ADVERTISEMENT

വെബ്‌സീരിസ് മലയാളികള്‍ക്കു പുതുമയല്ല. പ്രത്യേകിച്ചും പുതുതല സിനിമാ പ്രേമികള്‍ക്ക്. ആമസോണിലും നെറ്റ്ഫ്‌ളിക്‌സിലും ട്രെന്‍ഡിങ് ആയ സീരിസുകളില്‍ പലതും ഇതിനോടകം അവര്‍ പലകുറി കണ്ടുകഴിഞ്ഞു. വേള്‍ഡ്പ്രീമിയര്‍ ചെയ്യുന്ന സീരിസുകളില്‍ പലതും വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതുകൊണ്ടും ഇംഗ്ലിഷ് സബ് ടൈറ്റിലുകളുളളതു കൊണ്ടും ലോകമെങ്ങുമുളള പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാകും.

കോവിഡ് കാലത്ത് കൊറിയന്‍ സിനിമകള്‍ക്കൊപ്പം കൊറിയന്‍ വെബ്‌സീരിസുകളും കാണാത്ത യുവാക്കള്‍ കുറവാണ്. ബ്രഹ്‌മാണ്ഡ കാന്‍വാസുകളോ ശതകോടികളുടെ ബജറ്റ് ജാഡകളോ ഇല്ലാതെ മൗലികമായ ഉളളടക്കവും ആഖ്യാനത്തികവും കൊണ്ട് മലയാളികളെ പോലും വിസ്മയിപ്പിച്ചവരാണ് കൊറിയന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍. ഇറാനിയന്‍-സ്പാനിഷ്-ചൈനീസ് സിനിമകളിലും വന്ന മാറ്റങ്ങള്‍ അതാത് ഭാഷകളിലെ വെബ് സീരിസുകളിലും പ്രതിഫലിച്ചു. ഇന്ത്യയില്‍ ഈ മാറ്റം സജീവമായത് സമീപകാലത്താണ്.

എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന സാമാന്യ ജനതയ്ക്ക് ഇപ്പോഴും ഇതൊക്കെ അപ്രാപ്യമാണ്. അതിന്റെ പ്രാഥമിക കാരണം ഇത്തരം സാധ്യതകളെക്കുറിച്ചുളള അജ്ഞത തന്നെയാണ്. എന്താണ് വെബ്‌സീരിസെന്നോ ഇത് എവിടെ ലഭ്യമാകുമെന്നോ അറിയാത്ത ധാരാളം പ്രേക്ഷകര്‍ കേരളത്തിലുണ്ട്.

തിയറ്ററുകളില്‍ പോയി സിനിമ കാണുന്നതിനെ അപേക്ഷിച്ച് ഏറെ ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത വരും കാലങ്ങളില്‍ വർധിച്ചേക്കാം. ഇപ്പോഴത്തെ അവസ്ഥയിലും കേരളത്തില്‍ മാത്രം 30 ലക്ഷത്തോളം വരിക്കാരുണ്ടെന്ന് ചില ഒടിടി കമ്പനികള്‍ അവകാശപ്പെടുന്നു.

ഒരു കുടുംബം തിയറ്ററില്‍ പോയി സിനിമ കണ്ടുവരാന്‍ 1000 രൂപയെങ്കിലും ചെലവു വരും. യാത്രച്ചെലവും ഭക്ഷണച്ചെലവും ഉള്‍പ്പെടുത്തിയാല്‍ 2000 കവിയും. ആ സ്ഥാനത്ത് 1000 -1500 രൂപയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഒരു ആനുവല്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം. പല ഭാഷകളിലായി നൂറുകണക്കിനു സിനിമകളും സീരിസുകളും കാണാം. തിയറ്ററുകളുടെ സമയം നോക്കി ഓടിപ്പിടിച്ചു പോകേണ്ടതില്ല. നമ്മുടെ സമയവും സൗകര്യവും അനുസരിച്ച് കണ്ടു തീര്‍ക്കാം. റിപ്പീറ്റ് വാല്യൂ ഉളള സിനിമകളും സീരിസുകളും എത്ര തവണ വേണമെങ്കിലും ആവര്‍ത്തിച്ചു കാണാം.

നെറ്റ്ഫ്‌ളിക്‌സ് പ്രീമിയര്‍ ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ കണ്ട് കയ്യടിച്ച മലയാളികള്‍ പോലും എത്ര കണ്ട് വെബ്‌സീരിസുകളുടെ ആരാധകരായെന്ന് ഉറപ്പില്ല. ഒരു ന്യൂനപക്ഷം മാത്രമാണ് തുടര്‍ച്ചയായി ഇതിനെ പിന്‍തുടരുന്നത്. ഉത്തരേന്ത്യയും കര്‍ണാടകയും അടക്കമുളള ഇതര സംസ്ഥാന പ്രേക്ഷകര്‍ കുറെക്കൂടി സജീവമായി ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ആരാധകരായി മാറിയിട്ടും എന്തോ ഒരു വിമുഖത സാധാരണ മലയാളിയെ വേട്ടയാടി.

തിയറ്ററുകള്‍ നല്‍കുന്ന നൊസ്റ്റാള്‍ജിക് ഫീല്‍ വിട്ടൊഴിയാനുളള മടി എന്ന നിലയില്‍ അതൊരു സ്വാഭാവിക പ്രക്രിയയായി വ്യാഖ്യാനിക്കാമെങ്കിലും വെബ് സീരിസുകളുടെ പ്രാധാന്യവും പ്രസക്തിയും വിപണന സാധ്യതകളും ഏറെയാണ്. ചര്‍വിതചര്‍വണം ചെയ്യപ്പെട്ട സ്ഥിരം കണ്ടന്റുകളുമായി വന്ന് മടുപ്പിക്കുന്ന ഫീച്ചര്‍ ഫിലിമുകള്‍ക്കിടയില്‍ പുതിയ ഉളളടക്കവും അവതരണരീതിയും പരീക്ഷിക്കുന്ന വെബ് സീരിസുകള്‍ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി.

സിനിമകള്‍ക്ക് തിയറ്റര്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാകുമ്പോള്‍ ഒടിടിയുടെ മാത്രം പ്രൊഡക്ടാണ് വെബ് സീരിസുകള്‍. മറ്റെങ്ങും ലഭ്യമല്ലാത്തത് എന്ന നിലയിലുളള എക്‌സ്ക്ലുസിവിറ്റി സീരിസുകള്‍ക്കുണ്ട്. അത് കാണാന്‍ ഒടിടിയെ തന്നെ ആശ്രയിക്കണം. ടെലിവിഷന്‍ സീരിയലുകള്‍ പോലെ ഇവ അനന്തമായി വലിച്ചു നീട്ടപ്പെടുന്നില്ല. സീരിയലുകള്‍ 300 മുതല്‍ അഞ്ഞൂറും ആയിരവും എപ്പിസോഡുകളിലേക്ക് നീളുമ്പോള്‍ വെബ്‌സീരിസുകള്‍ പരമാവധി എട്ട് മുതല്‍ പത്തു വരെ എപ്പിസോഡുകളില്‍ അവസാനിക്കുന്നു.

ലാഭക്കണക്കുകള്‍ പറയുന്ന സീരിസുകള്‍

പുതിയ പ്രമേയങ്ങളിലേക്കുളള യാത്രയ്ക്ക് കാണികള്‍ക്കൊപ്പം ആഖ്യാതാക്കള്‍ക്കും അവസരം ലഭിക്കുന്നുവെന്ന് സാരം. മാത്രമല്ല നിര്‍മാതാക്കളെയും സംവിധായകരെയും താരങ്ങളെയും സംബന്ധിച്ച് സേഫ് ഗെയിമാണ് വെബ് സീരിസ്.

സിനിമാ നിർമാണം നേരിടുന്ന മുഖ്യപ്രതിസന്ധി തിയറ്ററുകളില്‍നിന്നു മുടക്കുമുതലും ലാഭവും ലഭിക്കുമോ അല്ലെങ്കില്‍ ഒടിടിയില്‍നിന്ന് അര്‍ഹിക്കുന്ന തുക മടക്കി കിട്ടുമോ എന്നൊക്കെയുളള ആകുലതകളാണ്. സീരിസുകള്‍ക്ക് ഇത്തരം സൊല്ലകളില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി മുന്‍ധാരണപ്രകാരം രൂപപ്പെടുത്തുന്ന, അവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് നിര്‍മിക്കപ്പെടുന്ന ഉൽപന്നങ്ങള്‍ എന്ന നിലയില്‍ പറഞ്ഞുറപ്പിച്ച തുക നിശ്ചയമായും നിര്‍മാതാവിനു ലഭിക്കും.

പല ഒടിടി കമ്പനികളും ഒരു കോടി മുതല്‍ ഒന്നര-രണ്ട് കോടി രൂപ വരെയാണ് 30 മിനിറ്റും 45 മിനിറ്റും ദൈര്‍ഘ്യം വരുന്ന വെബ് എപ്പിസോഡുകള്‍ക്കായി ചെലവഴിക്കുന്നത്. എട്ട് എപ്പിസോഡുളള ഒരു സീരിസിന് 12 കോടി വരെ ഒടിടിയില്‍നിന്നു ലഭിക്കാം. രണ്ട് സിനിമകളുടെ ദൈര്‍ഘ്യം വരുന്ന ഒരു വെബ് സീരിസിന്, ടിവി ചാനലുകള്‍ സമാനദൈര്‍ഘ്യമുളള സീരിയലുകള്‍ക്ക് എപ്പിസോഡ് ഒന്നിന് ഒരു ലക്ഷവും അതില്‍ താഴെയും കൊടുക്കുന്നിടത്ത് അതിന്റെ നൂറിരട്ടിയിലധികമാണ് വരുമാനം. സീരിയലുകളില്‍ നിന്ന് വിഭിന്നമായി മെയിന്‍ സ്ട്രീം ചലച്ചിത്ര താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ട് സിനിമകളുടെ അതേ നിലവാരത്തിലും പകിട്ടിലും സാങ്കേതിക മേന്മയിലും രൂപപ്പെടുത്തുന്നവയാണ് വിഎസുകള്‍.

ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷന്‍ അനിവാര്യം

റെഡ് അലക്‌സ പോലെ ഉയര്‍ന്ന ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷനുളള, സിനിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തരം ക്യാമറയും ഡിഐ പോലുളള പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകളും വി.എസുകളില്‍ അനിവാര്യമാണ്. സിനിമയുടെ അതേ സാങ്കേതിക പൂര്‍ണത അനിവാര്യമെന്ന് സാരം. ചാപ്പാ കുരിശ് പോലുളള ന്യൂജനറേഷന്‍ സിനിമകള്‍ കല്യാണവിഡിയോകള്‍ നിര്‍മിക്കുന്ന 7 ഡി ക്യാമറയില്‍ ചിത്രീകരിച്ചപ്പോള്‍ ഒടിടിയില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല. റെഡ് ക്യാമറയുടെ ഏറ്റവും ലേറ്റസ്റ്റ് വെര്‍ഷന്‍ ഉപയോഗിച്ചാണ് സീരിസുകള്‍ നിര്‍മിക്കപ്പെടുന്നത്. മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീന്‍ മുതല്‍ ലാപ്ടോപ്പിലും ടാബ്ലറ്റിലും എല്‍ഇഡി ടിവിയിലും ഹോം തിയറ്ററിലുമെല്ലാം ആളുകള്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒടിടി പ്രോഡക്ടുകള്‍ കാണാറുണ്ട്. ഏത് ഡിവൈസില്‍ കണ്ടാലും വിഷ്വല്‍ പെര്‍ഫെക്‌ഷന് അല്‍പം പോലും ഉടവ് തട്ടാന്‍ പാടില്ല എന്ന ജാഗ്രത ഒടിടി മേധാവികള്‍ക്കുണ്ട്.

ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ക്കൊപ്പം സാങ്കേതിക മേന്മയ്ക്കായും ലക്ഷങ്ങളും ചിലപ്പോള്‍ കോടികള്‍ തന്നെയും ചെലവഴിച്ചാണ് ഇവ നിർമിക്കപ്പെടുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ച് നിർമിക്കപ്പെടുന്ന വിഎസുകള്‍ക്ക് ഒരു സിനിമയുടെ അതേ ഗുണമേന്മയും നിലവാരവും ഉണ്ടായിരിക്കണമെന്ന് കര്‍ശനമായി നിഷ്‌കര്‍ഷിക്കപ്പെടുന്നു. ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് ഒടിടി കമ്പനികളെ ബോധ്യപ്പെടുത്താന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് അവര്‍ അനുമതിയും ഫണ്ടും അനുവദിക്കുന്നത്.

താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും നിശ്ചയിക്കുന്നത് മുതലുളള പല ഘട്ടങ്ങളിലും ഒടിടി മേധാവികളുടെ ഇടപെടലുകള്‍ ഉണ്ടാവും. എന്നാല്‍ ഇതൊക്കെ തന്നെ ഫൈനല്‍ പ്രൊഡക്ടിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുളള ശ്രമങ്ങള്‍ മാത്രമാണ്.

മലയാളത്തിലും വെബ് സീരിസ്

ഹിന്ദി അടക്കം ഇതര ഇന്ത്യന്‍ഭാഷകളിലും ഇംഗ്ലിഷിലും നിര്‍മിക്കപ്പെട്ട സീരിസുകള്‍ കണ്ട് ശീലിച്ച കേരളീയര്‍ക്ക് ഒരു മലയാളം ഒറിജിനല്‍ സീരിസ് കാണാന്‍ അവസരം ലഭിച്ചത് ഏറെ വൈകിയാണ്. 2023 ല്‍ ഡിസ്‌നി ഹോട്ട് സ്റ്റാര്‍ പ്രീമിയര്‍ ചെയ്ത കേരളാ ക്രൈം ഫയലും മാസ്റ്റര്‍പീസും ടൈറ്റിലില്‍ ഇംഗ്ലിഷ് ടച്ച് ഉണ്ടെങ്കിലും മലയാളം ഒറിജിനല്‍ സീരിസുകളാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തോടെ സ്ട്രീം ചെയ്ത ഈ സീരിസുകള്‍ വന്‍ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

പേരില്ലൂർ പ്രിമിയർ ലീഗ് എന്ന പേരിൽ പുതിയൊരു വെബ് സീരിസ് ഹോട്ട് സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞു. സണ്ണി വെയ്ൻ, നിഖില വിമൽ, വിജയരാഘവൻ, അശോകന്‍ എന്നിവരാണ് അഭിനേതാക്കൾ. സൈജു കുറുപ്പിനെ നായകനാക്കി സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരിസ് ജയ് മഹേന്ദ്രൻ റിലീസിനൊരുങ്ങുകയാണ്. ഇതിനെല്ലാം മുമ്പ് തന്നെ മനോരമ മാക്സിൽ സംപ്രേക്ഷണം ചെയ്ത മേനക എന്ന വെബ് സീരിസ് ഏറെ ശ്രദ്ധനേടിയിരുന്നു.

menaka

ഹോട്ട്സ്റ്റാറിലെ ആദ്യ സീരിസായ കേരളാ ക്രൈം ഫയല്‍ കുറ്റാന്വേഷണ സിനിമകളുടെ മാതൃകയില്‍ ഒരു കൊലപാതകത്തിന് പിന്നിലെ സത്യം തിരയുന്ന ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സീരിസാണെങ്കില്‍ രണ്ടാമത്തെ പ്രൊജക്ടായ മാസ്റ്റര്‍പീസ് മുഴുനീള ഹാസ്യത്തിനും കുടുംബജീവിതസാഹചര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയ സീരിസാണ്. നിത്യ മേനോനെ പോലെ ഒരു ഹൈലി പെയ്ഡ് തെന്നിന്ത്യന്‍ താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സീരിസില്‍ രൺജി പണിക്കര്‍, അശോകന്‍, ശാന്തികൃഷ്ണ, മാലാ പാര്‍വതി തുടങ്ങിയ വന്‍താരങ്ങള്‍ വേറെയുമുണ്ട്.

