ADVERTISEMENT

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡ് ഉൾപ്പടെ നിരവധി വമ്പൻ സിനിമകളാണ് നവംബർ രണ്ടാം വാരം ഒടിടിയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയത്. വിജയ്‍യുടെ ‘ലിയോ’, ചാക്കോച്ചന്റെ ‘ചാവേർ’, ബാലയ്യയുടെ ‘ഭഗവന്ത് കേസരി’, ബിലഹരിയുടെ ‘കുടുക്ക്’, വാക്സിൻ വാർ, ഫുക്രി 3 എന്നീ സിനിമകളാണ് നവംബര്‍ 24ന് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. ആര്യ നായകനാകുന്ന ദ് വില്ലേജ് എന്ന വെബ് സീരിസ് പ്രൈമിലൂടെ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിന്റെ റെക്കോർഡ് ബ്രേക്കിങ് സീരിസ് സ്ക്വിഡ് ഗെയിം ദ് ചാലഞ്ച് സ്ട്രീമിങ് ആരംഭിച്ചു. ക്രിസ്റ്റഫർ നോളന്റെ ബ്ലോക്ബസ്റ്റർ ഓപ്പൺഹൈമർ പ്രൈമിലൂടെ വാടകയ്ക്കു ലഭ്യമാണ്.

അർജുൻ അശോകൻ നായകനായെത്തുന്ന തീപ്പൊരി ബെന്നി, ജോജു ജോർജിന്റെ ‘പുലിമട’ എന്നീ സിനിമകളും സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.  ഫ്രൈഡേ ഫിലിം ഹൗസിന്റെ കോമഡി എന്റർടെയ്നർ ‘വാലാട്ടി’യാണ് ഈ മാസം ഒടിടി റിലീസിനെത്തിയ ആദ്യ മലയാള ചിത്രം. നവംബർ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോയുടെ ‘അടി’, ബിലഹരിയുടെ ‘കുടുക്ക്’ തുടങ്ങി നിരവധി ചിത്രങ്ങളാണ് നവംബറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. തൃഷ നായികയാകുന്ന ദ് റോഡ്, ഡേവിഡ് ഫിഞ്ചറിന്റെ ദ് കില്ലർ, അഭിഷേക് ബച്ചന്റെ ഗൂമെർ, പിപ്പ എന്നിവയാണ് നവംബർ പത്തിനെത്തിയ ചില പ്രധാന സിനിമകൾ. 

ലിയോ: നവംബർ 24: നെറ്റ്ഫ്ലിക്സ്

വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം ആസ്വദിക്കാനാകും. മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയ്‌യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തിൽ തൃഷയായിരുന്നു നായിക. സിനിമ സകല ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.കേരളത്തിൽ ഏറ്റവും വേഗത്തിൽ അൻപതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോർഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോർഡുകൾ തൂത്തെറിഞ്ഞു. 

ചാവേർ:നവംബർ 24: സോണി ലിവ്

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.

കുടുക്ക്: നവംബർ 24: സൈന പ്ലേ

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം. സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് ബിലാഹരിയാണ്. 2022 ഓ​ഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ ചിത്രമാണ് കുടുക്ക്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്. ടെക്നോളജി വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഭഗവന്ത് കേസരി: നവംബർ 24: ആമസോൺ പ്രൈം

നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രമാണ് ഭഗവന്ത് കേസരി. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കൊപ്പം ഭഗവന്ത് കേസരിയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വാക്സിൻ വാർ: നവംബർ 24: ഹോട്ട്സ്റ്റാർ

ദ് കശ്‌മീർ ഫയൽസിനു ശേഷം വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ. ഐ ആം ബുദ്ധ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിർമാതാവായ പല്ലവി ജോഷി ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

പുലിമട: നവംബർ 23: നെറ്റ്ഫ്ലിക്സ്

ജോജു ജോർജിന്റെ ഫാമിലി ത്രില്ലർ ചിത്രം. സംവിധായകൻ എ.കെ. സാജൻ–ജോജു ജോർജ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയിൽ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്‌ലൈനോടു കൂടി എത്തുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.   

തീപ്പൊരി ബെന്നി: നവംബർ 16: ആമസോൺ പ്രൈം

അർജുൻ അശോകൻ ടൈറ്റിൽ വേഷത്തിലെത്തുന്ന സിനിമ. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും‘ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ.

ചിറ്റ: നവംബർ 28: ഹോട്ട്സ്റ്റാർ

തമിഴ് നടൻ സിദ്ധാർഥ് നായകനാകുന്ന 'ചിറ്റ' ഒരു ഇമേഷനൽ ത്രില്ലറാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് സംവിധായകൻ. നിമിഷ സജയൻ നായികയാകുന്നു.

