‘ഒരു വോട്ട്’; ഹ്രസ്വചിത്രം കാണാം

oru-vote
SHARE

ഒരു പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നർമ്മവും ഗൃഹാതുരത്വവും കൊച്ചു കൊച്ചു ട്വിസ്റ്റുകളുമുള്ള മനോഹരമായ ഹ്രസ്വ ചിത്രമാണ് നിധിൻ അനിരുദ്ധൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു വോട്ട്’. സ്കൂൾ സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും സമകാലിക രാഷ്ട്രീയവുമൊക്കെ രസകരമായി കോർത്തിണക്കിയിട്ടുണ്ട് 25 മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ. ക്ലൈമാക്സിലും ആന്റി ക്ലൈമാക്സിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്വിസ്റ്റുകൾ ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും വൈകാരികമായ കണ്ണ് നനയിക്കുന്ന അഭിനയ മുഹൂർത്തങ്ങളും സിനിമയിലുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റിന്റെ ആകസ്മികമായ മരണത്തെ തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് കേരള പീപ്പിൾസ് ഫെഡറേഷൻ പാർട്ടിക്കൊരു സ്ഥാനാർഥിയെ വേണം. യുവജനങ്ങൾക്കു സീറ്റു നൽകനാണ് പാർട്ടിയുടെ തീരുമാനം. യുവനിരയിൽ നിന്ന് മത്സരിക്കാൻ അർഹതയുള്ള രണ്ടുപേരെയാണ് പാർട്ടി കാണുന്നത്. മണികണ്ഠൻ സി.പി.യും സുജീഷ് ദാമോദരനും. രണ്ടും പേരും സമപ്രായക്കാരും സഹപാഠികളും. പാർട്ടി അധ്യക്ഷൻ അവർക്കു മുന്നിൽ ഒരു ഉപാധിവെക്കുന്നു. ഇരുവരും കൂടിയാലോചിച്ച് സമവായത്തിൽ എത്തി ഒരാളെ നിർദ്ദേശിക്കുക. ഒരാഴ്ച സമയമാണ് പാർട്ടി അധ്യക്ഷൻ മണികണ്ഠനും സുജീഷിനും നൽകുന്നത്. ഒരാഴ്ചക്കുള്ളിൽ ഇരുവർക്കും തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വിഷയം വോട്ടിനിട്ട് ഭൂരിപക്ഷം നോക്കി പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കും. പഴയ സഹപാഠികളായ മണികണ്ഠനും സുജീഷും സീറ്റ് വിട്ടു കൊടുക്കാൻ വിട്ടുകൊടുക്കാൻ തയ്യാറാവാതെ വരുന്നതോടെ പ്രതിസന്ധി ഉടലെടുക്കുന്നു. പിൻമാറാൻ തയ്യാറാകാത്ത മണികണ്ഠനു മുന്നിൽ സുജീഷ് ഒരു ഓഫർവെക്കുന്നു. ഏറെക്കുറെ അപ്രാപ്യമായ ഒരു ഓഫർ. സുജീഷിന്റെ ചോദ്യത്തിനു കൃത്യമായി ഉത്തരം കണ്ടെത്താൻ കഴിഞ്ഞാൽ മണികണ്ഠനു നിരുപാധികം സ്ഥാനാർഥിത്വം വിട്ടു നൽകും എന്നതാണ് ഓഫർ.

oru-vore

സുജീഷിന്റെ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള മണികണ്ഠന്റെ യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

മണികണ്ഠനായി വേഷമിടുന്ന സൈമൺ ജോർജ്ജും സുജീഷായി വേഷമിടുന്ന ഹരിപ്രസാദ് ഗംഗാധരനും രാഷ്ട്രീയത്തിൽ എന്ന പോലെ ഹ്രസ്വചിത്രത്തിലും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മാനറിസങ്ങളും മാത്സര്യവുമെല്ലാം സ്വതസിദ്ധമായി അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. മണികണ്ഠന്റെ ഉറ്റ ചങ്ങാതിയുടെ വേഷത്തിലെത്തുന്ന നിഖിൽ നിക്കിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പതിവ് രാഷ്ട്രീയ നാടകങ്ങളിലൂടെ തന്നെ പുരോഗമിക്കുന്ന ചിത്രം ക്ലൈമാക്സിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ‘കള്ളത്തരം കാണിച്ചിട്ടൊന്നും നേടാൻ പറ്റില്ലെന്നു വിചാരിച്ചിട്ടല്ല, എനിക്ക് അങ്ങനെ വേണ്ടെന്നുവെച്ചിട്ടാണ്’ എന്ന മണികണ്ഠന്റെ ഡയലോഗ് ഒരേ സമയം പ്രേക്ഷകരുടെ കണ്ണുതുറപ്പിക്കുകയും നനയിപ്പിക്കുകയും ചെയ്യും. ധാർമ്മികത നഷ്ടപ്പെട്ട സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു വോട്ട് ഒരു ശ്രദ്ധക്ഷണിക്കൽ കൂടെയാകുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS