ADVERTISEMENT

കേരളത്തിലെ വെബ്സീരീസ് രംഗം കാഴ്ചയുടെ പുതിയ വലകൾ നെയ്തു മുന്നേറുകയാണ്. പത്തിലേറെ വെബ്സീരീസുകളാണ് ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. സിനിമയ്ക്കും സീരിയലിനും സമാന്തരമായി വെബ്സീരീസ് വ്യവസായം വളർന്നുതുടങ്ങിയിരിക്കുന്നു. മനോരമ മാക്സാണ് മലയാളത്തിലെ ആദ്യ വെബ്സീരീസ് നിർമിച്ചത്. 2019ൽ മനോരമ മാക്സിൽ റിലീസ് ചെയ്ത ‘മേനക–1’ മലയാളത്തിലെ വെബ്സീരീസ് തരംഗത്തിനു വിത്തുപാകി.

സിനിമയിലൂടെ സബ്സ്ക്രിപ്ഷൻ രീതി വളർത്തിയ ഒടിടി (ഓവർ ദ് ടോപ്) ചാനലുകൾ വെബ്സീരീസിലൂടെ അത് അരക്കിട്ടുറപ്പിച്ചെന്ന് ചലച്ചിത്ര നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. വലിയ തുകയ്ക്കു സിനിമയുടെ ഡിജിറ്റൽ അവകാശം വാങ്ങിയിരുന്ന ചാനലുകൾ അതിലും ചെറിയ തുകയ്ക്ക് സിനിമയെക്കാൾ കൂടുതൽ സമയദൈർഘ്യമുള്ള കണ്ടന്റ് സ്വന്തമാക്കുകയാണ്.
 

മാറുന്ന മലയാളിയുടെ മാറിയ ചലച്ചിത്രസങ്കൽപങ്ങൾക്കു മുന്നിലേക്കു പരീക്ഷണക്കാഴ്ചയുമായാണ് 2023 ജൂണിൽ ‘കേരള ക്രൈം ഫയൽസ്’ എന്ന വെബ്സീരീസ് എത്തിയത്.മികച്ച താരനിരയെ അണിനിരത്തിയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ ആദ്യ മലയാളം വെബ്സീരീസ് മലയാളിയുടെ കാഴ്ചയിൽ എന്തു മാറ്റം വരുത്തുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. 9 മാസങ്ങൾക്കിപ്പുറം കേരള ക്രൈം ഫയൽസ് രണ്ടാം ഭാഗം ചിത്രീകരണഘട്ടത്തിലാണ്.

കട്ടലോക്കൽ, കട്ട ഹിറ്റ്

കേരളത്തിലെ വനങ്ങളിലെ ആനവേട്ടയുടെ കഥ പറഞ്ഞ ആമസോൺ പ്രൈമിലെ ‘പോച്ചർ’ എന്ന വെബ്സീരീസിൽ മുഖ്യകഥാപാത്രങ്ങളായത് മലയാള സിനിമയിലെ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനുമാണ്. ഇന്ത്യയിലെ വെബ്സീരീസ് വിപ്ലവത്തിനു വഴിയൊരുക്കിയ ഡൽഹി ക്രൈംസിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത റിച്ചി മേത്തയാണ് ‘പോച്ചർ’ ഒരുക്കിയത്.

ഒടിടികളിൽ സിനിമയും വെബ്സീരീസും ഹിറ്റാകുന്നതു ബജറ്റിന്റെ വലുപ്പം കൊണ്ടല്ല, പുതുമ കൊണ്ടാണ്. കഥ പഴയതായാലും പറയുന്ന രീതിയിലെ പുതുമ കൊണ്ടു കാണികളെ പിടിച്ചിരുത്തണം. ഏതു ഭാഷയിൽ കഥ പറഞ്ഞാലും ലോകം ശ്രദ്ധിക്കുന്ന കാലം വന്നിരിക്കുന്നു.