കണ്ണൂർ സ്ക്വാഡ്: നവംബർ 17: ഹോട്ട്സ്റ്റാർ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രം. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. റോബി വർഗീസിന്റെ സഹോദരന്‍ റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു. തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. 

ഗോസ്റ്റ്: നവംബർ 17: ഹോട്ട്സ്റ്റാർ

കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘ഗോസ്റ്റ്’ നവംബർ 17 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ഗോസ്റ്റ്’ ഒരുങ്ങിയത്. തിയറ്ററുകളിൽ സമ്മിശ്രപ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

ജയറാമിന്റെ ആദ്യ കന്നഡ ചിത്രം കൂടിയായിരുന്നു ഇത്. എം.ജി. ശ്രീനിവാസ് ആണ് സംവിധാനം. ‘ജയിലറി’ല്‍ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടിയ നരസിംഹ എന്ന കഥാപാത്രത്തെ വൈറലാക്കിയ ശിവരാജ് കുമാറിന്റെ അടുത്ത റിലീസ് എന്ന പ്രത്യേകതയും ഗോസ്റ്റിനുണ്ട്.

ദ് റോഡ്: നവംബർ 10: ആഹാ

തൃഷയെ പ്രധാന കഥാപാത്രമാക്കി അരുൺ വസീഗരൻ സംവിധാനം ചെയ്ത ചിത്രം. നടി മിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. സാം സി.എസ്. ആണ് സംഗീതം.

പിപ്പ: നവംബർ 10: ആമസോൺ പ്രൈം

എയർ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങൾക്കു ശേഷം മലയാളിയായ രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം. ഇഷാൻ ഖട്ടർ, മൃണാൾ ഠാക്കൂർ, പ്രിയാൻഷു, സോണി റസ്ദാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധമാണ് പ്രമേയം. ക്യാപ്റ്റൻ ബൽറാം സിങ് മേഹ്തയുടെ ജീവിതത്തെ ആധാരമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എ.ആർ. റഹ്മാൻ ആണ് സംഗീതം.

ഗൂമെർ: നവംബർ 10: സീ 5

അഭിഷേക് ബച്ചൻ, സയ്യാമി ഖേർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ. ബൽകി സംവിധാനം ചെയ്യുന്ന ചിത്രം. വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരത്തിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ അതിഥിവേഷത്തിലെത്തുന്നു.‌

ദ് കില്ലെർ: നവംബർ 10: നെറ്റ്ഫ്ലിക്സ്

സിനിമാപ്രേമികളുടെ ഇഷ്ട സംവിധായകനായ ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്യുന്ന അമേരിക്കൻ ആക്‌ഷൻ ത്രില്ലർ. അലക്സിസ് മാറ്റ്സ് നോലന്റ് എഴുതിയ ഫ്രഞ്ച് ഗ്രാഫിക് നോവൽ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ചിത്രം. ഒരു ടാസ്‌ക് പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും തുടർന്ന് രാജ്യാന്തര മനുഷ്യവേട്ടയുടെ ലക്ഷ്യമായി മാറുകയും ചെയ്യുന്ന ഒരു കൊലയാളിയെ കേന്ദ്രീകരിച്ചാണ് ഇതിവൃത്തം. മൈക്കൽ ഫാസ്ബെൻഡർ ആണ് നായകൻ. ചാൾസ് പാർനെൽ, ഡേവിഡ് ഫിഞ്ചർ, സോഫി ഷാർലറ്റ്, ആർലിസ് ഹോവാർഡ്, ടിൽഡ സ്വിന്റൺ എന്നിവരാണ് മറ്റ് താരങ്ങൾ. 

ലേബെൽ: നവംബർ 10: ഹോട്ട്സ്റ്റാർ (വെബ് സീരിസ്)

നടൻ ജയ് പ്രധാന കഥാപാത്രമാകുന്ന വെബ് സീരിസ്. അരുൺ രാജ കമരാജ് ആണ് സംവിധാനം. താന്യ ഹോപ്, മഹേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

007: റോഡ് ടു എ മില്യൻ

ജയിംസ് ബോണ്ട് സിനിമകളിൽ നിന്നും പ്രചോദനം കൊണ്ട് ചെയ്യുന്ന സാഹസിക റിയാലിറ്റി ഗെയിം ഷോ സീരിസ് ആണിത്. ഒൻപത് േപരടങ്ങുന്ന ടീം ആണ് ഇതിൽ മത്സരാർഥികൾ. വിജയികൾക്കു ലഭിക്കുന്നത് വൺ മില്യൻ പൗണ്ടും. ബ്രയാൻ കോക്സ് ആണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്.

English Summary:

OTT releases this week: 10 new movies and shows to watch on Netflix, Prime Video and Disney+ Hotstar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT