ADVERTISEMENT

സിനിമാപ്രേമികൾ ഒന്നടങ്കം ഇപ്പോൾ ഒരു വെബ് സീരീസിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. പേര് ഇല്ലാത്ത ഊരിന്റെ കഥ പറഞ്ഞെത്തിയ ഡിസ്‌നി ഹോട്ട്സ്റ്റാറിലെ പേരില്ലൂർ പ്രിമിയർ ലീഗ് എന്ന വെബ് സീരീസ് അത്രകണ്ട് മലയാളികളെ ചിരിപ്പിച്ചുകഴിഞ്ഞു. ആദ്യാവസാനം കോമഡിയുള്ള സിനിമ കണ്ടിട്ട് ഒരുപാടുനാളയെന്ന സങ്കടം ഇപ്പോൾ മാറി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

പേരില്ലൂരിനോപ്പം അതിലെ കഥാപാത്രങ്ങളും ചർച്ചയാവുകയാണ്. പേരില്ലൂരിലെ പഞ്ചായത്ത് പ്രസിഡന്റ് മാളവികയുടെ ഉറ്റ സുഹൃത്തായ ഷംല എന്ന കഥാപാത്രമാണ് അതിൽ പ്രധാനി. റേഡിയോ ജോക്കിയായ വിജിതയാണ് പേരില്ലൂരിലെ ഷംല എന്ന ഉമ്മച്ചിക്കുട്ടി ആയെത്തിയത്. 

ശബ്ദം മാത്രം കൊണ്ട് ആരാധകരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ക്യാമറയ്ക്ക് മുന്നിൽ നിന്നുള്ള അഭിനയം എന്നാണ് വിജിത പറയുന്നത്. സിനിമയെ ഏറെ സ്നേഹിക്കുന്ന വിജിത ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒരുപിടി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പേരില്ലൂരിന്റെ വിശേഷങ്ങൾ പങ്കുവച്ച് ആർജെ വിജിത മനോരമ ഓൺലൈനിലെത്തുന്നു.

മിണ്ടിയും പറഞ്ഞും കുറേ ചിത്രങ്ങൾ 

പേരില്ലൂർ പ്രിമിയർ ലീഗ് എന്റെ ആദ്യത്തെ പ്രോജക്ട് അല്ല. ഇതിനു മുൻപ് ചെയ്ത പലതും റിലീസ് ആകാനുണ്ട്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ സഹോദരിയുടെ വേഷം ചെയ്തിരുന്നു. പക്ഷേ ആ കഥാപാത്രം സിനിമയിൽ അധികം വരുന്നില്ല. അതിനു ശേഷം ചെയ്തത് ‘ആപ് കൈസേ ഹോ’ എന്ന ധ്യാൻ ശ്രീനിവാസന്റെ സിനിമയാണ്. അത് റിലീസിന് തയാറെടുക്കുന്നു. വിനയ് ജോസ് ആണ് സംവിധായകൻ. 

rj-vijitha-shamla-32

അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മിണ്ടിയും പറഞ്ഞു’മാണ് അതിനു ശേഷം ചെയ്തത്. അതിൽ ഉണ്ണി മുകുന്ദന്റെ അനുജത്തിയുടെ വേഷമാണ്. ഇതിനൊക്കെ ശേഷമാണ് പേരില്ലൂരിൽ അഭിനയിച്ചത്. അത് ആദ്യം റിലീസ് ആയി. റിലീസ് ആയ അച്ഛനൊരു വാഴവച്ചു എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അതിൽ ആർജെ വൈഗ എന്ന കഥാപാത്രമാണ് ചെയ്തത്. കുറച്ചു പ്രോജക്ടുകൾ വരുന്നുണ്ട്.

സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം 

എനിക്ക് സിനിമയോട് ചെറുപ്പം മുതലേ താൽപര്യം ഉണ്ടായിരുന്നു. ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്. പക്ഷേ അന്ന് അതൊന്നും ശ്രദ്ധിച്ചിട്ടില്ല. മലയൻകുഞ്ഞിൽ അഭിനയിച്ചതിന് ശേഷമാണ് സിനിമയോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ട് എന്ന് മനസ്സിലായത്. സിനിമയെക്കുറിച്ച് കൂടുതൽ അറിയണം, നല്ല റോളുകൾ ചെയ്യണം എന്ന് ആഗ്രഹം തോന്നി. അങ്ങനെയിരിക്കെ ആണ് ഈ അവസരങ്ങൾ വന്നത്. വളരെ ഇഷ്ടത്തോടെയാണ് ചെയ്തത്.

rj-vijita

സിനിമയിലെ ബാലപാഠങ്ങൾ 

റേഡിയോയും സിനിമയും രണ്ടു തരത്തിലുള്ള മീഡിയമാണ്. രണ്ടിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. പക്ഷേ എനിക്ക് സ്റ്റേജ് ഫിയർ ഇല്ലായിരുന്നു. ചെറുപ്പം മുതൽ ഡാൻസ് കളിക്കുകയും യുവജനോത്സവങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകളുടെ മുന്നിൽ നിന്ന് പെർഫോം ചെയ്യാൻ മടിയില്ല. അഭിനയിക്കുമ്പോൾ ക്യാമറയെ മനസ്സിലാക്കി പെരുമാറണം. 

nikila-vijith

നമ്മൾ എങ്ങനെ നിന്നാലായിരിക്കും നന്നാവുക, ക്യാമറയുടെ ഓരോ ആംഗിൾ എന്താണ്, എങ്ങനെ സംസാരിക്കണം, ക്യാമറയെ എങ്ങനെ ഫേവർ ചെയ്യണം ഇതൊക്കെ മനസ്സിലാക്കണം. ഇതൊന്നും ഇപ്പോഴും പഠിച്ചു എന്ന് ഞാൻ പറയില്ല. ഇപ്പോൾ സിനിമയിൽ പ്രീകെജിയിൽ ചേർത്ത് വിട്ട അവസ്ഥയിൽ ആണ് ഞാൻ. സിനിമ എന്ന വലിയൊരു ലോകത്തിന്റെ ഏറ്റവും ചെറിയ ക്ലാസ്സിൽ. കഥാപാത്രമായി മാറാൻ വേണ്ടിയുള്ള ബാലപാഠത്തിലാണ് ഇപ്പൊഴുള്ളത്.

shamla

ഓഡിഷനിലൂടെ എത്തിയത് ആത്മവിശ്വാസം പകർന്നു 

പേരില്ലൂർ എന്നൊരു പ്രോജക്ട് വരുന്നുണ്ടെന്ന് കാസ്റ്റിങ് ഡയറക്ടർ അബു വളയംകുളമാണു പറഞ്ഞത്. എന്നാൽ ഓഡിഷന് പങ്കെടുത്തു നോക്കാം എന്ന് കരുതി. എറണാകുളത്ത് ഓഡിഷൻ നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് കോഴിക്കോട് ഓഡിഷൻ നടത്തിയപ്പോഴാണ് പങ്കെടുത്തത്. ഇപ്പോൾ ആ സീരീസിൽ കാണുന്ന രണ്ടുമൂന്നു കഥാപാത്രങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു നോക്കി. അതിൽ അവർക്ക് നന്നായി തോന്നിയ ഷംല എന്ന കഥാപാത്രമാണ് തന്നത്.

rj-vijitha-shamla2

ഓഡിഷനിലൂടെ അവസരം ലഭിക്കുക എന്ന് പറയുമ്പോൾ നമുക്ക് ആത്മവിശ്വാസം തോന്നും. കാരണം നമ്മുടെ പ്രകടനം കണ്ടിട്ട് തിരഞ്ഞെടുത്തതാണല്ലോ. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

