ADVERTISEMENT

റിലീസ് ആവുന്നതിനു മുൻപുതന്നെ രണ്ട് രാജ്യാന്തര പുരസ്കാരം നേടിയ ഒരു മലയാള ഹ്രസ്വചിത്രം കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ കാണണം. ‘കണ്ടിട്ടുണ്ട്’ എന്നാണ് ആ സിനിമയുടെ പേര്. അദിതി കൃഷ്ണദാസ് ഒരുക്കിയ ‘കണ്ടിട്ടുണ്ട്’ ഫന്റാഷിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ സതോഷി കോൻ (മികച്ച അനിമേഷൻ ചിത്രം) പുരസ്ക്കാരവും കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവുമാണ് നേടിയത്. ചിത്രത്തിന്റെ വിശേഷങ്ങൾ അദിതി പങ്കുവയ്ക്കുന്നു:

 

‘കണ്ടിട്ടുണ്ടിൽ’ എന്തൊക്കെ കാണാം?

 

രാത്രി നാട്ടിൻ പുറത്തെ ഒരു വഴിവിളക്കിനു ചുറ്റും കൂടുന്ന പ്രാണികൾ. അതിൽ ഒരു പ്രാണിക്ക് മനുഷ്യരൂപമാണ്. കൈലി മുണ്ടുടുത്ത സാധാരണക്കാരൻ പ്രാണി.  12 മിനിറ്റ് നീണ്ടു നിൽക്കുന്ന ‘കണ്ടിട്ടുണ്ട്’ യൂടൂബിൽ റിലീസിന് തയാറെടുക്കുകയാണ്. തനിക്കുണ്ടായ അനേകം അമാനുഷിക അനുഭവകഥകൾ പറയുന്ന ഒരു സാധാരണക്കാരനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അദിതിയുടെ കൂടെ ജോലി ചെയ്യുന്ന ക്രിയേറ്റീവ് ഡയറക്ടർ സുരേഷ് ഏറിയത്തിന്റെ അച്ഛൻ പി.എൻ.പി. പണിക്കരുടെ കഥകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. കഥാപാത്രത്തിനു ശബ്ദം നൽകിയതും അദ്ദേഹമാണ്.

 

‘നൊസ്റ്റു’ അടിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?

 

മുംബൈയിലെ സ്റ്റുഡിയോയിൽ ഇരുന്നാണ് ഞാൻ വർക്കുകൾ ചെയ്തത്. നാട്ടിൽനിന്നു മാറി നിൽക്കുന്നതു കൊണ്ട് ആ ‘നൊസ്റ്റു ഫീലിങ്’ ചിത്രത്തിന്റെ ആദ്യഷോട്ട് മുതൽ കൊണ്ടുവന്നിട്ടുണ്ട്. കഥ പറയുന്ന സീനുകൾ മാത്രം ആദ്യം അനിമേഷനിൽ ചെയ്യാനാണ് ഇരുന്നത്. പിന്നെയാണ് ചിത്രത്തിന്റെ 12 മിനിറ്റും പൂർണമായും അനിമേഷനിലാക്കാൻ തീരുമാനിച്ചത്. രണ്ട് വർഷമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. കഥയും സംഭാഷണങ്ങളും പഴമയുള്ളതാണ്. രാത്രിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് അതുകൊണ്ടുതന്നെ കറുപ്പിലും വെളുപ്പിലുമാണ് ഞാൻ ചിത്രം ഒരുക്കിയത്.

 

എല്ലാ പ്രായക്കാരും കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കഥ കേൾക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് കഥപറയുന്ന ശൈലി സ്വീകരിച്ചത്. മുംബൈയിലാണ് സ്റ്റുഡിയോ എക്സോറസ് പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ എല്ലാ ജോലികളും അവിടെ വച്ചാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും വിജയകുമാറും ചേർന്നാണ്. ഇത്രയും ചെറിയൊരു ചിത്രത്തിന് അദ്ദേഹം നൽകിയ പിന്തുണ വലുതാണ്. രണ്ട് മാസത്തിനുള്ളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് എന്റെ പ്രതീക്ഷ.

  

അദിതിയുടെ കഥ പറയാമോ?

 

നാലാം ക്ലാസു വരെ കോഴിക്കോട് വെള്ളയിൽ സ്കൂളിലാണ് ഞാൻ പഠിച്ചത്. പിന്നീട് കൊച്ചിയിലേക്ക് മാറി. സ്കൂൾപഠനത്തിനുശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിലാണ് ഉപരിപഠനം നടത്തിയത്. പഠനത്തിനു ശേഷം സ്റ്റുഡിയോ എർക്സസിൽ ചേർന്നു. അച്ഛൻ കൃഷ്ണ ദാസ് കോഴിക്കോട്  ഇന്ത്യവിഷനിൽ പ്രോഗ്രാം കോഓർഡിനേറ്ററായിരുന്നു. ഇപ്പോൾ ഫ്രീലാൻസറായി ജോലി ചെയ്യുന്നു. അമ്മ മിനി കടമക്കുടി ഗവ.ഹൈസ്കൂളിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ചു. അനിയത്തി അരുന്ധതി നിയമ വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT