മുംബൈ കാമാത്തിപുരയിൽ നിന്നൊരു ചിത്രം; കണ്മുന്നിൽ ‘വിശപ്പിന്റെ’ ഫ്രെയിമുകൾ

movie scene
SHARE

എല്ലായിപ്പോഴും സംശയമാണ് ഭുക്കഡ് എന്ന കുട്ടിക്ക്. പക്ഷേ സ്കൂളിൽ പോകാനാകാത്തതു കൊണ്ട് അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു തരാൻ ആരുമില്ല. മുംബൈയിലെ കാമാത്തിപുരയിൽ ലൈംഗികത്തൊഴിലാളിയുടെ മകനാണവൻ. അവിടേക്കെത്തുന്ന സന്ദർശകരിൽ നിന്നാണ് അവൻ തന്റെ അധ്യാപകരെ കണ്ടെത്തുന്നത്. ഒരാൾ അവന് മുൻഷി പ്രേം ചന്ദിന്റെ കഥ പറഞ്ഞു കൊടുക്കുന്നു. വില്യം വേഡ്‌സ്‌വർത്തിന്റെ ‘ഡാഫഡിൽസി’ലെ വരികൾ പറഞ്ഞു കൊടുക്കുന്നത് ഒരു വിദേശിയാണ്. മറ്റൊരാൾ അവന്റെ സൗരയൂഥ പ്രോജക്ടിന് സഹായിക്കുന്നു. ഇങ്ങനെ ഓരോരുത്തരിൽ നിന്നും ഇംഗ്ലിഷും ഹിന്ദിയും ശാസ്ത്രവുമെല്ലാം പഠിച്ചെടുക്കുകയാണ് ഭുക്കഡ്. 

വിശക്കുന്നവൻ എന്നാണ് ‘ഭുക്കഡ്’ എന്ന ഹിന്ദി വാക്കിന്റെ അർഥം. അറിവിനു വേണ്ടി വിശക്കുന്നവർ ഏതുവിധേനയും വിശപ്പടക്കാനുള്ള വഴി കണ്ടെത്തുമെന്ന സന്ദേശവുമായാണ് അനാം മിശ്രയുടെ ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചേരികളിൽ നിന്നുൾപ്പെടെയുള്ള പാവപ്പെട്ട കുട്ടികൾക്കു മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന് ദ് മില്ലെനിയം സ്കൂൾസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ദി ഓപൺ ഡോർ പ്രോജക്ടി’ന്റെ ഭാഗമായാണ് ചിത്രം തയാറാക്കിയത്. ഇത്തവണ കാൻസിലെ ലയൺസ് ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയിൽ സുവർണ പുരസ്കാരത്തിനർഹമായ ഒരേയൊരു ചിത്രവും ‘ഭുക്കഡ്’ ആണ്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചതാകട്ടെ മലയാളിയായ മാത്യു വർക്കിയും. ‌

Presenting ‘Bhukkad’ – A child’s hunger to learn

മാധ്യമ പ്രവർത്തകൻ കെ.സി.വർക്കി ജോർജിയുടെയും അധ്യാപിക ബീനയുടെയും മകനാണ് മാത്യു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാത്യു വർക്കി കാസ്റ്റിങ് ടീം ആണ് ചിത്രത്തിനു വേണ്ട അഭിനേതാക്കളെ കണ്ടെത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഭിഷേക് എന്ന കുട്ടിയെ കണ്ടെത്തിയതാകട്ടെ രാജ്യം മുഴുവൻ സഞ്ചരിച്ചതിനൊടുവിലും. വടക്കു കിഴക്കൻ ഇന്ത്യൻ മുഖമുള്ള, എന്നാൽ ഹിന്ദി നല്ലതു പോലെ സംസാരിക്കുന്ന കുട്ടിയെയായിരുന്നു ചിത്രത്തിനു വേണ്ടിയിരുന്നത്. അന്വേഷണത്തിനൊടുവിൽ മുംബൈയിൽ നിന്നു തന്നെ കുട്ടിയെ കിട്ടി. ഒന്നര മാസത്തോളം നീണ്ട ആക്ടിങ് വർക്‌ഷോപ്പിലൂടെയായിരുന്നു കുട്ടിയെ ചിത്രത്തിനു വേണ്ടി പാകപ്പെടുത്തിയത്. അവന്റെ സംസാര രീതി പോലും ചേരിയിലേതിനു സമാനമായി രൂപപ്പെടുത്തേണ്ടിയിരുന്നു.

