കോഴിക്കോട്∙ ‘പ്രിയപ്പെട്ട കുക്കു’വും ‘മാനത്തെ കൊട്ടാര’വും ‘ആലഞ്ചേരി തമ്പ്രാക്കളു’മൊരുക്കിയ സംവിധായകൻ സുനിലിന്റെ ഏകമകൾ വേദ സുനിലും ചലച്ചിത്രലോകത്തേക്ക്. ഗർഭിണിയായ ആന പൈനാപ്പിളിൽവച്ച സ്ഫോടകവസ്തു കഴിച്ച് ചെരിഞ്ഞ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യു ഫിക്ഷൻ ഹ്രസ്വചിത്രം ‘വിശക്കുന്ന മത്സ്യം’ ഇതിനകം വൈറലായിക്കഴിഞ്ഞു.
ദിലീപ്, സുരേഷ്ഗോപി, ജയറാം, ബാബുആന്റണി തുടങ്ങിയ മുൻനിര താരങ്ങളെ നിരത്തി 16 സിനിമകളൊരുക്കിയ സംവിധായകനാണ് സുനിൽ വിശ്വചൈതന്യ. പിൽക്കാലത്ത് ആധ്യാത്മികതയിലേക്ക് തിരിഞ്ഞ അദ്ദേഹം കാരന്തൂരിൽ ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സുനിലിന്റെ മകൾ വേദ അഞ്ചാംക്ലാസ് വരെ മാത്രമാണ് സ്കൂളിൽ പോയി വിദ്യാഭ്യാസം നേടിയത്. പിന്നീട് സമാന്തര വിദ്യാഭ്യാസ രീതിയിലൂടെയാണ് പഠനം തുടർന്നത്. ഗുരുകുല സമ്പ്രദായത്തിൽ പഠനം നടത്തിയ വേദ ഇന്ത്യ മുഴുവൻ പലതവണ യാത്ര ചെയ്തിട്ടുണ്ട്. യാത്രകളിൽനിന്നും പ്രകൃതിയിൽനിന്നുമാണ് അറിവുകൾ നേടേണ്ടതെന്ന ആശയത്തിന്റെ വക്താവുമാണ് വേദ. വേദയുടെ അമ്മ ബിന്ദുവാണ് മീഡിയ പ്രൊഡക്ഷനും ആശ്രമവുമെല്ലാം നോക്കിനടത്തുന്നത്.
ഫൊട്ടോഗ്രഫി, സിനിമാട്ടോഗ്രഫി, വിഡിയോ എഡിറ്റിങ്ങ്, സാഹിത്യം തുടങ്ങി എല്ലാ വിഷയത്തിലും വിദഗ്ധയായ വേദയാണ് സുനിൽ കഴിഞ്ഞ വർഷമൊരുക്കിയ അരക്കിറുക്കൻ എന്ന സിനിമ എഡിറ്റു ചെയ്തത്.
പേരക്കുട്ടികളുമായി കുളത്തിനടുത്തെത്തുന്ന മുത്തച്ഛൻ എങ്ങനെയാണ് ചൂണ്ടയിടേണ്ടതെന്ന് പഠിപ്പിക്കുകയാണ്. ചൂണ്ടയിൽ കോർത്ത ഇര വിഴുങ്ങാൻ മീനെത്തുന്നത്, ആ ആനയെപ്പോലെ വിശപ്പുകാരണമല്ലേയെന്ന പേരക്കുട്ടിയുടെ സംശയമാണ് ഹ്രസ്വചിത്രത്തിന്റെ കഥാതന്തു. തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം നിർവഹിച്ചിരിക്കുന്നത് വേദ സുനിലാണ്.