ട്രാൻസ്ജെൻഡറുകളും സമൂഹത്തിന്റെ ഭാഗം; ചർച്ചയായി ‘ദർശ’

darsha
SHARE

ട്രാൻസ്ജെൻഡറുകളും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും ഉള്ള സന്ദേശം വ്യത്യസ്തവും മനോഹരവുമായി അവതരിപ്പിക്കുന്ന ‘ദർശ’ എന്ന ഷോ‌ർട്‌ഫിലിം ശ്രദ്ധേയമാകുന്നു. റിലീസായി ദിവസങ്ങൾക്കുള്ളിൽ  തന്നെ ഈ ചെറുചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ട്രാൻസ്ജെൻഡറുകളെക്കുറിച്ചും അവർ അനുഭവിക്കുന്ന വേദനകളെക്കുറിച്ചും നിരവധി ഹ്രസ്വചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് 'ദർശ' എന്ന 15 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ കുഞ്ഞു ചിത്രം. ട്രാൻസ്ജെൻഡറുകളോടു സംസാരിക്കുകയോ, അവരോടൊന്നിച്ച് സമയം ചെലവഴിക്കുകയോ ചെയ്താൽ അതു മോശമായി കാണുന്ന ഒരു വിഭാഗത്തെ നാം പലപ്പോഴും കാണാറുണ്ട്. പുരോഗമന ചിന്താഗതിക്കാരാണ് എന്നു പുറമേ പറയുകയും, എന്നാൽ സ്വന്തം കാര്യം വരുമ്പോൾ അത്ര പുരോഗമനമില്ലാത്തവരെപ്പോലെ പെരുമാറുകയും ചെയ്യുന്ന ചിലരുടെ കഥ കൂടിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

തിയറ്ററിൽ നിന്നും സെക്കൻഡ് ഷോ സിനിമ കണ്ടുമടങ്ങുന്ന രണ്ടു ചെറുപ്പക്കാരിലൂടെയാണ് കഥ തുടങ്ങുന്നത്. അതിൽ, ഒരാൾ സുഹൃത്തിനെ വഴിയിൽ ഇറക്കി ഒരു ട്രാൻസ്‌വുമണെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നു. അയാളുടെ ലക്ഷ്യം എന്താണെന്നോ, അയാൾ എന്തിനുവേണ്ടിയാണ് അവരെ ബൈക്കിൽ കയറ്റിയതെന്നോ പോലും ചോദിക്കാൻ തയ്യാറാകാതെ, ഏകപക്ഷീയമായ വിധിയെഴുത്തു നടത്തുന്ന സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം.

ട്രാൻസ്ജെൻഡർമാരിൽ ചിലർ ശരീരം വിൽക്കാൻ പ്രേരിപ്പിക്കപ്പെടുന്നതെങ്ങനെയെന്നും അവരെ സമൂഹം എങ്ങനെയാണ് കാണുന്നതെന്നും ഈ ചിത്രം വിശദമാക്കുമ്പോൾ അത് പ്രേക്ഷകരുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കാൻ ഇടയുണ്ട്. ഒരാളുടെ അറിവോ, സമ്മതമോ ഇല്ലാതെ ഇത്തരം വഴികളിലേക്ക് നയിക്കപ്പെടാൻ അവർ നിർബന്ധിതരാകുന്നതിന്റെ സാഹചര്യവും ചിത്രം പശ്ചാത്തലമാക്കുന്നു.

ഡോ.അരുൺ ജാങ്കോ നിർമിച്ച ചിത്രത്തിന്റെ സംവിധാനം അച്ചു സലിമാണ് നിർവഹിച്ചിരിക്കുന്നത്. ആശിഷ് സുരേഷാണ് ഛായാഗ്രഹണം. തിരക്കഥയും സംഭാഷണവും അച്ചു സലിമും ഹരി രാമസ്വാമിയും. രാഹുൽ പ്രകാശ്, വിഷ്ണു ജെ.എസ്; അഖിൽ ശിവകുമാർ, രോഷിത് നഹാസ്, മിഥുൻ അംബാലിക, അനന്തു സലിം, ആന്റൺ സിബി, സ്നേഹ എസ്.പി; റസിയ ഖാൻ, ഡോ.അരുൺ ജാങ്കോ, രാകേഷ് വിശ്വരൂപൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം വൈറ്റ് പെപ്പർ എന്റർടൈൻമെന്റ്സ് ആണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}