മറ്റ് പ്രഫഷനൽ അഭിനേതാക്കളെ കണ്ടെത്തിയതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു. യഥാർഥ ലൊക്കേഷനിൽ തന്നെയായിരുന്നു 11 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്. കാമാത്തിപുരയിലെ ജീവിതവും അവിടുത്തുകാരുടെ സംസാര രീതിയും ലൊക്കേഷനുമെല്ലാം മനസ്സിലാക്കാൻ നാളുകളോളം ഛായാഗ്രാഹകൻ കവിൻ ജക്തി‌യാനി ഉൾപ്പെടെ അവർക്കൊപ്പമുണ്ടായിരുന്നു. കാമാത്തിപുരയിലുള്ളവരുമായി സംസാരിച്ച്, എങ്ങനെ അവർ അവിടെയെത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചാണ് ചിത്രത്തിന് സ്വാതി ഭട്ടാചാര്യ തിരക്കഥയൊരുക്കിയത്. വളരെ ‘റഫ്’ ആയി സംസാരിക്കുന്ന, തന്റേടത്തോടെ ജീവിക്കുന്ന അവിടെ നിന്നുള്ള പലരും ചിത്രത്തിലെ അഭിനേതാക്കളുമായി. 

വിവിധ സ്കൂളുകളും അധ്യാപകരും തങ്ങളുടെ സേവനം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടി വേണ്ടി ലഭ്യമാക്കാനുള്ള പദ്ധതിയാണ് ദി ഓപൺ ഡോർ പ്രോജക്ട്. ഇന്ത്യയിൽ നിന്നു നിരക്ഷരത തുടച്ചുനീക്കുകയെന്ന നല്ല ലക്ഷ്യത്തോടെ ചെയ്ത ചിത്രമായതിനാൽത്തന്നെ കാസ്റ്റിങ് ടീമിന്റെ സേവനം പൂർണമായും സൗജന്യമായിട്ടായിരുന്നു. ചിത്രം കണ്ട പല സ്കൂളുകളും തങ്ങളുടെ സേവനം പാവപ്പെട്ട കുട്ടികൾക്കായി നൽകാമെന്നു സമ്മതിച്ചിട്ടുമുണ്ട്. ഏറെ വെല്ലുവിളികൾ നേരിട്ടാണു ചിത്രം പൂർത്തിയാക്കിയതെന്നും പറയുന്നു മാത്യു. തുടക്കത്തിൽ പലരും ചിത്രീകരണത്തോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവരുടെ കൂടി കുട്ടികൾക്കു വേണ്ടിയാണ് ചിത്രമെന്നറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം. കാമാത്തിപുരയിലുള്ളവർക്കു വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ ചുവന്ന തെരുവുകളിലെയും കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. 

തെരുവുകുട്ടികളുടെ ദിനമായ ഏപ്രിൽ 12നാണ് സംരംഭകനായ ശന്തനു പ്രകാശിന്റെ മില്ലെനിയം സ്കൂൾസിന്റെ നേതൃത്വത്തിൽ പ്രോജക്ട് ആരംഭിച്ചത്. സ്കൂൾ സമയത്തിനു ശേഷമാണ് ഓപൺ ഡോർ പ്രോജക്ടിന്റെ വാതിൽ സ്കൂളിനു സമീപത്തെ പാവപ്പെട്ട കുട്ടികൾക്കായി തുറക്കുക. വൻകിട സ്കൂളുകളിൽ ലഭിക്കുന്ന അതേസൗകര്യം തന്നെ പാവപ്പെട്ട കുട്ടികൾക്കും ലഭ്യമാക്കാനും പദ്ധതി വഴി ശ്രമിക്കുന്നുണ്ട്. നിലവിൽ 35,000ത്തിലേറെ കുട്ടികളെ ഇതുവഴി പഠിപ്പിക്കുന്നു, സ്കോളർഷിപ്പും നൽകുന്നുണ്ട്. ചേരിയിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നുമുള്ള കുട്ടികൾക്കായി പ്രത്യേക പാഠ്യപദ്ധതികളും ഒരുക്കുന്നുണ്ട്. രാജ്യത്ത് സ്കൂളിൽ പോകാത്ത 80 ലക്ഷത്തോളം വരുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ശന്തനുവിന്റെയും സംഘത്തിന്റെയും പ്രവർത്തനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA