ADVERTISEMENT

ഡിസംബർ ആദ്യവാരം മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി നിരവധി സിനിമകളാണ് ഒടിടി റിലീസിനെത്തിയത്. നവംബർ 24ന് തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം അദൃശ്യ ജാലകങ്ങൾ ഡിസംബർ എട്ടിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു . ലിറ്റിൽ മിസ് റാവുത്തർ, സോമന്റെ കൃതാവ്, മന്ത് ഓഫ് മധു, ജിഗർതാണ്ട ഡബിൾ എക്സ്, ജപ്പാൻ, പെൻഡുലം, അച്ഛനൊരു വാഴവച്ചു, ദ് ആർച്ചീസ് എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയ മറ്റ് സിനിമകൾ. 

ലിറ്റിൽ മിസ് റാവുത്തർ: ഡിസംബർ ഒൻപത്: പ്രൈം വിഡിയോ
 

‘96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നായികയാകുന്ന ചിത്രം. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

സോമന്റെ കൃതാവ്: ഡിസംബർ ഒൻപത്: പ്രൈം വിഡിയോ

വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്ത ചിത്രം. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മന്ത് ഓഫ് മധു: ഡിസംബർ ഒൻപത്: പ്രൈം വിഡിയോ

സ്വാതി റെഡ്ഡി, നവീൻ ചന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് നഗോതി ഒരുക്കിയ റൊമാന്റിക് ചിത്രം. 

അച്ഛനൊരു വാഴ വച്ചു: ഡിസംബർ എട്ട്: മനോരമ മാക്സ്

നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം. ഓണം റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സാന്ദീപ് ആണ്. എവിഎ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. എ.വി. അനൂപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടൈൻമെന്‍റാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. മുകേഷ്, ജോണി ആന്‍റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 

പെൻഡുലം: ഡിസംബർ എട്ട്: സൈന പ്ലേ

മലയാള സിനിമയിൽ വളരെ അപൂർവമായി മാത്രം കട‌ന്നുവന്നിട്ടുള്ള ലൂസിഡ് ഡ്രീം എന്ന തീമിൽ പിറന്നൊരു സിനിമ. ക്രൈം ത്രില്ലറെന്ന സ്ഥിരം പാറ്റേണിൽനിന്ന് മാറി സ്വപ്നവും ഫാന്റസിയും ടൈം ലൂപ്പുമെല്ലാം ഇഴചേർന്ന് മിഴിവേകുന്നൊരു കൊച്ചുസിനിയാണ് പെൻഡുലം. നവാഗതനായ രജിൻ എസ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ.

അദൃശ്യ ജാലകങ്ങൾ: ഡിസംബർ എട്ട്: നെറ്റ്ഫ്ലിക്സ്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്ലിനാണ്. നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയിരുന്നു. ഈ കഴിഞ്ഞ നവംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസായത്. നിമിഷ സജയൻ ആണ് നായികയായെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ജിഗർതാണ്ട ഡബിൾ എക്സ്: ഡിസംബർ എട്ട്: നെറ്റ്ഫ്ലിക്സ്

കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതാണ്ട ഡബിൾ എക്സ്. എസ്‍.ജെ. സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. തിരുവാണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് നാരായണൻ. തമിഴിൽ മികച്ച വിജയം നേടിയ സിനിമയിൽ ലോറൻസിന്റെയും എസ്.ജെ. സൂര്യയുടെയും അഭിനയ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

ജപ്പാൻ: ഡിസംബർ പതിനൊന്ന്: നെറ്റ്ഫ്ലിക്സ്

കാർത്തിയെ നായകനാക്കി രാജു മുരുകൻ രചനയും സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ. തിയറ്ററുകളിൽ ചിത്രം പരാജയമായിരുന്നു. മലയാളിയായ അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ.

ദ് ആർച്ചീസ്: ഡിസംബർ ഏഴ്: നെറ്റ്ഫ്ലിക്സ്

ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാ് ദ് ആർച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.

ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ ഏഴിന് ചിത്രം സ്ട്രീം ചെയ്യും.

ദ് കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍: ഡിസംബർ ആറ്: ആപ്പിൾ ടിവി/പ്രൈം (റെന്റ്)

ദ് വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്ന ചിത്രത്തിനുശേഷം ലിയനാര്‍ഡോ ഡികാപ്രിയോയും വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കൊഴ്സെസിയും ഒന്നിക്കുന്ന പുതിയ ചിത്രം. ലിയനാര്‍ഡോ ഡികാപ്രിയോയെ കൂടാതെ റോബര്‍ട്ട് ഡെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍, ബ്രെൻഡൻ ഫ്രേസർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

English Summary:

New OTT releases this week: 8 new movies and shows to watch on Netflix, Amazon Prime Video, Disney+ Hotstar, theatres and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com