Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലെ രാജ്യാന്തര മേളയിൽ മലയാളിയുടെ ചിത്രവും

Mundan-Movie

ചിലെയുടെ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് (Fesancor N°26) മലയാളിയുടെ ഹിന്ദി ചിത്രവും. കോട്ടയം അയ്മനം സ്വദേശിയായ ശരത്ചന്ദ്ര ബോസ് രചനയും സംവിധാനവും നിർവ്വഹിച്ച  ‘മുണ്ഡൻ’/ Tonsure   എന്ന ചിത്രമാണു മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണിത്. രാജ്യാന്തര തലത്തിൽ  ഹ്രസ്വചിത്രങ്ങളിലെ നവീനമായ പ്രവണതകൾ പ്രദർശിപ്പിക്കുന്നതിൽ പേരുകേട്ട ചലച്ചിത്രോത്സവമാണ് Fesancor N°26. 

ഒക്ടോബർ 22 മുതൽ 29 വരെ സാന്റിയാഗോയിലെ ചിലിയുടെ ദേശീയ ഫിലിം ആർക്കൈവ്സിൽ വച്ചാണു മേള. ഒരു ബീച്ചിനോടു ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന  ഉത്തരേന്ത്യൻ ദമ്പതികളും അവരുടെ ഇടയിലെ  സംഘർഷങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.  ഹിന്ദു മതാചാരമായ മുണ്ഡനം ചിത്രത്തിൽ ഒരു പ്രധാന സൂചകമാണ്. . ഖുഷ്ബു ഉപാധ്യായ്, കുമാർ വൈഭവ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ജെഎൻയു പൂർവ വിദ്യാർഥിയായ ശരത് നിലവിൽ സ്വതന്ത്ര സംവിധായകനും  മാധ്യമ പ്രവർത്തകനുമാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ‘മുണ്ഡൻ’. ആദ്യ ചിത്രമായ PENILE CODE ഒട്ടേറെ ദേശീയ–രാജ്യാന്തര മേളകളിൽ പ്രദര്‍ശിപ്പിക്കുകയും ഓസ്ട്രിയയിൽ വച്ചു നടന്ന യോക്കി16 അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മികച്ച ഇന്നൊവേറ്റീവ് ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട് . ഫിലിമോക്രസി ഫൗണ്ടേഷന്റെ പിന്തുണയോടെ മിഥുൻ ചന്ദ്, പ്രമോദ് ഗോപകുമാർ എന്നിവരാണ് ‘മുണ്ഡൻ’ നിർമിച്ചിരിക്കുന്നത്.