‘വസൂരി’ക്കഥയുമായി ജെയിൻ ജി. ഗോപിനാഥ്

vasoori
SHARE

കോവിഡ്-19 എന്ന മഹാവ്യാധിക്കുമുന്നിൽ ലോകമാകെ ഭയചകിതരായി നിൽക്കുമ്പോൾ മറ്റൊരു മാഹാമാരിക്കഥയുമായി എത്തുകയാണ് പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശിയായ ജെയിൻ ജി. ഗോപിനാഥ്.  ചരിത്രാതീതകാലം മുതൽക്കേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ വൈറസ് ബാധയായിരുന്നു വസൂരി.  ദ്രുതഗതിയിൽ  പടർന്നു പിടിക്കുകയും അനേകരെ  കൊന്നൊടുക്കുകയും, രക്ഷപ്പെടുന്ന പലർക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിച്ചു കടന്നുപോവുകയും ചെയ്തിരുന്ന ഈ പകർച്ചവ്യാധി അന്നാളുകളിൽ മനുഷ്യരുടെ പേടി സ്വപ്നമായിരുന്നു. 

സംവിധായകൻ ജെയിൻ ജി ഗോപിനാഥിന്റെ വാക്കുകളിലേക്ക് :വളരെ ചെറിയ പ്രായത്തിൽ വീടിനോടുചേർന്നുള്ള വയലിന് അപ്പുറമുള്ള ചരിഞ്ഞപ്രദേശത്തുനിന്നും രാത്രി ഒരു ദീപം ഒഴുകിപോകുന്നപോലെ ഞാൻ കണ്ടു.അത് എന്താണെന്ന് വീട്ടിൽ അന്വേഷിച്ചപ്പോൾ ആ സ്ഥലത്ത് വസൂരിരോഗികളെ ജീവനോടെ കുഴിച്ചിടുന്ന സ്ഥലമാണ് എന്നും രാത്രി ഗതികിട്ടാത്ത വസൂരിരോഗികളുടെ ആത്മാക്കൾ അലഞ്ഞുതിരിയാൻ ഇറങ്ങുന്നതാണെന്നും ആണ് മറുപടികിട്ടിയത്.

ഈ കഥയിൽ നിന്നുമാണ് 'വസൂരി' എന്ന ഷോട്ട് ഫിലിമിന്റെ കഥയുടെ തുടക്കം ലഭിക്കുന്നത്.  കുറച്ചുകാലം മുൻപ് ശ്രീ .വി.എസ്. അച്യുതാനന്ദന്റെ എന്നപേരിൽ പുറത്തുവന്ന ഒരു ഓർമ്മകുറിപ്പിലും വസൂരി വന്നുമരിച്ച തന്റെ അമ്മയെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു.   അക്കാലത്ത് പോലും പണ്ഡിതർ എന്നോ പാമരനെന്നോ ഇല്ലാതെ 50 കൊടിമനുഷ്യരെയാണ് വസൂരി കൊണ്ടുപോയത്.  

സ്വതന്ത്രചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ ശ്രീ രവിചന്ദ്രൻ സി യുമായി ഷോട്ട് ഫിലിമിന്റെ കാര്യങ്ങൾ സംസാരിക്കവെയാണ് സതിയേക്കാൾ ക്രൂരമായ വിനോദമായിരുന്നു വസൂരിരോഗികളെ അഗ്നിക്കിരയാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത്.  മഹാ രോഗങ്ങൾക്കുമുന്നിൽ മാനവസമൂഹം അത്താണിയില്ലാതെ പകച്ചുനിന്ന കൊടും ദുരവസ്ഥയും, മാറാവ്യാധികൾവരുമ്പോൾ മരുന്നിനുപകരം മന്ത്രമുരുവിടാൻ പറയുന്ന ആചാര സംരക്ഷകരുംകൂടി ബലികഴിച്ചത് ഒന്നല്ല രണ്ടല്ല കോടികണക്കിന് മനുഷ്യരുടെ ജീവനാണ്. പച്ചിലയും മണ്ണും മരത്തോലും ഔഷധമെന്ന് കരുതിനടന്ന ഗോത്രസമൂഹത്തിന് അജ്ഞാതമായിരുന്നു 'വേരിയോള' എന്ന അതിഭീകരമായ "വസൂരി" അഥവാ സ്മോൾ പോക്സ് വൈറസ്.   ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ.  

ലോകാരോഗ്യ സംഘടന നിലവിൽ വന്ന 1948 ഇൽ 5 കോടിയോളം ആളുകളെ വസൂരി ബാധിക്കുന്നുണ്ടായിരുന്നത്രേ.  ഇന്ത്യയിൽ 1950കള് വരെ പ്രതിവർഷം ഒരു ലക്ഷത്തോളം ആൾക്കാർ വസൂരി ബാധയാൽ മരണപ്പെട്ടിരുന്നു. അനേകം പേർക്ക് അന്ധത,അംഗവൈകല്യം എന്നിവ വസൂരിബാധയുടെ പരിണിതഫലമായി കൈവന്നു. ആയിരക്കണക്കിന് വർഷങ്ങൾ ഭൂമിയിൽ സംഭ്രാന്തിപടർത്തിയ ഈ മഹാ രോഗത്തെ ഒടുവിൽ ശാസ്ത്രം പിടിച്ചു കെട്ടിയത് മനുഷ്യരാശിയുടെയും അതോടൊപ്പം വാക്സിനുകളുടെയും ചരിത്രത്തിലെ സുവർണ്ണ നേട്ടമാണ്. വസൂരിക്ക് എതിരെയുള്ള വാക്സിൻ  ആദ്യമായി കണ്ടെത്തുന്നത് 1796 ൽ എഡ്വേർഡ് ജെന്നർ എന്ന ശാസ്ത്രഞ്ജനാണ്.”

ചികിത്സയില്ലാത്ത കാലത്തു രോഗിയെ ചുടണോ മൂടണോ എന്നായിരുന്നു ചോദ്യം.  രോഗികളെ ജീവനോടെ കുഴിച്ചിടുകയും കത്തിക്കുകയും ചെയ്തു.  വാക്സിൻ കണ്ടെത്തിയിട്ടും അത് പരീക്ഷിച്ചു നോക്കാൻ പോലും മെനക്കെടാതെ മനുഷ്യർ അന്ധവിശ്വാസത്തിന്റെ ഇരുട്ടിൽ കഴിഞ്ഞു.  വസൂരി ബാധിച്ച തന്റെ അമ്മയെ ജീവനോടെ ചുട്ടെരിക്കുന്നതു കണ്ട ബാലൻ ആധുനിക വൈദ്യം പഠിക്കാൻ ഒരുങ്ങുന്നതാണ് "വസൂരി" എന്ന ചിത്രത്തിന്റെ പ്രമേയം.  ഇപ്പോൾ അത്തരമൊരു സ്ഥിതിവിശേഷം സംജാതമായ അവസരത്തിൽ കോവിഡിനും മുൻപുള്ള മറ്റൊരു മഹാമാരിക്കാലത്തെ പുതിയ തലമുറക്കും പരിചയപ്പെടുത്താനായെന്ന് ജെയിൻ പറയുന്നു.  

വാക്സിൻ വിരുദ്ധവും ആധുനിക വൈദ്യശാസ്ത്രവിരുദ്ധവുമായ ഒരുപാടു നിലപാടുകൾക്കെതിരെ ആണ് താനീ ചിത്രത്തിന്റെ കഥയെഴുതിയതെന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ പറയുന്നു.  ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സന്ദേശം കൊടുക്കാൻ കഴിഞ്ഞത് സന്തോഷം തരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യജിത്റേ ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ഈ കൊച്ചു ചിത്രത്തെ തേടിയെത്തി.  മറ്റ് അനവധി ഫിലിം ഫെസ്റിവലിലേക്ക് തെരഞ്ഞെടുക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു.    Behind the lens ,Heart of rain എന്നീ ഷോർട് ഫിലിമുകളുടെ സംവിധായകൻ കൂടിയായ ശ്രീ ജെയിൻ ജി ഗോപിനാഥ് ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ്.  ഇന്ത്യ മുഴുവൻ ഒരു ബുള്ളറ്റിൽ സഞ്ചരിച്ച് ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി ഫിലിം ഒരു ടെലിവിഷൻ പരമ്പരയായി ചെയ്തു... ലോക്ക് ഡൗണിൽ കുടുങ്ങി ആ പരിപാടി ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.   

ലോകം മുഴുവൻ ഒറ്റക്കെട്ടായി പന്ത്രണ്ടു വർഷം നീണ്ടു നിന്ന നിർമ്മാർജ്ജന തീവ്രയജ്ഞത്തിലൂടെയാണ് വസൂരി വൈറസിനെ ഭൂമിയിൽ  നിന്ന് തുടച്ചുമാറ്റിയത്.  അന്ന് വസൂരി നിർമാർജനം 12 വർഷം നീണ്ട തീവ്രയത്നം ആയിരുന്നു എങ്കിൽ ഇന്ന് കൊറോനയെ നമുക്ക് തളക്കേണ്ടതുണ്ട്, നമുക്ക് വേണ്ടത് ചിട്ടയായ ശാസ്ത്ര ബോധത്തിടെയുള്ള പ്രവർത്തനമാണ്.  ഈ മഹാമാരിക്കാലത്ത് ജനങ്ങൾക്കിടയിൽ ഒരു മഹാമാരി എങ്ങനെ നേരിടണം എന്നുള്ള അവബോധം വളർത്താൻ തന്റെ ഈ ചെറിയ ചിത്രം ഒട്ടെങ്കിലും സഹായകമാകുമെന്നു കരുതുന്നു എന്ന് ജെയിൻ ജി. ഗോപിനാഥ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA