ഓപ്പറേഷൻ: ഒളിപ്പോര്; വൈറൽ ഹ്രസ്വസിനിമ

operation-olipporu
SHARE

സോഡാബോട്ടിൽ ടീമിന്റെ ഏറ്റവും പുതിയ പ്രൊജക്ട് ഓപ്പറേഷൻ: ഒളിപ്പോര് എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു. കടക്കെണിയിൽ അകപ്പെട്ട്‌ ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ട്‌ സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ: ഒളിപ്പോര്. 

ഓപ്പറേഷൻ: ഒളിപ്പോര് - എന്താണ് ഈ സിനിമയുടെ പ്രമേയം?

കടബാധ്യതയിൽ അകപ്പെട്ട 2 സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. പക്ഷേ വളരെ യാദൃശ്ചികമായി അതേ ദിവസം അതേ സമയം മറ്റൊരു ടീം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങൾക്കിടയിൽ ഈ സുഹൃത്തുക്കൾ കൊള്ളക്കാരുടെ കൂടെ അകപ്പെട്ട്‌ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവർക്കിടയിൽ ഉണ്ടാവുന്ന ആശയകുഴപ്പങ്ങളും തമാശകളും, ട്വിസ്റ്റുകളും, ആക്ഷനുമൊക്കെ ചേർത്തിണക്കിയതാണ് ഓപ്പറേഷൻ ഒളിപ്പോര്.

എങ്ങനെയാണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ ഉണ്ടായത്?

പണ്ട് മുതലേ കോമഡി ഇഷ്ടപ്പെടുന്നവർ. ഇതുവരെ ചെയ്തതിനേക്കാൾ വലിയ സ്കെയിലിൽ കഥ പറയണം എന്ന് കുറച്ച് സുഹൃത്തുക്കൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഷോർട് ഫിലിം ചെയ്യാൻ തീരുമാനിച്ചു. പക്ഷേ പറയാൻ ഉദ്ദേശിച്ച കഥയ്ക്ക് ഒരു ഷോർട് ഫിലിമിനേക്കാളും ദൈർഘ്യം കൂടുതലായിരുന്നു.അങ്ങനെ ഒരു 1 മണിക്കൂർ സിനിമയിൽ എത്തിച്ചേർന്നു!

എന്തായിരുന്നു ഈ സിനിമ നിർമിച്ചതിന്റെ വെല്ലുവിളികൾ?

ആദ്യമായി സിനിമ നിർമിക്കുന്നതിന് ഒരുപാട് വെല്ലുവിളികൾ ഉണ്ട്. ഡയറക്ടറുടെ കാഴ്ചപ്പാട് മനസ്സിലാക്കുന്ന നല്ലൊരു ടീമിനെ കിട്ടുന്നത് ഒരു ചലഞ്ച് ആണ്. 2018ൽ ആണ് ഞങ്ങൾ ഷൂട്ട് തുടങ്ങാൻ തീരുമാനിച്ചത്. ഷൂട്ടിന് 3 ദിവസം മുൻപാണ് പ്രളയം വന്നത്. അതുകൊണ്ട് എല്ലാം നീട്ടിവെക്കേണ്ടി വന്നു. 10  ദിവസം കൊണ്ട് തീരേണ്ട ഷൂട്ട് 3 മാസം കൊണ്ടാണ് തീർത്തത്. പിന്നെ പകൽ സമയം ജോലി കഴിഞ്ഞിട്ട് ബാക്കി ഉള്ള സമയത്താണ് സിനിമയ്ക്ക് വേണ്ടിയുള്ള വർക്കുകൾ ചെയ്തിരുന്നത്. എഡിറ്റിങ്, ഡബ്ബിങ് ഉൾപ്പടെയുള്ള പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ കൂടുതലും സ്വയം ചെയ്തത് കൊണ്ട് അത് 2 വർഷത്തോളം നീണ്ടു പോയി. അവസാനം റിലീസ് പ്ലാൻ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ലോക്‌ഡൗൺ വന്നത്. കഷ്ടപ്പെട്ടതെല്ലാം വെറുതെ ആയില്ലെന്നു പ്രിവ്യൂ കണ്ടപ്പോൾ തോന്നി.

വൈറൽ വിഡിയോകളിൽ നിന്ന് ടീം സിനിമയിലേക്ക്...

സോണി (കഥാകൃത്ത്), അക്ഷയ് (സംവിധായകൻ) സോഫ്റ്റ്‌വെയർ എൻജിനീയേഴ്സാണ്. മനു (എഡിറ്റർ) ഒരു അഡ്വെർടൈസ്‌മെന്റ് ഏജൻസിയിൽ വർക്ക് ചെയ്യുന്നു.  വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി മാത്രമാണ് വൈറൽ വിഡിയോകൾ ചെയ്തത്. ഇങ്ങനെ വൈറൽ ആവുമെന്ന് കരുതിയതല്ല. ഫിലിം മേക്കിങ് പഠിച്ചിട്ടൊന്നുമില്ല. ആകെ ഉള്ള അറിവ് സിനിമ കണ്ടുള്ള അറിവ് മാത്രം. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഒരു 6 മാസത്തോളം ഫിലിം മേക്കിങ്ങിന്റെ എല്ലാ വശങ്ങളും റിസർച്ച് ചെയ്തു. അവസാനം ഞങ്ങൾക്ക് ഒരു ടീമും കൂടെ റെഡി ആയപ്പോൾ പിന്നെ ധൈര്യമായി പ്രൊജക്ടുമായി മുന്നോട്ടു പോവുകയായിരുന്നു.

ഒരു ഷോർട്ട്ഫിലിമിന്റെ പരിമിതിയിൽ നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമോ, അതിന്റെ മാക്സിമം ഞങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഷോർട്ട്ഫിലിം എത്രത്തോളം സിനിമാറ്റിക് ആക്കാം എന്നതിന്റെ ശ്രമഫലം ആണ് ഓപ്പറേഷൻ ഒളിപ്പോര്. ഗൺ ഫൈറ്റ്, കാർ ചെയ്‌സ്, ഇതെല്ലാം വളരെ ചെറിയ ബജറ്റിൽ ഞങ്ങൾ ചെയ്തെടുത്തു. 

ഒരു കാര്യത്തിലും വിട്ടുവീഴ്ച പാടില്ല. നല്ലൊരു ടീമിനെ കണ്ടെത്തി കൂടെ നിർത്തുക. സൗണ്ട് മിക്സിങ്, എഡിറ്റിങ്, വിഎഫ്എക്സ് ഇതിന്റെയൊക്കെ സാധാരണ നിരക്ക് അന്വേഷിച്ചു മാത്രം പണമിറക്കുക. സിനിമ നന്നായാൽ മാത്രം കാര്യമില്ല, മാർക്കറ്റിംഗ് കൂടെ നന്നായാൽ മാത്രമേ ആൾക്കാർ സിനിമ കാണുകയുള്ളൂ. ഫിലിം മേക്കിങ്ങിലെ നിയമങ്ങൾ പാലിക്കുക, ആവശ്യമുള്ളപ്പോൾ അവ ലംഘിക്കാനും മറക്കരുത്. ആദ്യമായി സിനിമ എടുക്കാൻ പോകുന്ന ഫിലിം മേക്കേഴ്സിനോട് ഒളിപ്പോര് ടീമിന് പറയാനുള്ളതിത്രേയുള്ളൂ.

ആരാണ് ഈ സോഡാബോട്ടിൽ ടീം?

സോഡാബോട്ടിൽ ടീമിന്റെ ഏതെങ്കിലും വിഡിയോ നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. സിനിമ സ്പൂഫുകളും സാമൂഹിക പ്രസക്തിയുള്ള  വിഷയങ്ങളും നർമത്തിന്റെ ചേരുവയോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയവർ ആണ് സോഡാബോട്ടിൽ ടീം. സമൂഹമാധ്യമങ്ങളിൽ തരംഗമായ പല വിഡിയോകൾക്ക് പിന്നിലും ഇവരാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളി‍ൽ ഹിറ്റായ സന്തൂർ സോപ്പ് പരസ്യത്തിന്റെ സ്പൂഫ് സോഡാബോട്ടിൽ ടീന്റെ പ്രോജക്ട് ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.