Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിക്ക് അയച്ച സന്ദേശം ഫാമിലിഗ്രൂപ്പിൽ; ഹ്രസ്വചിത്രം

edakoodam

കൊച്ചി ∙ അഴുക്കു നിറ‍ഞ്ഞ കൊച്ചിയുടെ ദുരിതവും നിസ്സഹായതയും ചില നാട്ടുകാരുടെ സ്വാർഥതയും രസകരമായി അവതരിപ്പിക്കുന്ന ചെറുസിനിമയാണ് ഏടാകൂടം. മഹേഷ് മാനസ് സംവിധാനം ചെയ്ത ഈ ചിത്രം, മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഒരു മുഖം മാത്രമാണ്. നഗരത്തെ ശ്വാസം മുട്ടിക്കുന്ന മാലിന്യത്തെപ്പറ്റി ജനങ്ങളോടു സംസാരിക്കാൻ ‘ഏടാകൂട’ത്തിന്റെ അണിയറക്കാർ ഒരു ഡോക്യുമെന്ററിയാണ് എടുത്തത്. വൈപ്ഡ് ഔട് എന്ന ഡോക്യുമെന്ററിയുടെ ആമുഖം എന്ന നിലയിലാണ് തമാശയിലൂടെ മാലിന്യപ്രശ്നത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം തയാറാക്കിയത്.

പ്രശ്നത്തിന്റെ തീവ്രത പൂർണമായി അവതരിപ്പിക്കുന്നുണ്ട് വൈപ്ഡ് ഔട് എന്ന ഡോക്യുമെന്ററിയിൽ. അനുദിനം പുരോഗതിയിലേക്കു കുതിക്കുമ്പോഴും  നഗരത്തിനു മലിനമായ മുഖം കൂടിയുണ്ടെന്ന ഓർമപ്പെടുത്തലാണു രണ്ടു ചെറുചിത്രങ്ങളും.

Wiped Out | Real face of Kochi's waste management

കൊച്ചിയുടെ മാലിന്യകേന്ദ്രമായ ബ്രഹ്മപുരത്തെ മനുഷ്യജീവിതങ്ങളാണു ഡോക്യുമെന്ററിയുടെ പശ്ചാത്തലം. ആദ്യം ഡോക്യുമെന്ററി ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും ലക്ഷ്യം ഫലപ്രാപ്തിയിലെത്താൻ  ഷോർട്ഫിലിം കൂടി വേണമെന്നു ചിന്തിക്കുകയായിരുന്നെന്നു സംവിധായകൻ മഹേഷ് മാനസ് പറയുന്നു. ആദ്യമായാണ് ഒരേ വിഷയത്തില്‍ ഒരേ സമയം ഷോര്‍ട് ഫിലിമും ഡോക്യുമെന്ററിയും ഇറങ്ങുന്നതെന്ന് അണിയറക്കാർ പറയുന്നു.

നാട്ടുകാരുടെ സഹകരണത്തോടെ സീറോ ബജറ്റിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയത്. ചിത്രത്തിൽ വേഷമിട്ടതും പ്രദേശവാസികള്‍ തന്നെ. ഇന്‍ഫോ പാര്‍ക്കില്‍ ട്രെയിനറായ സച്ചിൻ രാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എറണാകുളം പബ്ലിക് ലൈബ്രറിയിൽ ചിത്രങ്ങളുടെ ആദ്യപ്രദർശനം നടന്നു.

ഐബിഎമ്മിൽ  മീഡിയ ടീം ലീഡ്‌ ആണു സംവിധായകൻ മഹേഷ്‌ മാനസ്‌. ഈ സുഹൃത്തുക്കളുടെ തന്നെ കൂട്ടായ്മയായ വെസ്റ്റേൺഘട്സ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിലാണു നിർമാണം.