റിച്ചിക്ക് കേരളത്തിലെ വനങ്ങളിലെ ആനക്കൊമ്പു വേട്ടയുടെ കഥ ത്രസിപ്പിക്കുന്നതായി. കാനഡയിൽ ജനിച്ച് യുകെയിൽ ജീവിക്കുന്ന സംവിധായകൻ യോഹാൻ എന്ന ഡെൻമാർക്ക് സ്വദേശിയായ ക്യാമറാമാനുമായി കേരളത്തിലെത്തി. കോതമംഗലം മാമലക്കണ്ടത്തും പക്ഷിസങ്കേതമായ തട്ടേക്കാട്ടുമായി ഭൂരിഭാഗവും ഷൂട്ട് ചെയ്ത പോച്ചറിന്റെ ബജറ്റ് 80 കോടി രൂപയാണ്.പ്രശസ്ത നടി ആലിയ ഭട്ടാണ് സീരിസ് നിർമിച്ചത്. മലയാളത്തിലെ 4 വലിയ സിനിമയുടെ നിർമാണച്ചെലവിനോളം ബജറ്റ്. കണ്ടന്റ് കട്ടലോക്കലാണെങ്കിലും കഥപറച്ചിലിൽ പുതുമയുണ്ടെങ്കിൽ ലോകമെങ്ങും പ്രേക്ഷകരുണ്ടാകുമെന്നതിനു തെളിവാണ് പോച്ചർ. മലയാളം വെബ്സീരീസിലേക്ക് ഇനിയും കടന്നിട്ടില്ലെങ്കിലും കൂടത്തായി സംഭവത്തെ ഡോക്യു ക്രൈം സീരീസിലൂടെ ‘കറി ആൻഡ് സയനൈഡ്’ ആയി പ്രേക്ഷകർക്കു മുന്നിൽ വിളമ്പി നെറ്റ്ഫ്ലിക്സും കയ്യടി നേടി.

താരങ്ങൾ ഒഴുകുന്നു

വെബ്സീരീസിൽ അഭിനയിക്കാൻ ആദ്യകാലത്തു വിമുഖത പ്രകടിപ്പിച്ച താരങ്ങൾക്ക് ഇപ്പോൾ മടിയൊന്നുമില്ല. മലയാളത്തിലെ പ്രമുഖ സംവിധായകരിൽ പലരും തിരക്കിട്ട ഷെഡ്യൂളിനിടയിലും വെബ്സീരീസ് ചെയ്യാൻ സമയം കണ്ടെത്തുന്നു. തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങിയ മിഥുൻ മാനുവൽ തോമസ് ഹോട്സ്റ്റാറിനു വേണ്ടി അണലി എന്ന വെബ്‌സീരീസ് ചെയ്യുകയാണ്. ചലച്ചിത്രനടി നിഖില വിമൽ ഇതിൽ അഭിനയിക്കുന്നു. നിവിൻ പോളിയെ നായകനാക്കി ഫാർമ എന്ന സീരീസ് ചിത്രീകരണഘട്ടത്തിലാണ്. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ‘മധുവിധു’വിൽ സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്രകഥാപാത്രം.

സിനിമയും വെബ്സീരീസും ഫലത്തിൽ ഒന്നുതന്നെ. വെബ്സീരീസ് ചെറിയ സ്ക്രീനിൽ കാണുന്നുവെന്നേയുള്ളൂ. സിനിമയെക്കാൾ അൽപം ദൈർഘ്യം കൂടുമെന്നു മാത്രം. 6 കോടി മുടക്കി സിനിമ എടുത്താൽ പ്രമോഷന് 3 കോടി ചെലവാകും. വെബ്സീരീസിന് അത്തരം ടെൻഷനില്ല. സിനിമയെക്കാൾ ഗുണനിലവാരത്തിൽ ചെയ്യേണ്ടതാണു സീരീസ്. ചാനലിന്റെ കൃത്യമായ മേൽനോട്ടം ഇക്കാര്യത്തിലുണ്ടാകും. സീരീസിൽനിന്നു വലിയ ലാഭം പ്രതീക്ഷിക്കരുത്. ചാനൽ നിർദേശിക്കുന്ന ബജറ്റിൽ പൂർത്തിയാക്കുക പ്രധാനമാണ്.

‘1001 ബേബീസ്’ എന്ന മലയാളം വെബ്സീരീസിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം നീന ഗുപ്തയാണ്. ഭാഷകൾ കടന്നും മലയാളം വെബ്സീരീസുകൾ വളരുന്നതിന്റെ സൂചനയാണ് പുതിയ പ്രമേയപരിസരവും അന്യഭാഷാ താരങ്ങളുടെ വരവും.

ഒട്ടേറെ മലയാള ചിത്രങ്ങൾ നിർമിച്ച സെൻട്രൽ പിക്ചേഴ്സിന്റെ ആദ്യ വെബ്സീരീസായിരുന്നു ഹോട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത മാസ്റ്റർപീസ്. വെബ്സീരീസുകൾ കൊലപാതക പരമ്പരകളുടെ ചോര മണത്തു നടന്നപ്പോൾ ചിരിയുടെ ട്രാക്കിലേക്കു മാറ്റിപ്പിടിച്ചാണ് എൻ.ശ്രീജിത് ‘മാസ്റ്റർപീസ്’ ഒരുക്കിയത്. സീക്രട്ട് സ്റ്റോറീസ് – റോസ്‌ലിൻ എന്ന വെബ്സീരീസിന്റെ ചിത്രീകരണത്തിലാണ് സെൻട്രൽ പിക്ചേഴ്സ് ഇപ്പോൾ.

