Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാപ്രളയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രം; ചിത്രീകരിച്ചത് 6 മാസം മുന്‍പ്

samathwam

കേരളത്തിലുണ്ടായ പേമാരിയും മഹാപ്രളയവും മുൻകൂട്ടി കണ്ടിരുന്നോ? മഹാപ്രളയവും തുടര്‍ന്ന് സര്‍വതും  നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന മനുഷ്യരുടെ കഥയും പറയുന്ന ചിത്രമാണ് സമത്വം. ഇത് ചിത്രീകരിച്ചതോ ഏകദേശം ആറുമാസം മുന്‍പും.

മൈ ബോസ് അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'സമത്വം. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ചിത്രം ചതയം ദിനത്തില്‍ രാവിലെ 11നാണ് ഇന്റർനെറ്റില്‍ റിലീസ് ചെയ്തത്.

samathwam short film

ഒരു പ്രളയാനന്തര ദുരിതാശ്വാസ ക്യാംപിന്റെ നേര്‍ക്കാഴ്ചയും, ദുരന്തം മനുഷ്യമനസ്സുകളിലുണ്ടാക്കുന്ന പരിവര്‍ത്തനത്തിന്റെ നേര്‍ചിത്രവുമാണ് 'സമത്വ'ത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ‘ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം വളരെ അവിചാരിതമായാണ് മനസ്സിലേക്കെത്തുന്നത്. മിഴി തുറക്കൂ എന്ന സിനിമയുടെ നിർമാതാവും തന്റെ സുഹൃത്തുമായ റെജി തമ്പിയാണ് അതിനുള്ള ഒരു അവസരം തന്നതെന്നും അനില്‍ നായര്‍ പറഞ്ഞു. 

കഴിഞ്ഞ 6 മാസങ്ങള്‍ക്കു മുൻപ് , കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരി 18-ന് താന്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അതേ ദൃശ്യങ്ങളാണ് ഇപ്പോള്‍ കേരളം സാക്ഷിയാകുന്നുവെന്നത് തികച്ചും യാദൃച്ഛികമാണെന്നും അനില്‍ നായര്‍ പറഞ്ഞു. ‘ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ ഈ ചിത്രം ഉള്‍ക്കൊള്ളുന്ന സന്ദേശം അടിവരയിട്ടു പറയുവാന്‍ ശക്തമായ ശബ്ദം വേണമെന്ന് തോന്നി. അങ്ങനെയാണ് മോഹന്‍ലാലിലേക്ക് എത്തിയത്. അനില്‍ നായര്‍ തികഞ്ഞ ആത്മസംതൃപ്തിയോടെ പറഞ്ഞു.

മോഹന്‍ലാലാലിനെ കാണാന്‍ താനും നിർമാതാവ് റെജി തമ്പിയും കൂടി ലൂസിഫറിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ജോഷി സര്‍ ചിത്രത്തില്‍ താന്‍ അടുത്തറിഞ്ഞ ലാല്‍ സാറിനെക്കാളും എത്രയോ മടങ്ങ് എനര്‍ജിയിലാണ് അദ്ദേഹം ഇപ്പോഴും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അനില്‍ നായര്‍ പറയുന്നു.

 ‘തന്റെ വ്യക്തിതാല്പര്യങ്ങള്‍ക്ക് അതീതമായി ആരെയും വേദനിപ്പിക്കാതെ എല്ലായിടത്തും ഓടിയെത്തി പൂര്‍ണതയ്ക്കു വേണ്ടി ശ്രമിക്കുന്ന, തന്റെ പ്രോജക്ടിനോടുള്ള അതിരു കടന്ന ആത്മാര്‍ത്ഥതയും, കഠിന പ്രയത്‌നവും അര്‍പ്പിക്കുന്ന ഒരു ലാല്‍ സാറിനെയാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത്' - അനില്‍ നായര്‍ പറഞ്ഞു. 

പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിനോടുള്ള ആരാധന ഇനി എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കുവാന്‍ തന്നെ പര്യാപ്തനാക്കി. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തി തന്റെ ചിത്രം കാണുകയും അഭിനന്ദിക്കുകയും ശബ്ദം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതായി അനില്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 

സംവിധാനത്തിന് പുറമെ എഡിറ്റിങ്, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായര്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷല്‍ എഫക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്‌സ് കണ്ണനും നിര്‍വഹിക്കുന്നു. വിന്‍ വാ സ്റ്റുഡിയോയില്‍ ആണ് ഡബ്ബിങ് വര്‍ക്കുകള്‍ നടന്നത്. കളറിങ് സുജിത് സദാശിവന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ പ്രിയ അനില്‍ നായര്‍, ചമയം പ്രദീപ് രംഗന്‍, നിര്‍മ്മാണ നിര്‍വ്വഹണം വര്‍ഗ്ഗീസ് ആലപ്പാട്ട്, ശിവന്‍ പൂജപ്പുര, സൗണ്ട് മിക്‌സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാര്‍.