ADVERTISEMENT

കാണികളിലേക്കിറങ്ങിയ വേരുകളാണ് സ്ക്രീനിൽ പടർന്നു പന്തലിച്ച ഓരോ സിനിമയും. കാഴ്ചക്കാരെ ആനന്ദിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുകയും കണ്ണീരിലാറാടിക്കുകയും ചെയ്യുന്ന  ഒരച്ചുതണ്ട്. ഭാഷകൾ അതിന് ഒരു വിലങ്ങുതടിയേ ആകുന്നില്ല. നാലുചതുരത്തെയും ഭേദിക്കുന്ന കാഴ്ചകളുടെ ലോകഭാഷയാണ് സിനിമ. ഓരോ സെക്കൻഡിലും ലോകത്ത് എത്ര സിനിമകൾ പിറന്നുവീഴുന്നെന്ന് ഒരു കണക്കെടുക്കുകയാണെങ്കിൽ എന്ത് രസമായിരിക്കും. കഴിഞ്ഞ ദിവസം കണ്ട ഒരു ലഘുചിത്രമാണെന്നെ ഇത്തരം ചിന്തകളിലേക്ക് തള്ളിയിട്ടത്. പത്രപ്രവർത്തകനായ അയ്യപ്പൻ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത "നിർഭയയും വേതാളവു"മെന്ന 24 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയാണത്. 

 

കോടാനുകോടി മനുഷ്യർ കൂട്ടംതെറ്റിയ ഉറുമ്പുകളെ പോലെയാണീ ലോകത്ത് ജീവിക്കുന്നത്, പലതരത്തിലുള്ള ചിന്തകളുടെ തേനീച്ചക്കൂടുകളാണ് ഓരോ വ്യക്‌തിയും. മാനുഷികമൂല്യങ്ങളെ കാറ്റിൽ പറത്തുകയും ഉന്മാദിയായി ജീവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. അയാൾക്ക് സത്യവും നീതിയുമില്ല. യുദ്ധത്തിൽ ചിതറിത്തെറിക്കുന്ന കബന്ധങ്ങളുടെ അവസാന പിടച്ചിലിന്റെയും ചിതറിയൊഴുകുന്ന ചോരപ്പുഴയുടെയും മരവിപ്പിൽ ഞാനെന്ന വൃത്തത്തിൽ മാത്രം അകപ്പെട്ട ഒരാൾ. അയാളുടെ ആണഹങ്കാരത്തിന്റെ അധിനിവേശത്തെ വെറുക്കുകയും ചെറുക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടി. ഇവർ തമ്മിലുള്ള പോരാട്ടമാണ് 'നിർഭയയും വേതാളവു'മെന്ന കുഞ്ഞുസിനിമയുടെ പ്ലോട്ട്. ഇരുട്ടിൽ വെളിച്ചത്തിനായിത്തിരയുന്ന മനുഷ്യരുടെ ആകുലതകളോടെയാണ് കാഴ്ചയുടെ ഒരു മെഴുകുതിരിവെട്ടമായി ചിത്രം കാണികളിലേക്ക് പരക്കുന്നത്. അസാധാരണമായ പ്രവൃത്തികളിലൂടെ സഞ്ചരിക്കുന്ന ഒരു തടസ്സത്തെയും വകവെയ്ക്കാത്ത ഒരാൾ. 

 

സ്വന്തം ഇഷ്ടത്തെക്കാളും ഉന്മാദത്തേക്കാളും വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന നിലപാട് തറയിൽ കെട്ടിയുയർത്തിയ ഒരു വേതാളരൂപൻ. ആദ്യത്തെ കാഴ്ചയിൽ തന്നെ അയാളെ കീറി കാറ്റിൽ പറത്തിയ ഒരു പെൺകുട്ടി. ബന്ധനസ്ഥയായപ്പോഴും ധൈര്യത്തോടെ കാർക്കിച്ചൊരു തുപ്പായിരുന്നു. ലോകം നമുക്ക് വെളിപ്പെടുത്തിത്തരുന്ന  നിരവധി കടന്നുകയറ്റങ്ങളുടെ നേർക്കാഴ്ചയായാണെനിക്ക് നിർഭയയും വേതാളത്തെയും വായിച്ചെടുക്കാനായത്.  എന്തുകൊണ്ടിങ്ങനെ ഒരു വിഷയം..?ഇങ്ങിനെയൊരു ഹ്രസ്വച്ചിത്രം? തീർച്ചയായും ഇത് കാണുകയും ചർച്ചചെയ്യപ്പെടണമെന്നുമാത്രം ആഗ്രഹിക്കുന്നു. സിനിമയിലെ ചില സാന്നിധ്യങ്ങളെക്കുറിച്ചു പറയാം. നിർഭയയായി മാറിയത് ദേവീകൃഷ്ണമാറാണ്. നിരവധി ഷോറീലുകളിലൂടെയാണ് ദേവിയെ കണ്ടിട്ടുള്ളത്. 

 

പ്രശസ്ത സംവിധായകനും നടനുമായ പി. ശ്രീകുമാറിന്റെ മകളായ ദേവി തനിക്ക് വളരെ സ്വതന്ത്രമായി കിട്ടിയ ഒരിടം പാളാതെയും പതറാതേയും ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്. നല്ല ഡയലോഗ് പ്രസന്റേഷനും സൗണ്ട് മോഡുലേഷനും കത്തുന്ന കണ്ണുകളും നിർഭയയായി മാറുന്നതിൽ ദേവിക്ക് തുണയായിട്ടുണ്ട്. വേതാളമായി മാറിയ സജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. കരുണ വറ്റിയമുഖഭാവങ്ങളാൽ സജേഷ് സ്ക്രീനിൽ ഭീതി പടർത്തുന്നുണ്ട്. സംവിധായകനായ അയ്യപ്പന്റെ തിരക്കഥ മികച്ചതായിരുന്നു. കണക്ടിവിറ്റിയുള്ള സീനുകൾ , സംഭാഷണങ്ങൾ. മികച്ച മേക്കിങ്. അടഞ്ഞു  കിടക്കുന്ന ഒരു വീടിനകമാണ് നിർഭയയുടെയും വേതാളത്തിന്റെയും പ്രധാന ഭൂമിക. വിരസതയില്ലാതെ ക്യാമറക്കാഴ്ചകൾ പകർത്തിയത് സോനു നായരാണ്. സോനുവിന്റെ താളത്തിലുള്ള ക്യാമറ ചലനങ്ങൾ ഈ സിനിമയുടെ മാറ്റ് വർധിപ്പിക്കുകയേ ചെയ്യുന്നുള്ളു.

 

കോവിഡിന് ശേഷം മലയാള സിനിമ തിയറ്ററിന് പുറത്തേക്കിറങ്ങുകയാണ്. വലിയ സിനിമകൾ കാണാനാളില്ലാതെയിരിക്കുമ്പോഴും ചെറിയ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രദർശന വിജയം കൈവരിക്കുന്നുണ്ട്. ഓരോ ചെറിയ സിനിമയും പ്രതീക്ഷകളാണ്. ആർക്കും സിനിമകളെടുക്കാമെന്ന പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT