‘വാലാട്ടി’ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു
Mail This Article
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നവാഗതനായ ദേവൻ സംവിധാനം ചെയ്ത ‘വാലാട്ടി’ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. മലയാളത്തിലെ പ്രമുഖ താരനിരയാണ് പട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് .
റോയിയുടെ വീട്ടിൽ വളരുന്ന ടോമി എന്ന ഗോൾഡൻ റിട്രീവറും ഒരു ബ്രാഹ്മണ കുടുംബത്തിലെ അമലു എന്ന കോക്കർ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്. തുടർന്നുള്ള രംഗങ്ങൾ ഒരു കോമഡി അഡ്വെഞ്ചർ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ടോമി മൂലം അമലു ഗർഭം ധരിച്ചു എന്ന ‘ഞെട്ടിക്കുന്ന വാർത്ത’ പ്രശ്നങ്ങളെ വീണ്ടും സങ്കീർണമാക്കി. ഒടുവിൽ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാൻ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്.
പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയും വാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട്.
ഛായാഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിങ് അയൂബ് ഖാൻ, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ –വിനയ് ബാബു, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പിആർഒ വാഴൂർ ജോസ്.