ADVERTISEMENT

1971ൽ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന ഇന്നത്തെ സ്വതന്ത്ര ബംഗ്ലദേശിനെ പാക്കിസ്ഥാന്റെ അധിനിവേശത്തിൽനിന്നു മോചിപ്പിക്കാൻ ഇന്ത്യ നടത്തിയ ഇടപെടലും അതിൽ ബൽറാം സിങ് മെഹ്തയുടെ പങ്കുമാണ് രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘പിപ്പ’ പറയുന്നത്. ബൽറാം സിങ് മെഹ്തയുടെ ‘ദ് ബേണിങ് ചാഫീസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പിപ്പ ചിത്രീകരിച്ചിരിക്കുന്നത്.

ഇഷാൻ ഖട്ടർ അവതരിപ്പിച്ച ബില്ലി എന്ന ബൽറാം സിങ് മെഹ്ത ഒരു പട്ടാളക്കാരന്റേതായ യാതൊരു അച്ചടക്കവും ഇല്ലാത്ത, യൗവനത്തിന്റെ തീക്ഷ്ണതയില്‍ നിൽക്കുന്ന കഥാപാത്രമാണ്. എന്നാൽ സഹോദരൻ റാം (പ്രിയാൻഷൂ പൈന്യുലി) ആകട്ടെ തന്റെ അച്ഛന്റെ പാത പിന്തുടർന്ന് രാജ്യത്തിനുവേണ്ടി പോരാടാൻ മനസ്സുറപ്പിച്ച പട്ടാളക്കാരനും. ഇവരുടെ സഹോദരിയായ രാധ (മൃണാൾ താക്കൂർ) എന്ന കഥാപാത്രവും രഹസ്യ കോഡുകളുടെ ചുരുളഴിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം ചേര്‍ന്ന് യുദ്ധത്തിൽ പങ്കുകൊള്ളുന്നു. കുടുംബത്തിനുള്ളിലെ സംഘർഷങ്ങളും യുദ്ധഭൂമിയിലെ സംഘർഷങ്ങളും സിനിമയിൽ തുലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും, ചില ഇടങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള കഥ പറച്ചിൽ സിനിമ ആവശ്യപ്പെടുന്നുണ്ട്. 

ജലത്തിനു മീതെ സഞ്ചരിക്കുന്ന പിടി -76 എന്ന ഇന്ത്യയുടെ ആംഫീബിയൻ ടാങ്ക് ആണ് ‘പിപ്പ’ എന്ന പേരിൽ സിനിമയിൽ ഉള്ളത്. നെയ്യുടെ ഡപ്പ എന്നതാണ് പിപ്പ കൊണ്ട് അർഥമാക്കുന്നത്. എന്നാൽ സിനിമയിൽ പിപ്പയുടെ പ്രാധാന്യം വേണ്ടവിധം കാണാൻ കഴിയുന്നില്ല. ഇടയ്ക്കിടെ വന്നു പോകുന്ന, ബില്ലിയുടേതായ പരാമർശങ്ങൾ മാത്രമാണ് ‘പിപ്പ’യെ പറ്റിയുള്ളത്. അതിനോടുള്ള അയാളുടെ വൈകാരിക അടുപ്പം മനസ്സിലാക്കുന്നതില്‍ പ്രേക്ഷകർക്കു പരിമിതികള്‍ അനുഭവപ്പെടും. 

സിനിമയിലുടനീളമുള്ള കഥാപാത്രങ്ങള്‍ പോലും, തിരക്കഥയിലെ പോരായ്മ മൂലം അപൂര്‍ണമായി അനുഭവപ്പെടുന്നു. ഈ അപൂർണത സിനിമയുടെ ആകെ ഭാഷയെ ബാധിക്കുന്നുമുണ്ട്. എന്നാൽ സിനിമയില്‍ മികവോടെ നിൽക്കുന്നത് ഛായാഗ്രഹണവും കലാ സംവിധാനവുമാണ്. പ്രിയ സേത് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലോങ് ഷോട്ടുകളുടെ സാധ്യത യുദ്ധരംഗങ്ങളിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്.

സിനിമയുടെ ഏറിയ പങ്കും യുദ്ധഭൂമിയിലെ രംഗങ്ങൾ കൊണ്ട് സമ്പൂർണമാണ്. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ ചരിത്രം അറിയില്ലെങ്കിൽ സിനിമയിൽനിന്ന് അവ്യക്തമായ ഒരു കാഴ്ചയാവും പ്രേക്ഷകന് ലഭിക്കുക. യുദ്ധഭൂമിയെ അതിന്‍റേതായ തീക്ഷ്ണതയോടെ തന്നെ സിനിമയിൽ കാണാൻ കഴിയും. എന്നാല്‍ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചയാള്‍ അതിനു യോജിച്ചതായിരുന്നില്ല. 

ഇഷാൻ ഖട്ടർ ഉൾപ്പെടെ, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ മികവുറ്റ പ്രകടനമാണ് തിരക്കഥയുടെ പോരായ്മയെ മറികടക്കുന്നത്. യുദ്ധ സിനിമകളുടെ വാർപ്പുമാതൃകകളിൽനിന്ന് ഒരു പരിധിവരെ പിപ്പ മാറി നടക്കുന്നുണ്ട്. യുദ്ധവും ദേശീയതയും പശ്ചാത്തലമായി വരുന്ന സമീപകാല സിനിമകളിലേതു പോലെ അമിത രാജ്യസ്നേഹമോ മഹത്വവൽക്കരണമോ പിപ്പയിലില്ല എന്നത് എടുത്ത് പറയേണ്ടതാണ്. എ.ആർ. റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

English Summary:

Pippa Review: Ishaan, Mrunal, Priyanshu shine in this war drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT