‘ദീപസ്തംഭം’ മഹാശ്ചര്യം

deepastampam
SHARE

മലയാള സാഹിത്യത്തെ ചിരിയുടെ ചിലമ്പണിയിച്ച കലക്കത്തു കുഞ്ചൻ നമ്പ്യാരുടെ ജനനത്തെക്കുറിച്ചുള്ള ഐതിഹ്യം അവതരിപ്പിക്കുന്ന ദീപസ്തംഭം എന്ന ഹ്രസ്വചിത്രം പ്രേക്ഷകരുടെ പ്രീതി നേടിക്കഴിഞ്ഞു. പ്രശസ്ത കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയുടെ മകൻ സി.വിനോദ് കൃഷ്ണനാണ് ദീപസ്തംഭം ഒരുക്കിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ആദ്യദശകത്തിൽ ജനിച്ച നമ്പ്യാരുടെ ജനനത്തിനു മുൻപുള്ള കാലം എന്നതിനാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ശൈശവദശയിൽത്തന്നെയാണു കഥ നടക്കുന്നതും. ആ കാലഘട്ടത്തിന്റെ സൂക്ഷ്മമായ പകർത്തൽ വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടായിരുന്നു ചിത്രീകരണം. ചാലക്കുടിയുടെയും ഇരിങ്ങാലക്കുടയുടെയും പശ്ചാത്തലത്തിലാണു ദീപസ്തംഭം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ഒൻപതു പെൺമക്കളുടെ പിതാവായ ബ്രാഹ്മണൻ മക്കളുടെ വേളിക്കു വഴി കണ്ടെത്താൻ നാടുനീളെ യാചിച്ചു നടക്കുന്നു. പലരിൽ നിന്നായി കിട്ടിയ ധനം ചെറിയൊരു കിഴിയാക്കി മടിശ്ശീലയിൽ കരുതി വയ്ക്കുന്നു. യാത്രയ്ക്കിടെ കലക്കത്തു ഭവനത്തിനു സമീപത്തെ ക്ഷേത്രത്തിലെത്തുന്നു. ഉച്ചപ്പൂജയുടെ നിവേദ്യം കിട്ടിയാൽ വിശപ്പടക്കാമെന്നായിരുന്നു ചിന്ത. നടയച്ചതിനാൽ ശാന്തിക്കാരൻ തിരുമേനി അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. അടുത്ത കടവിൽ പോയി ദേഹശുദ്ധി വരുത്തി വന്നാൽ വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നായി ശാന്തിക്കാരൻ. കടവിലെത്തിയ തിരുമേനി പണക്കിഴി കടവിൽ വച്ച് കുളിക്കാനിറങ്ങി. അവിടെ മേഞ്ഞു നടന്നിരുന്ന പശു ആ പണക്കിഴിക്കു മേൽ ചാണകമിട്ടു. കുളി കഴിഞ്ഞു കയറിയ തിരുമേനി പണം കാണാതെ വിഷമിച്ചു. വർഷങ്ങൾ കൊണ്ടു താൻ നേടിയ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അദ്ദേഹം കടവിൽ ഇതികർത്തവ്യതാമൂഢനായി, വിഷണ്ണനായി നിൽക്കുമ്പോൾ തിരുമേനിയെ കാണാതെ അന്വേഷിച്ചു ശാന്തിക്കാരൻ അവിടെയെത്തി. തിരുമേനിയാകട്ടെ എന്താണുണ്ടായതെന്നു വെളിപ്പെടുത്തിയതുമില്ല.

