ADVERTISEMENT

കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കി പുതുമുഖ സംവിധായക ലക്ഷ്‍മി പുഷ്പ. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കൊമ്പൽ (THE GIRL ) കാനിലെ പ്രതിമാസ ഹ്രസ്വ ചലച്ചിത്രമേളയിൽ ഒക്ടോബർ മാസത്തെ മത്സരത്തിലാണ് അവാർഡ് സ്വന്തമാക്കിയത്. ഇതോടെ ചിത്രം 2022ൽ നടക്കുന്ന കാൻ ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 

അവസാന റൗണ്ട് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറോളം ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടു ചിത്രങ്ങൾ ഇന്ത്യയിൽ നിന്നായിരുന്നു. കൊമ്പൽ നേരത്തെ നിരവധി ചലച്ചിത്രമേളകളിൽ മികച്ച ചിത്രത്തിനുൾപ്പടെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ചിത്രം ഇതുവരെ പന്ത്രണ്ടോളം അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

 

ഒരു സ്ത്രീയുടെ മാനസിക ഭൗതീക ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ചലച്ചിത്ര വേദികളിലെല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയെടുത്തിട്ടുള്ളത്. ജോളി ചിറയത്ത് നായികയായ ചിത്രത്തിൽ ബൈജു നെറ്റോ, വിഷ്ണു സനൽ കുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. 

 

മ്യൂസിയം ടാക്കിസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് ചിത്രം നേടി. കൂടാതെ മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയെക്കൂടാതെ മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാർഡുകളും ചിത്രത്തിനാണ്. 

 

ആരതി എം. ആർ. ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിയ്ക്കുന്നത്. ഓമന പി. വി. യും പ്രീയ നായരും ചേർന്ന് നിർമ്മിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. കല സിബി ജോസഫും ദിലീപ് ദാസ് പോസ്റ്റർ ഡിസൈനും നിർവഹിച്ചിരിയ്ക്കുന്നു. ചിത്രത്തിന്റെ സംവിധാന സഹായകരായ് പ്രവർത്തിച്ചത് അമൽരാജും സു​ഗന്യയുമാണ്.

 

ബേസിൽ സി. ജെ. ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിയ്ക്കുന്നത്.ഇന്ത്യൻ ക്രീയേറ്റിവ്‌ മൈൻഡ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും കൊമ്പലിനാണ്.നിവേദ് മോഹൻ ദാസാണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിയ്ക്കുന്നത്. സൗത്ത് ഇന്ത്യൻ ആർട് ആൻഡ് കൾച്ചറൽ ഫിലിം അവാർഡിൽ മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച സൗണ്ട് ഡിസൈൻ എന്നീ അവാർഡുകൾ ചിത്രം സ്വന്തമാക്കി. 

 

ബ്ളാക്ക് ബോർഡ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായിരുന്നു കൊമ്പൽ. IFTA  ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്ത ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.  നോബിൾ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ്, പൂനെ ഷോർട് ഫിലിം ഫെസ്റ്റിവൽ, ആശ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെ ഒഫീഷ്യൽ സെലക്ഷനും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 

 

പിആർഡിയിൽ വെബ് ആൻഡ് ന്യൂ മീഡിയയിൽ റിസേർച്ച് അസിസ്റ്റന്റ് ആയ ലക്ഷ്മിയുടെ കൊമ്പൽ ഉടൻ പ്രേക്ഷകരിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com