‘രേഖ’യായി അമ്പരപ്പിച്ച് മാലാ പാർവതി; വിഡിയോ

നടി മാലാ പാർവതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘രേഖ’ എന്ന ഹ്രസ്വചിത്രം ചർച്ചയാകുന്നു. രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ബി. ഗോവിന്ദ് രാജ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.

മാലാ പാർവതി, സ്മിത അമ്പു, രാഹുൽ നായർ എന്നിവരാണ് താരങ്ങൾ. ഛായാഗ്രഹണം അമൃത പത്മകുമാർ. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹ്രസ്വചിത്രം കണ്ട ആരാധകൻ കുറിച്ചത് ഇങ്ങനെ–

ജീവിതത്തിന്റെ ചുഴികളിൽ വിധിയുടെ വിളയാട്ടത്താൽ ഒറ്റപ്പെട്ട്‌ സ്നേഹിക്കാനാരുമില്ലാതെ തെറ്റുകളിലേയ്ക്ക്‌ വഴുതിവീണ്‌ സ്നേഹത്തിനായി കൊതിക്കുന്ന മനസ്സുകളെ വരച്ചുകാട്ടുന്ന ഒരു കുഞ്ഞ്‌ സിനിമ..

ദുഃഖഭാരം പേറി ചിരിക്കാൻ മറന്നുപോയിട്ടും മനസ്സിന്റെ ഉള്ളിൽ നിറം മങ്ങാത്ത നൈർമ്മല്യത്തിന്റെയും നനുത്ത സ്നേഹത്തിന്റെയും കഥ..

ഗർഭിണിയാകാൻ കൊതിക്കുന്ന ഒരുവളുടെ ഹൃദയത്തിന്റെ വിങ്ങൽ ... വയറ്റിൽ തുണികെട്ടിവെച്ച്‌ കണ്ണാടിയ്ക്കുമുന്നിൽ നിർവൃതി അടയുന്ന പെണ്ണിന്റെ നിർഭാഗ്യകരമായ അവസ്ഥ..നഷ്ടമായ സൗഭാഗ്യം മറ്റൊരാളിലൂടെ കാണുമ്പോൾ അതിലൂടെ സന്തോഷിക്കുന്ന ...തന്റെ അവസ്ഥ മറ്റൊരാൾക്ക്‌ വരാതിരിക്കാൻ കരുണയുടെ കൈകൾ നീട്ടി സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ആവിഷ്കാരം...

ഒറ്റപെട്ടപ്പെട്ടവരെ കുറിച്ചും  ഒരാൾക്ക്‌ ആവശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങളുടെ സത്യസന്ധതയെക്കുറിച്ചും ഒരുവന്റെ ജീവിതത്തിലെ ഭാര്യയുടെയും കാമുകിയുടെയും മുൻഗണനയെക്കുറിച്ചും പ്രേക്ഷകരെകൊണ്ട്‌ ചിന്തിപ്പിക്കുന്ന സിനിമ..എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സിനിമ..

കണ്ടിരിക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്ന... ചിരിച്ചുപോകുന്ന, വ്യത്യസ്തമായ വൈകാരിക തലങ്ങളിലൂടെ നമ്മുടെ മനസ്സിനെ നാമറിയാതെ സഞ്ചരിപ്പിക്കുന്ന മികച്ച സിനിമ..ചെറുതെങ്കിലും വലിയ കാര്യങ്ങളുടെ സംവേദനം നടത്തുന്ന സിനിമ...

നല്ല കഥാതന്തുവും കഥാ പാത്രങ്ങളെ ജീവസുറ്റതാകുന്ന അഭിനേത്രികളും മികച്ച സംവിധാനവും ഒക്കെയായി നല്ലദൃശ്യാവിശ്കാരം..ഈ ഷോർട്‌ ഫിലിമിന്‌ പിന്നിലുള്ളവർ തികച്ചും പ്രശംസാർഹരാണ്‌... 

അവർക്ക്‌ ഇനിയും മികച്ച സിനിമകൾ ചെയ്യാനാകട്ടേ... എന്ന് ആശംസിക്കുന്നു. ഈ സിനിമകാണുവനായി ചിലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകില്ല എന്നാണ്‌ എന്റെ അഭിപ്രായം..സിനിമയ്ക്ക്‌ പിന്നിലുള്ളവർക്ക്‌ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസ അറിയിക്കുന്നു.