nikhila-vijitha

പേരില്ലൂർ ഒരു സാങ്കൽപിക ഗ്രാമം 

മലയാളത്തനിമ വിളിച്ചറിയിക്കുന്ന പ്രോജക്റ്റ് ആയിരിക്കണം എന്നുള്ളതുകൊണ്ട് നമ്മുടെ ടീം വളരെയേറെ പരിശ്രമിച്ച് കണ്ടെത്തിയ സ്ഥലങ്ങൾ ആണ് പേരില്ലൂർ ആയി മാറ്റിയിരിക്കുന്നത്. അതിന്റെ റിസൽറ്റ് ഓരോ ഫ്രെയിമിലും കാണാൻ പറ്റും. പാലക്കാടൻ ഗ്രാമഭംഗി വിളിച്ചോതുന്ന സ്ഥലങ്ങൾ പലയിടത്തു കണ്ടെത്തി പേരില്ലാത്ത ഒരു ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. പക്ഷേ പാലക്കാടല്ല ഷൂട്ട് ചെയ്തിരിക്കുന്നത്. ആ ഗ്രാമത്തിനും സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. എന്തു പേര് കൊടുക്കണം എന്നുപോലും സ്ഥലവാസികൾക്ക് ആശയക്കുഴപ്പം വന്നതുകൊണ്ടാണ് ആ ഗ്രാമത്തിനു പേരില്ലാത്ത ഊര് എന്നർഥം വരുന്ന പേരില്ലൂർ എന്ന് പേരിട്ടത്.

rj-vijitha-shamla

സൗഹൃദം പകർന്ന പേരില്ലൂർ ലീഗ് 

ഞാൻ ഒരു തുടക്കക്കാരി ആണല്ലോ അതുകൊണ്ട് അഭിനേതാക്കളെ ഒന്നും അടുത്തറിയില്ല. നിഖിലയെ നേരിട്ട് അറിയില്ലായിരുന്നു. ‘വേല’ എന്ന സിനിമയിൽ സണ്ണിയോടൊപ്പം ചെറിയ വേഷം ചെയ്തിട്ടുണ്ട്. സംവിധായകൻ പ്രവീൺ ചന്ദ്രൻ, തിരക്കഥാകൃത്ത്, അസോഷ്യേറ്റ്സ് എന്നിവരെല്ലാം വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. അവിടെ ചെന്നപ്പോൾ തന്നെ എന്റെ ടെൻഷൻ മാറി. സണ്ണി, നിഖില ഇവരുമായി ഒഴിവുള്ള സമയങ്ങളിലൊക്കെ സംസാരിച്ചിരിക്കും, ബാക്കി താരങ്ങളും നല്ല പെരുമാറ്റവും സൗഹൃദവും ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാണ് ഞങ്ങൾ അഭിനയിച്ചത്. 

rj-vijitha-shamla6

കൂടെയുള്ളവർ കൂൾ ആയി പെരുമാറുമ്പോൾ പുതിയ ആളുകൾക്ക് അതൊരു വലിയ ആശ്വാസമാണ്. ഞാൻ ഏറെ കംഫർട്ടബിൾ ആയി വർക്ക് ചെയ്ത ഒരു പ്രോജക്റ്റ് ആണിത്. ഇതിനു മുൻപ് ഇത്രയും കംഫർട്ട് തോന്നിയത് 'മിണ്ടിയും പറഞ്ഞും' എന്ന സിനിമയുടെ സെറ്റിലാണ്. അരുൺ ബോസിന്റെ ആ സിനിമയിൽ അഭിനയിച്ചപ്പോൾ കുറച്ചു സുഹൃത്തുക്കളോടൊപ്പം ഒരു വിനോദയാത്ര പോയപോലെ ആണ് തോന്നിയത്. അതുപോലെ തന്നെയാണ് പേരില്ലൂരിലെയും അനുഭവം.

പ്രതികരണങ്ങൾ കേൾക്കുമ്പോൾ സന്തോഷമുണ്ട് 

പേരില്ലൂർ റിലീസ് ചെയ്തതിനു ശേഷം വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വെബ് സീരീസിനൊപ്പം തന്നെ ഷംലയേയും ഇപ്പോൾ ഒരുപാട് ആളുകൾക്ക് അറിയാം. ഞാൻ റേഡിയോ ജോക്കി ആയതുകൊണ്ട് കുറേ ആളുകൾക്ക് എന്നെ അറിയാം. പേരില്ലൂരിലെ ഒരു ഷംല ആയിട്ട് തന്നെ തോന്നി എന്നാണ് പലരും പറയുന്നത്. നാച്ചുറൽ ആയിരുന്നു അഭിനയം എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. കാരണം നമ്മൾ എന്താണു ചെയ്തു വച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകില്ല. മറ്റൊരാൾ കണ്ട് അഭിപ്രായം പറയുമ്പോഴാണ് ചെയ്തത് കുഴപ്പമില്ലായിരുന്നു എന്ന് മനസ്സിലാകുന്നത്. 