താൻ സംബന്ധം കഴിച്ച കലക്കത്തു ഭവനത്തിലേക്കു ശാന്തിക്കാരൻ തിരുമേനിയെ കൂട്ടിക്കൊണ്ടു പോയി. ഭക്ഷണമെല്ലാം കഴിഞ്ഞു തിരുമേനി അവിടം വിട്ടു. മക്കളുടെ വിവാഹാവശ്യത്തിനുള്ള ധനം കണ്ടെത്താൻ അദ്ദേഹം വീണ്ടും ദേശാടനത്തിനിറങ്ങി. ദേശാടനത്തിനൊടുവിൽ വീണ്ടും അദ്ദേഹം കലക്കത്തു ഭവനത്തിലെത്തി. മൂന്നു പെൺമക്കളുള്ള തനിക്ക് ഒരു ആൺസന്തതിയില്ലാത്തതിന്റെ ദുഃഖം ശാന്തിക്കാരൻ പറയുന്നു. തന്റെ കഷ്ടപ്പാടുകൾ വിവരിച്ച തിരുമേനി, മക്കളുടെ വേളിക്കു താനുണ്ടാക്കിയ ധനമെല്ലാം കുളക്കടവിൽ വച്ചു നഷ്ടപ്പെട്ട കാര്യം പറയുന്നു. അപ്പോൾ, ശാന്തിക്കാരന്റെ ഭാര്യയായ നങ്ങ്യാർ ചാണകത്തിൽ നിന്നു കിട്ടിയ പണക്കിഴി തിരുമേനിയെ ഏൽപിക്കുന്നു. സന്തുഷ്ടനായ തിരുമേനി ശാന്തിക്കാരനും നങ്ങ്യാർക്കും അതിപ്രശസ്തനായ മകൻ പിറക്കട്ടെ എന്നാശംസിക്കുന്നു. ആ മകനാണ് തുള്ളൽ എന്ന ശ്രേഷ്ഠകല മലയാളിക്കു സമ്മാനിച്ച കുഞ്ചൻ നമ്പ്യാർ. യുവാവായ നമ്പ്യാർ തന്റെ ജന്മത്തിന് അനുഗ്രഹം ചൊരിഞ്ഞ തിരുമേനിയെ കാണാൻ അദ്ദേഹത്തിന്റെ ഇല്ലത്തു ചെല്ലുന്നു. ആരാണെന്ന് ആരാഞ്ഞപ്പോൾ ഒരു ദക്ഷിണയ്ക്കു വന്നതാണെന്നായിരുന്നു പ്രതികരണം. എവിടുന്നാ എന്ന ചോദ്യത്തിന് ചാണകത്തീന്ന് എന്നൊരുത്തരവും. ആ ഉത്തരത്തിൽ നിന്നു തന്നെ ആളെ മനസ്സിലാക്കിയ തിരുമേനി ‘കുഞ്ചൻ നമ്പ്യാർ’ എന്നു പറയുമ്പോഴേക്കും മലയാളത്തെ കുടുകുടെ ചിരിപ്പിച്ച ആ പൊട്ടിച്ചിരി മുഴങ്ങുന്നു. 

നരിപ്പറ്റ രാജു, കോട്ടയ്ക്കല്‍ ദേവദാസ്, കലാനിലയം ഗോപിനാഥന്‍, കലാക്ഷേത്ര വിനീത, അമ്മന്നൂർ മാധവ്ചാക്യാർ, ദീലീപ് പരമേശ്വരന്‍, കെ.എസ്.കിരണ്‍ദാസ്, എം.ഡി. ശ്രീകുമാര്‍ തുടങ്ങിയവരാണു വേഷമിട്ടിരിക്കുന്നത്. സദനം കൃഷ്ണന്‍കുട്ടിയും ഭാര്യ അംബികയും മേളപ്രമാണി പെരുവനം കുട്ടന്‍മാരാരും വിശിഷ്ട സാന്നിധ്യമായി രംഗത്തെത്തുന്നുണ്ട്. നാടകരംഗത്തെ പ്രതിഭയായ നരിപ്പറ്റ രാജുവിന്റെ തിരുമേനിയും കോട്ടയ്ക്കൽ ദേവദാസെന്ന കഥകളി നടന്റെ ശാന്തിക്കാരനും ദീപസ്തംഭത്തിലെ തിളങ്ങുന്ന നാളങ്ങളാണ്. 

തിരക്കഥ, സംഭാഷണം, സംവിധാനം: സി. വിനോദ് കൃഷ്ണന്‍. നിർമാണ നിർവഹണം: ബിന്ദു പി. മേനോന്‍, രൂപേഷ് ജോര്‍ജ്. ഛായാഗ്രഹണം: കെ.പി.പ്രശാന്ത്കുമാര്‍. നിഖില്‍ ടി. തോമസ്. ഗാനരചന, സംഗീതം, ആലാപനം: അത്തിപ്പറ്റ രവീന്ദ്രൻ. ചിത്രസംയോജനം: തേജസ്. ശബ്ദസംയോജനം: യദു ആര്‍. ശബ്ദം: കലാമണ്ഡലം പ്രഷീജ ഗോപിനാഥ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA