Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാഫ്റ്റ്’: കയ്യടക്കത്തിന്റെയും കഥപറച്ചിലിന്റെയും പുത്തൻ ഉദാഹരണം

waft

കോട്ടയം ∙ ഷോർട് ഫിലിം എന്നു പറഞ്ഞാൽ ‘പ്രേമവും തേപ്പും’ എന്നു തെറ്റിദ്ധരിച്ച ചെറുപ്പക്കാർക്കിടയിൽ കലാമൂല്യമുള്ള സൃഷ്ടിയുമായി വെന്നിക്കൊടി നാട്ടുകയാണു വിഷ്ണു ഉദയനും കൂട്ടുകാരും. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ ഇവരൊരുക്കിയ ‘വാഫ്റ്റ്’ എന്ന ഷോർട് ഫിലിം കയ്യടക്കത്തിന്റെയും കഥപറച്ചിലിന്റെയും പുത്തൻ ഉദാഹരണമാകുന്നു. സാങ്കേതികതയിൽ മാത്രമല്ല, കാമ്പുള്ള സിനിമയെക്കുറിച്ചും ബോധ്യമുള്ള സംഘമാണ് 12 മിനിറ്റുള്ള വാഫ്റ്റിനു പിന്നിൽ. ദേശീയ, രാജ്യാന്തര മേളകളിൽ കയ്യടി നേടിയ വാഫ്റ്റ് കഴിഞ്ഞദിവസം യൂട്യൂബിലും റിലീസ് ചെയ്തു.

Waft - Malayalam Short Film | Award Winner | Vishnu Udayan | Ashish Shashidhar

നഷ്ടപ്രണയത്തിന്റെ കാൻവാസിൽ തന്നെയാണു സംവിധായകൻ വിഷ്ണു ഉദയനും തന്റെ കൊച്ചുസിനിമയെ പ്രതിഷ്ഠിക്കുന്നത്. വാഫ്റ്റ് എന്ന ഇംഗ്ലിഷ് വാക്കിന് ആഘാതം, പൊങ്ങിയൊഴുകുക, കാറ്റടിച്ചുനീങ്ങുക എന്നെല്ലാമാണ് അർഥം. പ്രണയത്തിലേക്കും പ്രണയ നഷ്ടത്തിലേക്കും ഒഴുകിനീങ്ങുന്ന കഥയിൽ, ആസ്വാദകരെ പിടിച്ചിരിത്തുന്ന വഴിത്തിരിവുകൾ ധാരാളം.

അശ്വതും ആരാധ്യയുമാണു നായികാ നായകന്മാർ. പരസ്പരം തീവ്രമായി സ്‌നേഹിക്കുന്നവർ. ആരാധ്യയെ കാണാതാകുന്നതോടെ അശ്വതിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. കാമുകിയുടെ പൊടുന്നനേയുള്ള അപ്രത്യക്ഷമാകലിൽ ഏകാകിയാകുന്ന നായകൻ. അവളുടെ നല്ലോർമകൾ, ഇഷ്ടങ്ങൾ, സ്നേഹം കലർന്ന ദേഷ്യങ്ങൾ അതുമാത്രമാണു മനസ്സിൽ. ഈ ഓർമകളുടെ തീരത്തേക്കാണു ടിവിയിലെ വാർത്താശകലം പൊട്ടിവീണത്. ആ വാർത്ത ഓരോ വരിയും അവനെ ഉലച്ചു. ആരാധ്യയുടെ ജീവിതത്തിലേക്ക് അശ്വത് നടത്തുന്ന പര്യടനമാണു പിന്നീട്.

പുസ്തക വായനയ്ക്കിടെയാണു സിനിമയുടെ ആലോചനയുണ്ടായതെന്നു വിഷ്ണു പറഞ്ഞു. കൂട്ടുകാരുടെ സഹായത്തോടെയാണു തിരക്കഥയൊരുക്കിയത്. 6 വർഷമായി ഈ രംഗത്തുണ്ട്. ഏഴാമത്തെയും ചെലവു കൂടിയതുമായ ഷോർട് ഫിലിമാണിത്. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണു പണം കണ്ടെത്തിയത്. കൊച്ചിയിലും പരിസരത്തുമായി 3 ദിവസം കൊണ്ടാണു ചിത്രീകരിച്ചതെന്നും വിഷ്ണു പറഞ്ഞു.

ആശിഷ് ശശിധർ, സൈജു ജോൺ, രേവതി സമ്പത്ത് തുടങ്ങിയവരാണ് അഭിനയിച്ചത്. ആരോൺ ലാൻസിന്റേതാണു തിരക്കഥ. ഗ്രീൻ പാരറ്റ് ടാക്കീസാണ് നിർമാണം. ഛായാഗ്രഹണം– മുഹമ്മദ് അഫ്താബ്, സൗണ്ട് ഡിസൈൻ & മിക്സിങ്– റോബിൻ കുഞ്ഞുകുട്ടി, ഒറിജിനൽ ബാക് ഗ്രൗണ്ട് സ്കോർ– അർജുൻ രാജ്കുമാർ.

ലൊസാഞ്ചലസ്, കാനഡ, മോസ്കോ, ജപ്പാൻ, ജർമനി, മുംബൈ, പൂണെ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. യൂട്യൂബിൽ കണ്ടവരുൾപ്പെടെ നിരവധി പേർ നേരിട്ടും അല്ലാതെയും നല്ല അഭിപ്രായ പറയുന്നതിൽ സന്തോഷമുണ്ടെന്നു ചിത്രത്തിന്റെ അണിയറക്കാർ പറഞ്ഞു.