ADVERTISEMENT

കോട്ടയം ∙ മീനച്ചിലാറ്റിലെ പ്രളയ രക്ഷാപ്രവർത്തനത്തിന്റെ കഥ ഷോർട്ട് ഫിലിമായി. കഴിഞ്ഞ പ്രളയത്തിൽ മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശവാസികൾക്ക് ഒട്ടേറെ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. രക്ഷാ പ്രവർത്തനം നടത്താൻ സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്നത് യുവാക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചെമ്പിൽ ആളുകളെ കയറ്റി ഇരുത്തിയും വടം കെട്ടി വലിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. 

The Boat Short Film

 

ആറുമാനൂർ യുവജന ക്ഷമകേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായിരുന്നു രക്ഷാപ്രവർത്തിനു മുൻ നിരയിൽ. ഇവർക്ക് രക്ഷാപ്രവർത്തനത്തിനു ഒരു ബോട്ടു വേണമെന്ന ആവശ്യവും ആശയവും ബ്ലോക്ക് പഞ്ചായത്ത് അംഗമായ ജോയിസ് കൊറ്റത്തിൽ ഫെയ്സ്ബുക്കിൽ പങ്ക് വെച്ചതോടെ കഥ മാറി. നാട്ടിൽ നിന്നു വിദേശ ജോലി തേടി പോയവർ ഉൾപ്പെടെ ബോട്ട് വാങ്ങാൻ തുക നൽകി. അങ്ങനെ ആറുമാനൂർ കരയ്ക്ക് സ്വന്തമായി ബോട്ടായി. 

 

രണ്ടാം തവണയുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ബോട്ട് രക്ഷാപ്രവർത്തനത്തിൽ മുഖ്യ പങ്ക് വഹിച്ചു. ഈ സംഭവത്തെ കഥയിൽ ചാലിച്ചു മാധ്യമ പ്രവർത്തകനായ അനിഷ് ആനിക്കാട് ‘ദി ബോട്ട്’ എന്ന പേരിൽ ഷോർട്ട്  ഫിലിം  രൂപപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പ്രവർത്തിച്ചിട്ടുള്ള പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയിസ്  കൊറ്റത്തിൽ, പി.എം.സഞ്ജേഷ് എന്നിവർ ചേർന്നു ചിത്രം നിർമിച്ചു. 

 

കാമറ സജി പാമ്പാടിയും എഡിറ്റിങ്ങ് നിഖിൽ മറ്റത്തിൽ മഠവും കലാ സംവിധാനം അജിത് പുതുപ്പള്ളിയും നിർവഹിച്ചിരിക്കുന്നു. തേജസ് എബി ജോസഫ് സംഗീതവും പശ്ചാത്തല സംഗിതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന കലിക പൊൻകുന്നവും ആലപിച്ചിരിക്കുന്നത് എബി ജോസഫും ആണ്. 

 

രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ഒരു വർഷം മുൻപ് മീനച്ചിലാറ്റിൽ  വീട്ടുകാരുടെ കണ്ണ് തെറ്റി ഓടി മുങ്ങി താണ ശേഷം  അത്ഭുതകരമായി രക്ഷപെട്ട  മൂന്നര വയസുകാരൻ മാസ്റ്റർ സാമുവൽ അരങ്കത്തും ചിത്രത്തിലുണ്ട്.  അധ്യാപികയായ റീന ജെയിംസും പ്രധാന വേഷത്തിൽ എത്തുന്നു. കേരള പിറവി ദിനത്തിൽ കോളാമ്പി എന്ന യൂ ട്യൂബ് ചാനലിലൂടെ ബോട്ട് ഓടി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com