കളര്‍ സ്‌കീമിലും ടോട്ടല്‍ വിഷ്വല്‍ മൗണ്ടിങ്ങിലും പുതുവഴികള്‍ പരീക്ഷിക്കുന്ന ഒന്നാണ് മാസ്റ്റര്‍പീസ്. സ്‌ക്രിപ്റ്റിങ്ങിന്റെ പാറ്റേണിലും കാതലായ മാറ്റങ്ങളുണ്ട്. ഫണ്ണിന് മുന്‍തൂക്കം നല്‍കുന്ന ഒരു തട്ടുപൊളിപ്പന്‍ ടൈംപാസ് കോമഡി ഡ്രാമ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും നവകാല ദൃശ്യപരിചരണരീതികളാല്‍ സമ്പന്നമാണ് മാസ്റ്റര്‍പീസ്. 

അജു വര്‍ഗീസ്, ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ കേരളാ ക്രൈം ഫയല്‍സും ദൈര്‍ഘ്യം കൊണ്ടും രൂപഘടന കൊണ്ടും സീരിസാണെങ്കിലും ടെക്‌നിക്കലി ബ്രില്യന്റായ ഒരു ഫീച്ചര്‍ ഫിലിമിന്റെ ഗുണഗണങ്ങള്‍ പ്രകടിപ്പിക്കുന്ന സൃഷ്ടിയാണ്.

നവകാലത്തിന്റെ കലയെന്ന് ഒറ്റ വാക്കില്‍ വെബ് സീരിസുകളെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ യുവതയുടെ ആഘോഷങ്ങള്‍ കൂടിയാണ് ഇവ. പ്രമേയത്തിലും ആഖ്യാനരീതിയിലും കാസ്റ്റിങ്ങിലും ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷനിലും ചെറുപ്പത്തിന്റെ സന്ത്രാസങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണം. നിവിൻ പോളി ഉള്‍പ്പെടെ കോടികളുടെ വിപണി മൂല്യമുളള ചലച്ചിത്ര താരങ്ങളില്‍ പലരും വെബ്‌സീരിസുകളിലേക്ക് പതിയെ ചുവട് വച്ചു കഴിഞ്ഞു. വരും കാലത്തിന്റെ ജിഹ്വ എന്ന നിലയില്‍ ഇത്തരം പദ്ധതികളെ കാണുന്ന ധാരാളം യുവചലച്ചിത്രകാരന്‍മാരുണ്ട്.

സാമ്പത്തികമായി റിസ്‌ക് ഇല്ല എന്നതുകൊണ്ടുതന്നെ പ്രമേയപരമായും അവതരണരീതിയിലും വേറിട്ട പരീക്ഷണങ്ങള്‍ക്ക് വെബ് സീരിസുകള്‍ ഇടം നല്‍കുന്നു.

മാസ്റ്റര്‍പീസ് എന്ന മാജിക്ക്

kerala-crime-files
കേരള ക്രൈം ഫയൽസ് എന്ന സീരിസിൽ അജു വർഗീസ്

മാസ്റ്റര്‍പീസ് എന്ന ഹോട്ട് സ്റ്റാര്‍ സീരിസ് ഹ്യൂമര്‍, ഫാമിലി റിലേഷന്‍ഷിപ്പ്, ഈഗോക്ലാഷ്, ജനറേഷന്‍ ഗ്യാപ്പ് എന്നിങ്ങനെ പതിവ് വിഷയങ്ങളെ എങ്ങനെ പരിചിതമല്ലാത്ത പാറ്റേണില്‍ ആവിഷ്‌കരിക്കാം എന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണ്. പോസ്റ്റര്‍ ഡിസൈനര്‍ എന്ന നിലയില്‍ ഔട്ട്‌സ്റ്റാഡിങ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ശ്രീജിത്തിന് ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമ ചെയ്ത് പരിചയവുമുണ്ട്. എന്നാല്‍ മാസ്റ്റര്‍പീസിലേക്ക് വരുമ്പോള്‍ നാം കാണുന്നത് ശ്രീജിത്തിന്റെ തീര്‍ത്തും വേറിട്ട ഒരു മുഖമാണ്.