vijitha-3

സഹപ്രവർത്തകരും സുഹൃത്തുക്കളും വീട്ടുകാരുമൊക്കെ കണ്ടിട്ട് നല്ല പിന്തുണയാണ് നൽകുന്നത്. കാലങ്ങളായി ഒരു ബന്ധവും ഇല്ലാതിരുന്നവർ പോലും ‘പേരില്ലൂരു കണ്ടു, നന്നായിട്ടുണ്ട്’ എന്ന് മെസ്സേജ് അയക്കുമ്പോൾ സന്തോഷമുണ്ട്. മെസേജ് അയക്കുന്നവർക്ക് എല്ലാം മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ശബ്ദമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.

vijitha-rj

നാട്ടിലുള്ള മുസ്‌ലിം പെൺകുട്ടികളെ മനസ്സിൽ ധ്യാനിച്ച് ഷംലയായി

ഷംല ഒരു മുസ്‌ലിം കുട്ടിയാണ്. സംവിധായകൻ പ്രവീൺ പറഞ്ഞതുപോലെയാണ് ഞാൻ ചെയ്തിരിക്കുന്നത്. കഥാപാത്രം എന്താണ്, ഇങ്ങനെയാണ് വേണ്ടത് എന്ന് നന്നായി പറഞ്ഞു തന്നു. ചുരിദാറും ഹൗസ്കോട്ടുമാണ് ഷംലയുടെ വേഷം. ചുരിദാർ ഇട്ട് തട്ടം ഇടുമ്പോൾ ഉമ്മച്ചിക്കുട്ടിയുടെ ലുക്ക് വരും. ഷംലയുടെ മുടിയൊക്കെ പഴയ നടികളുടേത് പോലെ കുറച്ച് മുന്നിലേക്ക് ഇട്ടിട്ടുള്ള സ്റ്റൈൽ ആണ്. കമ്മലും വളയും വാച്ചുമൊക്കെ പഴയ ഗൾഫുകാരിയുടെ സ്റ്റൈൽ ആണ്. 

rj-vijita-4

ഷംല ഹൗസ്കോട്ട് ഇടുമ്പോൾ ഞാൻ മനസ്സിൽ ഓർക്കുന്നത് നാട്ടിലുള്ള എന്റെ അയൽവാസികളെയാണ്. ഒന്ന് കണ്ണടച്ചാൽ അവർ വീട്ടിൽ ഹൗസ്കോട്ടും ഷാളും ഒക്കെ ഇട്ടു നിൽക്കുന്നത് മനസ്സിൽ തെളിയും. അവർ വീട്ടിൽ പണി എടുക്കുമ്പോൾ വസ്ത്രം എങ്ങനെയാണ് പിടിക്കുന്നത് എങ്ങനെയാണ് നിൽക്കുന്നത് എന്നൊക്കെ മനസ്സിൽ ഓർത്തെടുത്താണ് ചെയ്തത്. അവരെ ഓർത്തു ചെയ്തത് എന്നെ നന്നായി സഹായിച്ചു. 

vijitha-arun
സംവിധായകൻ അരുൺ ബോസിനൊപ്പം വിജിത

സിനിമ ചെയ്യാൻ ഇഷ്ടം 

സിനിമ ചെയ്തപ്പോൾ സിനിമയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നുണ്ട്. നല്ല റോളുകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇനിയും പാകപ്പെട്ട് വരാനുണ്ട്. പക്ഷേ എനിക്ക് പറ്റും എന്നൊരു ആത്മവിശ്വാസമുണ്ട്. ഇപ്പോൾ എന്റെ പ്രഫഷൻ ആർജെയാണ്, അവതാരകയാണ്, അഭിനേതാവാണ് എന്ന് പറയാൻ കഴിയും. ജോലിയോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകാൻ ആണ് തീരുമാനം. ചില പ്രോജക്ടുകൾ വരുന്നുണ്ട്. നല്ല റോൾ ആണെങ്കിൽ ഏറ്റെടുക്കും.

English Summary:

Chat with actress RJ Vijitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com