ADVERTISEMENT

ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ‘മാർക്കോ’ മുതൽ ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ ഉൾപ്പടെയുള്ള വമ്പൻ സിനിമകളാണ് ഫെബ്രുവരി മാസം ഒടിടി റിലീസിനെത്തുന്നത്. മാർക്കോ ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഈ മാസം റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം...

ഗെയിം ചെയ്ഞ്ചർ: ഫെബ്രുവരി 7: ആമസോണ്‍ പ്രൈം

രാം ചരണിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ഗെയിം ചെയ്ഞ്ചർ ഒടിടി റിലീസിന്. ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ബോക്സ്ഓഫിസിൽ വൻ പരാജയമായ ചിത്രം ജനുവരി 10നാണ് തിയറ്ററുകളിലെത്തിയത്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ്. ജെ. സൂര്യ  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

‘മിസിസ്’: ഫെബ്രുവരി 7: സീ ഫൈവ്

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’ ഹിന്ദി റീമേക്ക്. ‘മിസിസ്’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. നിമിഷ സജയൻ അവതരിപ്പിച്ച നായികാ വേഷത്തില്‍ സന്യ മല്‍ഹോത്ര എത്തുന്നു. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിൽ ഈ ചിത്രം സ്ട്രീം ചെയ്യും. 

‘കാര്‍ഗോ’ സിനിമ ഒരുക്കിയ ആരതി കാദവ് ആണ് 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഹര്‍മന്‍ ബവേജയാണ് നിർമാണം. സുരാജ് വെഞ്ഞാറമൂടിന്‍റെ വേഷത്തില്‍ നിഷാന്ത് ദഹിയ എത്തുന്നു. കൻവൽ ജിത് സിങ് ആണ് മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. സംഗീതം സാഗർ ദേശായി, ഫൈസൻ ഹുസൈൻ, ഛായാഗ്രഹണം പ്രതാം മേഹ്ത. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ് റീമേക്കും റിലീസ് ചെയ്തിരുന്നു. ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഠാക്കു മഹാരാജ്: ഫെബ്രുവരി 9: നെറ്റ്ഫ്ലിക്സ്

നന്ദമൂരി ബാലകൃഷ്ണയുടെ ബ്ലോക് ബസ്റ്റര്‍ ചിത്രം ഫെബ്രുവരി ഒന്‍പതിന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടി റിലീസ്. ബോബി കൊല്ലിയാണ് സംവിധാനം. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ.

ഫോറൻസിക്: ജനുവരി 31: സീ ഫൈവ്

'ഫോറൻസിക്' എന്ന സിനിമയ്ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിച്ച ചിത്രം. ജനുവരി 31 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. ജനുവരി 2നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.

പുഷ്പ: ജനുവരി 30: നെറ്റ്ഫ്ലിക്സ്

അല്ലു അർജുന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘പുഷ്പ 2: ദ് റൂൾ’ റീലോഡഡ് പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഈ സൂപ്പർഹിറ്റ് ചിത്രം ഒടിടിയിൽ എത്തിയത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 1800 കോടി രൂപയാണ് ആഗോള തലത്തിൽ വാരിയത്.

സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങൾ ഈ പുതിയ പതിപ്പിലുണ്ടാകും. മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ പതിപ്പിന്റെ ദൈർഘ്യം. 

English Summary:

From Game Changer to Daaku Maharaj to Marco: Watch new Malayalam OTT releases to watch on Netflix, Prime Video, Sony LIV, Zee5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com