എല്ലാം കിറുകൃത്യം

‘കൃത്യമായ ആസൂത്രണവും നടപ്പാക്കലുമാണ് വെബ്സീരീസുകൾക്കു വേണ്ടത്. സിനിമയുടേതു പോലുള്ള പ്രമോഷനോ തിയറ്റർ വിജയമോ നോക്കണ്ട എന്നതാണ് സമ്മർദം ഒഴിവാക്കുന്ന ഘടകം. വെബ്സീരീസിൽ അഭിനയിക്കാൻ താരങ്ങൾക്കുണ്ടായിരുന്ന വിമുഖത മാറിയെന്നതു നല്ല കാര്യമാണ്. എന്നാൽ, സിനിമയിലെ അതേ ശമ്പളമാണു പലരും ചോദിക്കുന്നത്. അത്രയും താങ്ങാനുള്ള ശേഷി ഇപ്പോൾ മലയാളം സീരീസുകൾക്കില്ല’ – ചിത്രീകരണം പുരോഗമിക്കുന്ന വെബ്സീരീസിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ചൂണ്ടിക്കാട്ടി.

സിനിമയും വെബ്സീരീസും ഒന്നിച്ചു മുന്നേറുന്ന കാലമാണു വരുന്നത്. വെബ്സീരീസുകൾ സിനിമയ്ക്കോ സിനിമ തിരിച്ചോ ഭീഷണിയല്ല. സമയമെടുത്തു കഥ പറയാമെന്ന സ്വാതന്ത്ര്യമാണ് വെബ്സീരീസിന്റെ ആകർഷണം. സിനിമയുടെ ഫോർമാറ്റിൽ ഒതുങ്ങാത്ത എത്രയോ കഥകളുണ്ട്. അതിനെല്ലാം പുതിയ കാലത്തു വെബ്സീരീസിൽ സാധ്യതയുണ്ട്.

സിനിമയിൽ വിജയസാധ്യത കുറയുമ്പോൾ വെബ്സീരീസ് തേടി പോകുന്നുവെന്ന പ്രചാരണങ്ങളെ തള്ളുകയാണ് ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ കൃഷാന്ത്. 

2018ൽ സീ ഫൈവിൽ വെബ്സീരീസ് ചെയ്ത കൃഷാന്തിന്റെ പുതിയ വെബ്സീരീസ് ‘സംഭവവിവരണം നാലര സംഘം’ സോണി ലൈവിനു വേണ്ടിയാണ്. വെബ്സീരീസിൽ ഹോട്സ്റ്റാറിനുള്ള മേധാവിത്വം മികച്ച കണ്ടന്റുകൾ കൊണ്ടു മറികടക്കാനാണു സോണിയുടെ ശ്രമം. മനോരമ മാക്സും പുതിയ സീരീസുകളുടെ ചർച്ചയിലാണ്. സിനിമയും വെബ്സീരീസും തമ്മിൽ ചിത്രീകരണത്തിൽ യാതൊരു വേർതിരിവുമില്ലെന്ന പക്ഷക്കാരനാണ് നിർമാതാവ് എം.രഞ്ജിത്. ഹോട്സ്റ്റാറിനു വേണ്ടി ‘ലൗ അണ്ടർ കൺസ്ട്രക്‌ഷൻ’ എന്ന സീരീസ് നിർമിക്കുന്നതു രഞ്ജിത്താണ്.

ചിത്രീകരണം നടക്കുന്ന വെബ് സീരീസുകൾ

1. അണലി: സംവിധാനം മിഥുൻ മാനുവൽ തോമസ്

2. കേരള ക്രൈം ഫയൽസ് സീസൺ 2: സംവിധാനം അഹമ്മദ് കബീർ

3. മധുവിധു: സംവിധാനം: നിഥിൻ രൺജി പണിക്കർ

4. 1001 ബേബീസ്: സംവിധാനം: നജിം കോയ

5. സീക്രട്ട് സ്റ്റോറീസ്–റോസ്‌ലിൻ: സംവിധാനം: സുമേഷ് നന്ദകുമാർ

6. സംഭവ വിവരണം നാലരസംഘം: സംവിധാനം: കൃഷാന്ത്

7. ലൗ അണ്ടർ കൺസ്ട്രക്‌ഷൻ: സംവിധാനം വിഷ്ണു ജി. രാഘവ്

8.  ഫാർമ: സംവിധാനം: പി.ആർ. അരുൺ

നാളെ: ഉത്സവം തിയറ്ററിൽ തന്നെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com