വിഷയം എന്തുതന്നെ ആയിക്കോട്ടെ, അവതരണ ശൈലിയിലൂടെ അതിനെ എങ്ങനെ വേറിട്ടതാക്കാം എന്നത് ഈ സീരിസ് നമ്മെ ബോധ്യപ്പെടുത്തുന്നു. മക്കളുടെ ദാമ്പത്യത്തിലെ ചില അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായി മുന്നിട്ടിറങ്ങുകയാണ് മധ്യവയസ്‌കരായ രണ്ടു ദമ്പതികള്‍. അവര്‍ മക്കളുടെ ഫ്‌ളാറ്റിലെത്തുന്നതോടെ കാര്യങ്ങള്‍ കുറെക്കൂടി പ്രശ്‌നസങ്കീര്‍ണ്ണമായിത്തീരുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതു പോലുളള അവസ്ഥ. ഈ വിധത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെ തമാശയുടെ ചായക്കൂട്ടില്‍ ഫ്‌ളാറ്റായി അവതരിപ്പിക്കാവുന്നതേയുളളൂ. മാത്രമല്ല, ഇതിവൃത്തത്തെ പഴഞ്ചല്‍ രീതിയിലുളള ആഖ്യാനശൈലി കൊണ്ട് ക്ലീഷേ ആക്കാം.

എന്നാല്‍ ശ്രീജിത്ത് പാടെ ഒരു അട്ടിമറി നടത്തിയിരിക്കുകയാണ്. ആധുനിക വീക്ഷണമുളള പുതുകാലത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊളളുന്ന ദമ്പതികളെ അവതരിപ്പിച്ചുകൊണ്ട് പാത്രസൃഷ്ടിയിലൂടെയും അവരുടെ കാഴ്ചപ്പാടിലെ കാലാനുസൃതമായ മാറ്റങ്ങളിലൂടെയും സീരിസിന് ഒരു മോഡേണ്‍ ടച്ച് നല്‍കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു. അതുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന മധ്യവയസ്‌കരായ മാതാപിതാക്കളുടെ അല്‍പത്തരങ്ങളും പൊള്ളത്തരങ്ങളും ചിത്രീകരിച്ചുകൊണ്ട് ഹാസ്യത്തിന്റെ പുതുവഴികള്‍ തിരയുകയാണ് ശ്രീജിത്ത്.

അതിലുപരി ഈ സീരിസ് ശ്രദ്ധേയമാവുന്നത് അതിന്റെ മേക്കിങ് സ്‌റ്റൈല്‍ കൊണ്ട് തന്നെയാണ്. ഹാസ്യരസപ്രധാനമായ ഏത് തരം ഫിക്‌ഷനല്‍, വിഷ്വല്‍ അറ്റംപ്റ്റുകളും സാധാരണ ഗതിയില്‍ ടെക്‌നിക്കല്‍ പെര്‍ഫക്‌‍ഷനിലോ വിഷ്വല്‍ പാറ്റേണുകളിലോ കളര്‍സ്‌കീമുകളിലോ കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. പ്രിയദര്‍ശന്റെ കിലുക്കം പോലുളള സിനിമകള്‍ മാത്രമാണ് കുറച്ചെങ്കിലും വേറിട്ട് നിന്നത്. എന്നാല്‍ മാസ്റ്റര്‍പീസ് ഇത്തരം പൊതുധാരണകളെ പൊളിച്ചടുക്കുന്നു.

master-piece
മാസ്റ്റർപീസിൽ നിത്യ മേനന്‍

ഫ്രെയിം കോംപസിഷനിലും കളര്‍ടോണുകളിലും ഫൊട്ടോഗ്രഫിക്ക് മൂഡിലും ആര്‍ട്ട് പ്രോപ്പര്‍ട്ടികളുടെ പ്ലേസ്‌മെന്റിലും ഫ്രെയിമുകള്‍ക്ക് വര്‍ണ്ണപ്പകിട്ട് നല്‍കാനുളള ശ്രമങ്ങളില്‍ തികഞ്ഞ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. ആകത്തുക പരിശോധിക്കുമ്പോള്‍ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് മാസ്റ്റര്‍പീസ്.

സാങ്കേതികതയില്‍ അഭിരമിക്കുന്ന സംവിധായകര്‍ പൊതുവെ കഥ പറയുന്നതിലെ രസം ഹനിക്കുന്നവരാണ് എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ശ്രീജിത്ത് ഇവിടെയും വ്യത്യസ്തനാവുന്നു. സിനിമയുടെ ഇതര ഘടകങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാനല്ലാത്ത ഏത് സാധാരണ പ്രേക്ഷകനെയും പിടിച്ചിരുത്തും വിധം ഒഴുക്കോടെ കഥ പറയുന്ന ശ്രീജിത്ത് കഥ കാണിച്ചു തരാന്‍ കൂടി ശ്രമിക്കുന്നു (ദൃശ്യാത്മകമായ ആഴം നല്‍കുന്നു) എന്നതാണ് ഈ സീരിസിന്റെ ഹൈലൈറ്റ്.

ഏതും കടുംവര്‍ണ്ണങ്ങളില്‍ ചാലിച്ച് കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറയുടെ വികാരങ്ങള്‍ സംവിധായകന്‍ കൃത്യമായി മനസിലാക്കിയിരിക്കുന്നു. കണ്ണിന് കുളിര്‍മ നല്‍കുന്ന ദൃശ്യധാരാളിത്തത്തിന് ഇടയിലുടെ നര്‍മ രസപ്രധാനമായി കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന ഇരട്ട അനുഭുതിയാണ് മാസ്റ്റര്‍പീസില്‍നിന്നു കാണികള്‍ക്ക് ലഭിക്കുന്നത്.

ഹോട്ട് സ്റ്റാര്‍ തൊട്ടുമുന്‍പ് സ്ട്രീം ചെയ്ത കേരള ക്രൈം ഫയലില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വേറിട്ട് നില്‍ക്കുന്ന പരിശ്രമം എന്നതും മാസ്റ്റര്‍പീസിന്റെ സവിശേഷതയായി പറയാം.

യൂട്യൂബിലും സീരിസ് തരംഗം

വെബ്‌സീരിസുകളെക്കുറിച്ച് പറയുമ്പോള്‍ മലയാളത്തില്‍ ഈ ട്രെന്‍ഡിന് തുടക്കമിട്ട യൂട്യൂബ് സീരിസുകളെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ. കരിക്ക് സീരിസ് വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ നിർമിച്ച് ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചപ്പോള്‍ സമാനരീതി പിന്‍തുടര്‍ന്ന ഒതളങ്ങ തുരുത്ത്, കാര്‍ത്തിക് ശങ്കര്‍ സീരിസ് എന്നിവയെല്ലാം നിരവധി ഫോളോവേഴ്‌സിനെ നേടിയെടുത്തു.

എന്നാല്‍ വമ്പന്‍ സിനിമകളോട് കിടപിടിക്കുന്ന ലാര്‍ജ് സ്‌കെയില്‍ സീരിസുകളുമായി ആഗോളഭീമന്‍മാര്‍ രംഗപ്രവേശം ചെയ്തതോടെ ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ അതിലേക്ക് ചേക്കേറി. അപ്പോഴും ഫ്രീ ഓഫ് കോസ്റ്റില്‍ ലഭ്യമാകുന്ന കരിക്കിന്റെ ജനപ്രീതിക്ക് തെല്ലും ഉടവ് സംഭവിച്ചിട്ടില്ല. രണ്ടാഴ്ച മുന്‍പ് സ്ട്രീം ചെയ്ത ഏറ്റവും പുതിയ എപ്പിസോഡ് 77 ലക്ഷം വ്യൂസ് പിന്നിട്ട് കഴിഞ്ഞു. 2.8 കോടി വ്യൂസ് വരെ ലഭിച്ച എപ്പിസോഡുകളുണ്ട്. ഒടിടി സീരിസുകളെ അപേക്ഷിച്ച് മുതല്‍മുടക്ക് തുലോം പരിമിതമാണെങ്കിലും ഗുണമേന്മയില്‍ കരിക്ക് ഒട്ടും പിന്നിലല്ല. സിനിമാറ്റിക്ക് വിഷ്വല്‍ ക്വാളിറ്റിയും പ്രഫഷനല്‍ ടച്ചും നിലനിര്‍ത്തുന്ന കരിക്ക് പ്രൊഡക്ടുകള്‍ക്ക് അതുകൊണ്ട് തന്നെ വമ്പിച്ച സ്വീകാര്യതയുണ്ട്. കാഴ്ചക്കാരുടെ എണ്ണത്തിനൊപ്പം ക്രിട്ടിക്കല്‍ അപ്രസിയേഷനും ലഭിക്കുന്ന ഏക യൂട്യുബ് സീരിസ്.

മലയാളിയുടെ ആസ്വാദനശീലങ്ങള്‍ നിര്‍മിക്കുന്നതില്‍ വെബ് സീരിസുകള്‍ ഇനി വലിയ പങ്കുവഹിച്ചേക്കും. കുത്തിപ്പിടിച്ചിരുന്ന് ഘടാഘടിയന്‍ സിനിമകള്‍ കാണുന്നതിന് പകരം അരമണിക്കൂറിൽ പൂര്‍ത്തിയാകുന്ന ഇത്തരം എപ്പിസോഡുകള്‍ സമയം പോലെ കാണാനാവും ആളുകള്‍ ഇഷ്ടപ്പെടുക. ആകാംക്ഷ നിലനിര്‍ത്തുന്ന എപ്പിസോഡ് എന്‍ഡ് പഞ്ച് പോലുളള കലാപരിപാടികള്‍ പൈങ്കിളി നോവലുകളും ടിവി സീരിയലുകളും അനുവര്‍ത്തിച്ചതിന് സമാനമാണെങ്കിലും എന്നും പ്രേക്ഷക മനഃശാസ്ത്രത്തിന്റെ ഭാഗമാണ്. ആ തലത്തില്‍ വെബ്‌സീരിസുകള്‍ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിഞ്ഞേക്കുമെന്ന് തന്നെയാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ആഷിക്ക് അബുവും ദിലീഷ് പോത്തനും മുതല്‍ സിബി മലയില്‍ വരെ വിവിധ കാലങ്ങളില്‍ നമ്മുടെ ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തിയ ചലച്ചിത്രകാരന്‍മാര്‍ ഒരുക്കുന്ന സീരിസുകള്‍ ഒടിടിയില്‍ സ്ട്രീം ചെയ്യപ്പെടുമെന്നാണ് വിവരം.

ഒരു കാലത്ത് നമ്മള്‍ ഒരുക്കുന്ന എത്ര മഹത്തമായ സൃഷ്ടിയും മലയാളം അറിയുന്നവര്‍ മാത്രം കണ്ടിരുന്ന സ്ഥാനത്ത് ലോകമെങ്ങുമുളള വിവിധ ഭാഷകള്‍ സംസാരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് വെബ്‌സീരിസുകളുടെ അടിസ്ഥാന സവിശേഷത. നമ്മുടെ കഥകള്‍ക്കായി മലയാളികള്‍ക്കൊപ്പം ഇനി ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാലം വന്നേക്കാം. എന്തെന്നാല്‍ മികച്ച ഉളളടക്കം നിർമിക്കുന്നതിലും ആഗോള നിലവാരത്തില്‍ അവതരിപ്പിക്കുന്നതിലും മലയാളികള്‍ക്കുളള കഴിവ് പണ്ടേ പ്രസിദ്ധമാണ്.

English Summary:

Malayalam Web Series 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com