Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം ഒന്നിനും ഒരു തടസ്സമല്ല !

മഞ്ജു വാര്യര്‍ തിരിച്ചെത്തിയിട്ട് ഒരു ചിത്രത്തിന്റെ പ്രായം. ഒരു പക്ഷേ മാധ്യമങ്ങള്‍ ഇത്രയധികം ആഘോഷിച്ച 'തിരിച്ചുവരവ് മറ്റൊന്നില്ലായിരിക്കും. മഞ്ജുവാര്യര്‍ എന്ന നടിയോട് മലയാളികള്‍ക്ക് ഉള്ള പ്രത്യേക സ്നേഹവാല്‍സല്യങ്ങള്‍ തന്നെയാകാം അതിന്റെ കാരണം.

ഇതിനിടയില്‍ അറിഞ്ഞോ അറിയാതെയോ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായ മാധ്യമങ്ങള്‍ ചര്‍വിതചര്‍വണം നടത്തിയ ചോദ്യമായിരുന്നു - വിവാഹശേഷം നടിമാര്‍ സിനിമയില്‍ വന്നാല്‍ വിശേഷിച്ച് മലയാളസിനിമയില്‍ വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ ? എന്നത്. യാഥാര്‍ഥ്യവുമായി ഇൌ ചോദ്യത്തിന് എന്തെങ്കിലും ബന്ധമുണ്ടോ ? ഒന്ന് വിലയിരുത്തി നോക്കാം.

ഭാഗ്യജാതകത്തിലൂടെ മലയാള സിനിമയില്‍ എത്തി മലയാളത്തിന്റെ ഭാഗ്യനടിയായി മാറിയ ഷീലയുടെ കാര്യം നോക്കാം. ചലച്ചിത്രരംഗത്തെത്തി ഏതാനും വര്‍ഷങ്ങള്‍ക്കകം പ്രശസ്തമായ ഒരു ദേശീയ ഇംഗീഷ് ദിനപത്രത്തിന്റെ പത്രാധിപസമിതിയംഗമായ ഒരു വ്യക്തിയുടെ ഭാര്യയായി മാറിയ ആളായിരുന്നു ഷീല. തുടര്‍ന്നും അവര്‍ അഭിനയരംഗത്ത് സജീവമായി നില കൊണ്ടു. പ്രേംനസീര്‍-ഷീല താരജോഡികള്‍ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴുകയും ബന്ധം വെള്ളത്തില്‍ വരച്ച വരപോലെ ആയി തീരുകയും ചെയ്തു.

പിന്നീട് ആരോമലുണ്ണിയിലൂടെ മലയാളികള്‍ക്ക് കൂടി പ്രിയങ്കരനായ തമിഴ് നടന്‍ രവിചന്ദര്‍ അവരുടെ ഭര്‍ത്താവായി. ഇൌ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. തുടര്‍ന്നും അവര്‍ ചലച്ചിത്രരംഗത്ത് സജീവമായി. തുമ്പോലാര്‍ച്ച എന്ന ചിത്രമാകട്ടെ വലിയ ഇടവേളയ്ക്ക് ശേഷം പ്രേംനസീറുമായി ഷീല അഭിനയിച്ച ചിത്രമായിരുന്നു. തുടര്‍ന്ന് എത്രയോ അവിസ്മരണീയമായ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം, താളം മനസിന്റെ താളം, അതിഥി, ഇതാ ഒരു മനുഷ്യന്‍, ഇതിലെ വന്നവര്‍, ആവേശം, സ്ഫോടനം, ശിഖരങ്ങള്‍, തകിലുകൊട്ടാമ്പുറം....അങ്ങനെയങ്ങനെ എത്രയെത്ര എണ്ണം.

saradha

ഇനി അക്കാലത്തെ പ്രമുഖ നടി ശാരദയുടെ കാര്യം പരിശോധിക്കാം.ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കടന്നുവരികയും ഇവിടെ സ്വന്തമായി സിംഹാസനം ഉറപ്പിക്കുകയും ചെയ്ത നടിയാണ് ശാരദ. തെലുങ്ക് നടന്‍ ഛലവുമായുള്ള വിവാഹശേഷമാണ് മലയാളത്തിലെ എണ്ണമറ്റ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ അവര്‍ മലയാളത്തിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ഉര്‍വശിപ്പട്ടം എത്തിക്കുകയും ചെയ്തു. തുലാഭാരം എന്ന ചിത്രത്തിലൂടെയായിരുന്നു അവര്‍ ഇൌ നേട്ടത്തിന് അര്‍ഹയായത്. പിന്നീട് സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിനും ഇവര്‍ ഉര്‍വശി അവാര്‍ഡ് നേടി. കാക്കത്തമ്പുരാട്ടി, ഭദ്രദീപം, നദി, മുറപ്പെണ്ണ്, ത്രിവേണി, പഞ്ചവന്‍കാട്, അര്‍ച്ചന, കാര്‍ത്തിക, അകലങ്ങളില്‍ അഭയം, അസ്തമയം, ഇതാ ഇവിടെ വരെ തുടങ്ങി എത്രയോ ചിത്രങ്ങളില്‍ അവരുടെ അഭിനയപാടവം മലയാളികള്‍ കണ്ടു.

മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരില്‍ പ്രമുഖയായിരുന്നല്ലോ ജയഭാരതി. സഹനടിയായി സിനിമയില്‍ പ്രവേശിച്ച് വളരെ പെട്ടെന്ന് നായികാപദവിവരെ എത്തിയ ഇൌ നടിയുടെയും മികച്ച ചലച്ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തിലെ പേരെടുത്ത ഒരു നിര്‍മാതാവുമായുള്ള വിവാഹശേഷമായിരുന്നു.

സിഐഡി നസീര്‍, ധര്‍മക്ഷേത്രേ കുരുക്ഷേതേ, പുനര്‍ജന്മം,ചന്ദ്രകാന്തം, മാധവിക്കുട്ടി, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, തച്ചോളി മരുമകന്‍ ചന്തു, രതിനിര്‍വേദം, ഇതാ ഇവിടെ വരെ,കായലും കയറും, ലേഡീസ് ഹോസ്റ്റല്‍, അയലത്തെ സുന്ദരി, ലൌ മാര്യേജ്, ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും,അലാവുദീനും അത്ഭുതവിളക്കും, അഴകുള്ള സെലീന തുടങ്ങി ജയഭാരതിയുടെ അഴകും അഭിനയകുശലതയും വെളിപ്പെടുത്തിയ അതിമനോഹരമായ ചിത്രങ്ങള്‍ മറക്കാനാകുമോ മലയാളിക്ക്. ഇതെല്ലാം മേല്‍പ്പറഞ്ഞ വിവാഹത്തിനു ശേഷമുള്ള ചിത്രങ്ങളായിരുന്നു. ഇൌ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു സത്താറുമായുള്ള ജയഭാരതിയുടെ വിവാഹം.

sridivya

ശ്രീവിദ്യയുടെ കഥയും വ്യത്യസ്തമല്ല. ചട്ടമ്പിക്കവല എന്ന ചിത്രത്തില്‍ സത്യന്റെ നായികായി ചെറുപ്രായത്തില്‍ സിനിമാരംഗത്തെത്തിയ നടിയായിരുന്നു ശ്രീവിദ്യ. തീക്കനലിന്റെ നിര്‍മാതാവ് എന്ന പേരുള്ള ജോര്‍ജ് തോമസുമായുള്ള വിവാഹശേഷം ശ്രീവിദ്യ അഭിനയിച്ച ചിത്രങ്ങളാണ് ഒരു രാഗം പല താളം,വേനലില്‍ ഒരു മഴ, ഗൃഹലക്ഷ്മി, ഇതിഹാസം, പുഴ, സ്വന്തമെന്ന പദം, ജീവിതം ഒരു ഗാനം, ധീര, ആദാമിന്റെ വാരിയെല്ല്, അശ്വരഥം, മോര്‍ച്ചറി, നാണയം, ഇന്നലെ, അയനം, കാറ്റത്തെ കിളിക്കൂട് , ഒരു പൈങ്കിളിക്കഥ, ആരാന്റെ മുല്ല കൊച്ചു മുല്ല, തീക്കടല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മുത്തുച്ചിപ്പികള്‍,തുടങ്ങിയവ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഇൌ നടിമാര്‍ മലയാളിപ്രേക്ഷകരെ അത്ഭുതപ്പെടുത്തിkക്കൊണ്ടേയിരുന്നു. അവരെ നായികമാരായി സ്വീകരിക്കാനും അംഗീകരിക്കാനും മലയാളികള്‍ മടിച്ചിട്ടുമില്ല.

യാഥാര്‍ഥ്യം ഇതായിരിക്കെ മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ അവരുടെ ആദ്യചിത്രം വിജയിച്ചതോ ഇനിയുള്ള ചിത്രങ്ങള്‍ വിജയിക്കാന്‍ പോകുന്നതോ അവരുടെ വിവാഹജീവിതവുമായി ബന്ധപ്പെടുത്തുന്നത് തികച്ചും അനാവശ്യമല്ലേ? അതേ എന്ന ഉത്തരമാണ് മലയാളി പ്രേക്ഷകരുടെ നാളിതുവരെയുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.