ADVERTISEMENT

12 കോടി രൂപ മുടക്കിൽ ഒരുക്കിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ അൻപതാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അൻപതാം ദിവസം പിന്നിടുകയാണ്. കേരളത്തില്‍ സിനിമ റിലീസ് ചെയിത 140 സെന്ററുകളില്‍ നിന്ന് അൻപതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കയാണ് ‘പ്രേമലു’. 

അതേസമയം സിനിമ മാർച്ച് 29ന് ഒടിടി റിലീസിനെത്തുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഹോട്ട്സ്റ്റാർ തന്നെയാണ് ഒടിടി അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഒടിടി റിലീസ് ഏപ്രിൽ അവസാനത്തോടെ മാത്രമേ ഉണ്ടാകൂ.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കലക്‌ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്‌ട് ചെയ്തു.  135 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്. 

നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ : ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

English Summary:

Successful 50 days for Premalu movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com