കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എല്ലാം ഒറ്റയ്ക്കു ചെയ്ത ഒൻപതു വയസ്സുകാരൻ ആര്യന്റെ ഹ്രസ്വചിത്രം

ray-of-hope
ഹ്രസ്വചിത്രത്തിൽ നിന്നുള്ള രംഗം(ഇടത്) ആര്യൻ (വലത്)
SHARE

കോവിഡ് തീർത്ത മതിലിനുള്ളിൽ സകലരും വീട്ടിൽ കുരുങ്ങിയ നാളുകൾ. ബോറടിക്കുന്നു, നമുക്കൊരു ഷോർട് ഫിലിം ചെയ്താലോ എന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ ഒരു ആശയം തലപൊക്കി. പല രാജ്യങ്ങളിലായി ‘പരന്നു കിടക്കുന്ന’ വെർച്വൽ കൂട്ടുകുടുംബത്തിലെ എല്ലാവരും ഒറ്റയടിക്കു പറഞ്ഞു, യെസ്. ആശയമൊക്കെ കൊള്ളാം, പക്ഷേ, എങ്ങനെ എന്ന് തലപുകയ്ക്കാൻ തുടങ്ങും മുൻപേ, ഒൻപതുവയസ്സുകാരൻ ആര്യൻ ആർ. നായർ കയറി അങ്ങ് ‘ബാലചന്ദ്ര മേനോൻ’ ആയി. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്തിന് ഇംഗ്ലിഷിലുള്ള സബ് ടൈറ്റിലുകൾ വരെ എല്ലാം കുഞ്ഞ് ആര്യൻ വക; ഒപ്പം അഭിനയവും. അങ്ങനെ കുട്ടിത്തത്തിന്റെ കളിചിരികൾക്കപ്പുറം, പ്രതീക്ഷയുടെ തിരി തെളിച്ച് ഷോർട് ഫിലിം ‘ എ റേ ഓഫ് ഹോപ്’ പിറന്നു. ഓരോ വീട്ടുകാരും ചെയ്യേണ്ട സീൻ തയാറാക്കി അവർക്ക് അയച്ചു കൊടുത്തായിരുന്നു ‘ഷൂട്ടിങ്’. അങ്ങനെ ടേക്കും റീടേക്കുമായി ചിത്രീകരണം തീർന്നപ്പോൾ എഡിറ്റിങ്ങിന്റെ തിരക്ക്. റിലീസിന് തയാറായി എന്ന് എല്ലാവരും കരുതിയിരിക്കെയാണ് ആര്യന്റെ അടുത്ത ഐഡിയ. ‘‘ സിനിമയിൽ ഇംഗ്ലിഷ്, മലയാളം, തമിഴ് ഡയലോഗുകൾ ഉണ്ട്. അതുകൊണ്ട് സബ് ടൈറ്റിലുകൾ വേണം.’’ പിന്നെ രാവും പകലും ഇരുന്ന് അതും തയാറാക്കി മേയ് 10 നു യൂട്യൂബിൽ റിലീസ്. 

വായനയോടു വായന, അതാണ് ആര്യന്റെ ലോകം. സിനിമയോടു പെരുത്തിഷ്ടം. പാട്ടും സ്റ്റണ്ടും കോമഡിയും നോക്കിയിരിക്കാനല്ല, തിയറ്ററിൽ പോകുന്നത്. ഓരോ സീനും ഷൂട്ട് ചെയ്തത് എങ്ങനെയെന്നു മനസ്സിലാക്കി പഠിക്കാനാണെന്നു കുഞ്ഞുവായിൽ വലിയ കാര്യം പറയും ആര്യൻ. കാഴ്ചകളെല്ലാം ഒരു ഡയറക്ടറുടെ കണ്ണിലൂടെയാണെന്നു ചുരുക്കം. ആരാകണമെന്നു ചോദിച്ചാൽ, ഈ മിടുക്കന്റെ ഉത്തരവും അതു തന്നെ ഫിലിം ഡയറക്ടർ! 

ഐടി ഉദ്യോഗസ്ഥരായ അച്ഛൻ ആലപ്പുഴ സ്വദേശി രാജേഷ് രാജുവിനും അമ്മ രാമപുരം സ്വദേശി റാണിക്കുമൊപ്പം ലണ്ടനിലാണ് ആര്യന്റെ താമസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA