Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്തച്ചനിലെ തമ്പുരാട്ടി

vinayaprasad

നിഷ്കളങ്കത സ്ഫുരിക്കുന്ന തിളങ്ങുന്ന കണ്ണുകൾ. വെണ്ണ തോൽക്കുന്ന നിറം. അത്യാകർഷകമായ ദന്തനിരകൾ. കൊതിപ്പിക്കുന്ന അംഗലാവണ്യം. ഇതു വിനയപ്രസാദ് എന്ന നടിയെ മലയാളി ആദ്യം കാണുമ്പോഴുള്ള രൂപം.

എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചിത്രത്തിലെ തമ്പുരാട്ടിയെ ആർക്കാണ് മറക്കാൻ കഴിയുക?കല്ലിൽ സ്പർശിച്ച് അതിന്റെ ഗുണങ്ങൾ കന്യകയുടെ അവയവങ്ങളുമായി തുലനം ചെയ്ത് പെരുന്തച്ചൻ വിശദീകരിക്കുമ്പോൾ പരിഭ്രമത്തോടെ അനാവൃതമായി കിടന്ന വയർ മേൽമുണ്ട് കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യം ഒന്നു മതി വിനയപ്രസാദിലെ കലാകാരിയുടെ പ്രതിഭ തിരിച്ചറിയാൻ.

പെരുന്തച്ചൻ കൊത്തി തീർത്ത വിഗ്രഹം കാണാൻ രാത്രിയിൽ അദേഹത്തോടൊപ്പം ഏകയായി പോകുകയും തിരിച്ചിറങ്ങുമ്പോൾ ഭർത്താവിനാൽ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്ന നായിക നമ്മുടെ മനസിൽ എന്തെന്നില്ലാത്ത വേദനയായി പടരുകയായി. നെടുമുടി വേണു,തിലകൻ, മനോജ് കെ.ജയൻ തുടങ്ങിയ പ്രഗത്ഭരോടൊപ്പം ആയിരുന്നു വിനയപ്രസാദ് ഇൗ ചിത്രത്തിൽ അഭിനയിച്ചത്. പെരുന്തച്ചനിലെ പല നന്മകളിൽ ഒന്ന് വരപ്രസാദം പോലെ മലയാളിക്ക് കിട്ടിയ ഇൗ വിനയപ്രസാദ് തന്നെയായിരുന്നു.

അശോകൻ—താഹ സംവിധാനം ചെയ്ത മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലും നായികയായിരുന്നു വിനയപ്രസാദ്. ലോജിക്ക് തീരെ ഇല്ലാത്ത പ്രമേയവുമായി വരികയും വമ്പൻ വിജയം നേടിയെടുക്കുകയും ചെയ്ത ചിത്രമായിരുന്നു മൂക്കില്ലാരാജ്യത്ത്. തിലകൻ, മുകേഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാർ തുടങ്ങിയ വൻ തോക്കുകളോടൊപ്പം ആയിരുന്നു ഇൗ ചിത്രത്തിൽ വിനയപ്രസാദ് പ്രത്യക്ഷപ്പെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട നാലു അന്തേവാസികൾ ജീവിക്കാൻനടത്തുന്ന സാഹസങ്ങളായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. കൂട്ടത്തിൽ മാനസികരോഗിയായ മുകേഷ് എടുത്ത കഥാപാത്രത്തെ പ്രണയിക്കുന്ന നായികയായിട്ടായിരുന്നു വിനയപ്രസാദിന്റെ രസകരമായ പ്രകടനം. വിനയപ്രസാദ് എടുത്ത കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമെടുത്തത് അനുഗ്രഹീതനടനായ പറവൂർ ഭരതനായിരുന്നു. ഭരതനും വിനയപ്രസാദും ഒരുമിച്ചുള്ള സീനുകൾ തിയേറ്ററിൽ പൊട്ടിച്ചിരി ഉയർത്തി.

പെരുന്തച്ചൻ എന്ന ചിത്രത്തിൽ കഥാപാത്രത്തിൽ നിന്ന് തികച്ചും ഭിന്നമായിരുന്നുമൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ കഥാപാത്രം. വേഷത്തിൽ പോലും തികച്ചും വ്യത്യസ്തം.

ഒന്നിൽ മുലക്കച്ചയും മുണ്ടും ആയിരുന്നു വേഷമെങ്കിൽ തികച്ചും മോഡേൺ വേഷത്തിലായിരുന്നു വിനയപ്രസാദ് രണ്ടാമത്തെ ചിത്രത്തിൽ എത്തിയത്. രണ്ടിലും പ്രേക്ഷകർക്ക് വിനയയെ ഇഷ്ടമായി എന്നത് മറ്റൊരു സത്യം.

ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ ശോഭന തകർത്തഭിനയിച്ച് ഉർവശിപ്പട്ടംവരെ നേടിയപ്പോൾ അതേ ചിത്രത്തിൽ നായികയുടെ നല്ല ജീവിതത്തിനു വേണ്ടിഭ്രാന്തിയാണെന്ന ആരോപണം സ്വയം ഏറ്റെടുക്കുന്ന ഉപനായികയുടെ വേഷമായിരുന്നു വിനയപ്രസാദിന് അവതരിപ്പിക്കേണ്ടി വന്നത്. ചൊവ്വാദോഷത്തിന്റെ പേരിൽ വിവാഹം മുടങ്ങി നിൽക്കുന്ന യുവതിയുടെ മോഹങ്ങളും നെടുവീർപ്പുകളും മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ വിനയപ്രസാദിനു കഴിഞ്ഞു. ചിത്രത്തിന്റെ ഒടുവിലായപ്പോഴേയ്ക്കും നായകനായ മോഹൻലാലിന്റെ നായികാ സ്ഥാനം തന്നെ നേടുന്ന കഥാപാത്രമായിരുന്നു വിനയപ്രസാദ് കൈകാര്യം ചെയ്തത്.

ഇൗ ചിത്രത്തിലും മോഹൻലാലും വിനയപ്രസാദുമായുള്ള രംഗങ്ങൾ ഏറെ രസകരമായിരുന്നു. ഇരുവരും കഥാപാത്രങ്ങളുടെ മർമമറിഞ്ഞ് അഭിനയിക്കുന്നതിന്റെ സാക്ഷ്യപത്രങ്ങളായി ഇതിലെ പല രംഗങ്ങളും.കുളിമുറിയിൽ നിന്ന് കുളിച്ചിറങ്ങുമ്പോൾ മോഹൻലാലിന്റെ കഥാപാത്രം തുണിവിരിക്കാൻ നിൽക്കുന്ന വിനയപ്രസാദിനെ നോക്കി , എനിക്കൊരഞ്ചു മിനിട്ട് മതി‘‘ തരാമോ എന്നാവശ്യപ്പെടുന്ന രംഗം ഇന്നും ടെലിവിഷനിൽ കാണുമ്പോൾ പൊട്ടിച്ചിരിക്കാത്തവരാരും കാണില്ല.

അതു പോലെ തന്നെയായിരുന്നു ഇന്നസെന്റുമായുള്ള സീനുകൾ. പലപ്പോഴും നിശബ്ദമായ ചില നോട്ടങ്ങൾ കൊണ്ടും കടക്കണ്ണെറി കൊണ്ടും കഥാപാത്രത്തിന്റെ മാനസികവ്യാപാരം മുഴുവനും പുറത്ത് കൊണ്ടുവരാൻ വിനയപ്രസാദിന് ഇൗ ചിത്രത്തിൽ കഴിഞ്ഞു. ചിത്രത്തിൽ അഭിനയിച്ച എല്ലാവരേയും പോലെ തന്നെ വിനയപ്രസാദിനും നല്ല നടിയെന്ന പേര് ഇൗ ചിത്രത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് യാഥാർഥ്യം. അതിനു മുമ്പ് അഭിനയിച്ച മറ്റെല്ലാ ചിത്രങ്ങളെക്കാളും വമ്പൻകളക്ഷൻ കിട്ടിയ ചിത്രവും കൂടിയായിരുന്നല്ലോ മണിച്ചിത്രത്താഴ്.

പിന്നീട് കുറേ നാൾ ടെലിവിഷൻ പരമ്പരകളിലേക്ക് വിനയപ്രസാദ് കൂറുമാറി.അവിടെയും ഒന്നാം നിരയിലേക്ക് എത്താൻ വിനയപ്രസാദിന് അധികം വിയർക്കേണ്ടി വന്നില്ല. മലയാളത്തിലെ ആദ്യത്തെ മെഗാപരമ്പരയായ സ്ത്രീജന്മം കൊണ്ടു തന്നെ കുടുംബസദസുകൾക്ക് ഏറെ പ്രിയങ്കരിയായി മാറി വിനയപ്രസാദ്. എല്ലാ വിധ നന്മകളുടെയും വിളനിലമായ സ്ത്രീജന്മത്തിലെ നായികാവേഷം തികച്ചും ഭദ്രമായിരുന്നു വിനയപ്രസാദിന്റെ കയ്യിൽ. സിദ്ദിഖ് ആയിരുന്നു ഇൗ പരമ്പരയിൽ വിനയയുടെ നായകൻ. വൈകാതെ വീണ്ടും മലയാളം സിനിമകളിലൂടെ തന്നെ വിനയപ്രസാദ് വീണ്ടും ബിഗ്സ്ക്രീനിലെത്തി. ഇത്തവണഹൊറർ സിനിമയായിരുന്നു അഭിനയിച്ചത്. പേര് ഭദ്ര. ചിത്രം വലിയ വിജയം നേടിയില്ല. ശങ്കറായിരുന്നു ചിത്രത്തിൽ നായകൻ.

പിന്നീട് കലാഭവൻ മണിയുടെ നായികയായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, വിജയരാഘവന്റെ നായികയായി മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലും വിനയപ്രസാദ് അഭിനയിച്ചു. ഇപ്പോഴും സജീവമായി അഭിനയരംഗത്ത് വിനയപ്രസാദ് ഉണ്ട്. എങ്കിലും ആരുടെ മനസിലും ലഹരി ഉണർത്തുന്നത് വിനയപ്രസാദിന്റെ പെരുന്തച്ചനിലെ തമ്പുരാട്ടിയുടെ വേഷം തന്നെയാണെന്നതിൽ തർക്കമുണ്ടാകില്ല. സഹതാപം പിടിച്ചു പറ്റിയത് മണിച്ചിത്രത്താഴിലെ കഥാപാത്രമാണെങ്കിലും.