാടക സമിതിയെ വിശ്വസ്തമായ മറ്റൊരു കയ്യിലേക്ക് എൽപ്പിക്കുകയല്ലാതെ ടി കെ ജോണിന് വേറെ വഴിയുണ്ടായിരുന്നില്ല. അനുഭവങ്ങളേ നന്ദിയായിരുന്നു മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം.

നാടകാരങ്ങ് ഒഴിയുമ്പോഴും അഭിനയം എന്ന കലോയോടുള്ള അടക്കാനാവാത്ത അഭിനിവേശം ടി കെ ജോണിനെ വിട്ടു പിരിഞ്ഞിരുന്നില്ല .അത് കൊണ്ട് തന്നെ , വർധക്യത്തിന്റെ നിറവിലും , ഒരു പിടി നല്ല സിനിമകൾക്കായി ടി കെ ജോണ്‍ ചമയമിട്ടു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്‍, ബാലേട്ടന്‍....ഇങ്ങനെ പോകുന്നു ജോണിന്റെ മുഖം പതിഞ്ഞ മലയാള ചിത്രങ്ങൾ. നാടകം തലയ്ക്കു പിടിച്ച കാലത്ത്, സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നുവെങ്കിലും ഒന്നും സ്വീകരിച്ചില്ല എന്നതിൽ ഇപ്പോഴും യാതൊരു ഖേദവുമില്ല.

അംഗീകാരങ്ങൾ നൽകിയ ഉൾക്കരുത്ത്

ഒരിക്കലും അംഗീകാരങ്ങൾക്ക് വേണ്ടി ചമയമണിഞ്ഞിട്ടില്ല. എന്നാൽ, തന്നെ തേടിയെത്തിയ അംഗീകാരങ്ങളെ ഉൾക്കരുത്തിന്റെ ഉറവിടമാക്കി മാറ്റിയിരുന്നു ടി കെ ജോണ്‍. എസ്. എല്‍. പുരം സദാനന്ദന്‍ പുരസ്കാരം, സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍ , മികച്ച നാടകത്തിനും നടനുമായി ലഭിച്ച നൂറോളം അവാർഡുകൾ ഇങ്ങനെ 75 ന്റെ നിറവിൽ നിൽക്കുന്ന ഈ കഥാനായകനെ തേടിയെത്തിയ പുരസ്കാരങ്ങൾ അനവധി.

അസുഖം വില്ലനായപ്പോൾ , സർക്കാരും അവഗണിച്ചു

നാടകത്തിൽ നിന്നും ഒഴിഞ്ഞ് , വിശ്രമ ജീവിതം നയിക്കുമ്പോഴാണ് ത്രോട്ട് കാൻസറിന്റെ രൂപത്തിൽ വില്ലൻ ഈ നായകനെ വീഴ്ത്തിയത്. തുടർച്ചയായ ചികിത്സകൾ സമ്മാനിച്ചതാകട്ടെ , അനാരോഗ്യവും സാമ്പത്തിക ക്ഷയവും . ഇപ്പോൾ ഭാര്യക്കും മകൻ സിബിച്ചനും ഒപ്പം വൈക്കത്തെ വീട്ടിൽ വിശ്രമിക്കുന്നു. അസുഖം മാറി എങ്കിലും , ചികിത്സ സമ്മാനിച്ച അവശതകൾ ഏറെ. സ്വയം എഴുന്നേറ്റു നടക്കുവാനോ, ഉറച്ചു സംസാരിക്കുവാനോ കഴിയില്ല. നാടകലോകത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ ഈ കലാകാരനെ വാർധക്യത്തിൽ സർക്കാരും മറ്റു സംഘടനകളും തഴഞ്ഞു എന്ന് പറയേണ്ടി വരുന്നത്, കലാകേരളത്തിനേറ്റ ഏറ്റവും വലിയ കളങ്കം.

സർക്കാർ പെൻഷനായി ലഭിച്ചിരുന്ന 4000 രൂപ, 2015 ജനുവരി മുതൽ ലഭിക്കുന്നില്ല. സമർപ്പിച്ച പാരാതിക്കുമേൽ യാതൊരു വിധ നീക്കുപോക്കുമില്ല. പ്രതിമാസം ചികിത്സയ്ക്കായി മാത്രം 15000 രൂപ ചെലവ് വരും. അവശകലാകാരന്മാർക്കായി മുത്തൂറ്റ് ഗ്രൂപ്പ് ഏർപ്പെടുത്തിയ പെൻഷന് വേണ്ടി പരിഗണിക്കപ്പെട്ടതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

എന്നാൽ, അഭിനയജീവിതത്തിന്റെ സായാഹ്നത്തിൽ തഴയപ്പെട്ടത്തിൽ ജോണിന് ആരോടും ഒന്നിനോടും പരാതിയില്ല. അദ്ദേഹത്തിന്റെ ഓർമ്മകളിൽ ഇന്നും അരങ്ങും ചമയങ്ങളും വൈക്കം മാളവികയുമാണ് നിറഞ്ഞു നിൽക്കുന്നത് .ഒപ്പം, നാടകവേദിയിൽ പഴയപോലെ സജീവമാകണം എന്ന ആഗ്രഹം ഇനിയും ബാക്കി. വീണ്ടും അഭിനയിക്കണം , നായകനായി തന്നെ , വിറയാർന്ന ശബ്ദത്തിൽ ഇത് പറയുമ്പോൾ സർക്കാരോ മറ്റു സംഘനകളോ, തനിക്ക് അർഹിക്കുന്ന സ്ഥാനം നൽകാത്തതിന്റെ യാതൊരു പരിഭവവുമില്ല ജോണിന്. യാത്ര പറഞ്ഞിറങ്ങുമ്പോൾ, ചമയങ്ങൾ അണിഞ്ഞ് അഭിനയിക്കാൻ തയ്യാറായി അരങ്ങിലെ മണി മുഴക്കം കാതോർക്കുന്ന മികവുറ്റ നടന്റെ നിശ്ചയദാർഡ്യം മാത്രമാണ് കാലം മറന്ന ഈ കലാകാരനിൽ കാണാൻ കഴിയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.