Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷിക്കപ്പെടാത്ത നായകന്മാരായ ആംബുലൻസ് ഡ്രൈവര്‍മാർ

unsung

ജീവനുമായി ചീറിപ്പാഞ്ഞു പോകുന്ന ആംബുലന്‍സുകളെ മിക്ക ദിവസവും കാണാറുണ്ട് നമ്മള്‍. വണ്ടിയിലാണെങ്കില്‍ അതിനു പോകാന്‍ പാകത്തില്‍ സൈഡ് കൊടുത്ത്, ആ സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കി പ്രവര്‍ത്തിക്കും. ആംബുലന്‍സിന്റെ വേഗപ്പാച്ചില്‍ ഒരു മിന്നല്‍ വേഗത്തില്‍ കണ്ണിലൂടെ പായുന്ന അതേ വേഗതയില്‍ ആ ചിന്ത അവസാനിക്കും. എന്നാല്‍ നിത്യവും ഈ വിചാരവുമായി കഴിയുന്ന കുറേയാളുകളുണ്ട്, അവര്‍ കണ്ണും കാതും മനസ്സും എന്നും ഒരേ തീവ്രതയോടെ പരുവപ്പെടുത്തിയെടുത്തു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പല ജീവനുകളും രക്ഷപെടുന്നത്. ആ ആംബുലന്‍സുകളിലെ ഡ്രൈവര്‍മാരെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

അങ്ങനെ കണ്ട ഒരു ആംബുലന്‍സിന്റെ വേഗതയാണ് ബാബുരാജിനെ ഈ ഡോക്യുമെന്ററയിലേക്ക് എത്തിച്ചത്. മരണത്തിനരികിലെത്തിയ ആളെ രക്ഷിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും പരിചരിച്ചവരുമൊക്കെ പലപ്പോഴും പ്രശംസ ഏറ്റുവാങ്ങുമ്പോഴും ഇക്കൂട്ടരെ അധികമാരും അറിയാറില്ല. അതുകൊണ്ടാണ് ആഘോഷിക്കപ്പെടാത്ത വീരന്‍മാര്‍ എന്ന അര്‍ഥത്തില്‍ അണ്‍ സങ് ഹീറോസ് എന്ന് ഡോക്യുമെന്ററിക്കു പേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും അതിനു പരിസരത്തുമായുള്ള പത്തോളം ആംബുലന്‍സ് ഡ്രൈവര്‍മാരായിരുന്നു ബാബുരാജ് അസരിയ നവാഗത സംവിധായകന്‌റെ കഥാപാത്രങ്ങള്‍. എന്തായാലും തിരുവനന്തപുരത്തു നിന്ന് ഡോക്യുമെന്ററി അതിലെ പ്രമേയത്തിന്റെ തീവ്രതയിലും അവതരണത്തിലും വ്യത്യസ്തതയിലുമായി ഏഷ്യയില്‍ തന്നെ ശ്രദ്ധ നേടി.

unsungo

ഏഷ്യന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ നാലു വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ഈ ഡോക്യുമെന്ററി നേടിയെടുത്തത്. മികച്ച ചിത്രം, മികച്ച കഥ, മികച്ച സംഭാഷണം, മികച്ച എഡിറ്റിങ് എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരമാണ് ബാബുരാജ് നേടിയത്. കേരളത്തില്‍ നിന്ന് ഈ ഫെസ്റ്റിവലിലേക്ക് യോഗ്യത നേടിയ ഏക ഡോക്യുമെന്‌ററിയും ഇതു തന്നെ. സത്യജിത് റേ ബെസ്റ്റ് ഡോക്യുമെന്ററി അവാര്‍ഡ്ും നേടിയ ചിത്രംം ലോസ് ആഞ്ചലസ്, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള വിദേശ വേദികളില്‍ പ്രദര്‍ശനം നടത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

സിനിമയിലേക്കുള്ള പാതയാണ് ബാബുരാജിന് ഡോക്യുമെന്ററി. ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബാബുരാജിന്റെ സ്വപ്‌നം സിനിമയാണ്. ശ്യാമ പ്രസാദ്, ബീനാ പോള്‍ തുടങ്ങിയ പ്രതിഭാധനരില്‍ നിന്ന മികച്ച അഭിപ്രായം നേടിയിരുന്നു ബാബുരാജിന്റെ ഡോക്യുമെന്ററി. ചിത്രം പുറത്തിറങ്ങിയ ശേഷം കേരളത്തിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഒരു സംഘടന വരെ രൂപീകരിച്ചുവെന്ന് ബാബുരാജ് പറയുന്നു.