പറവൂർ ശ്രീ നാരായണ ഹൈസ്ക്കൂളിലെ (പുല്ലംകുളം) പൂർവ വിദ്യാർഥികൾ ചെയ്ത റീയൂണിയൻ എന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു. കാലങ്ങൾ വ്യക്തികളിൽ വരുന്ന മാനസികവും ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്കിടയിലും അകലങ്ങൾക്കിടയിലും ഭൂതകാല അടരുകളിലേക്ക് തന്റെ തനിമയിലേക്ക് പിന്തിരിയാനുള്ള മനുഷ്യന്റെ എന്നുമുള്ള അഭിവാഞ്ജയെ തുറന്നു കാട്ടുന്നുണ്ട് ഈ ഷോർട്ട് ഫിലിം.
മനുഷ്യന്റെ ഉള്ളിലെ നൻമയുടെ പ്രകാശം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന ഉറപ്പോട് കൂടിയാണ് ഷോർട്ട് ഫിലിം പര്യവസാനിക്കുന്നത്. അത്യധികം ഹൃദയ സ്പർശിയായിട്ടാണ് ഈ ഷോർട്ട് ഫിലിം അതിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ശ്രീ നാരായണ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കെഎസ്ഇബി ആലുവ ട്രാൻസ് ഗ്രിഡ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുബിൻ രഘുവരൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ പ്രശസ്ത സിനിമാ സീരിയൽ മിമിക്രി ആർട്ടിസ്റ്റായ രാജേഷ് പറവൂരാണ് നായക വേഷമണിഞ്ഞിരിക്കുന്നത്. രാജേഷിന്റെ കരിയർ ബസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനമാണ് അദ്ദേഹം ഇതിൽ കാഴ്ച വച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമണിഞ്ഞ ശ്രീമതി വിഷ്ണു പ്രിയയും മകളുടെ വേഷമണിഞ്ഞ കുമാരി സംവൃതയും മിന്നിത്തിളങ്ങി. രാജേഷും വിഷ്ണു പ്രിയയുമൊഴിച്ചുള്ളവരെല്ലാം തന്നെ ക്യാമറയെ ആദ്യമായി അഭിമുഖീകരിക്കുന്നു എന്ന പരിമിതി കാണിക്കാതെ തന്നെ തങ്ങളുടെ വേഷങ്ങൾ മനോഹരങ്ങളാക്കി ( കുട്ടികൾ ഉൾപ്പടെ). ശ്രീ നാരായണ ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ തന്നെയാണ് നായകന്റെ സഹപാഠികളുടെ വേഷത്തിലെത്തിയിരിക്കുന്നത്. അവരെല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി.
സാങ്കേതിക വിഭാഗത്തിലേക്ക് വന്നാൽ ഒരു കൊച്ചു സിനിമയോട് കിടപിടിക്കുന്ന കലാമേൻമയും വൈദഗ്ധ്യവുമാണ് ഏതാണ്ട് എല്ലാവരും പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ണൻ ആണ് റീ യൂണിയന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിരവധി കലാസൃഷ്ടികളുടെ എഡിറ്ററും കളറിസ്റ്റുമായ ജിനേഷ് നന്ദനമാണ് എഡിറ്ററായി പ്രവർത്തിച്ചിരുന്നത്. അതു പോലെ തന്നെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഹരിശ്രീ ജയരാജും കിഷോർ വർമ്മയുമാണ്. ശബ്ദ വിന്യാസമൊരുക്കിയിരിക്കുന്നത് ഫഹദുമാണ്. ഈ ഘടകങ്ങളെല്ലാം ചേരും പടി ചേർത്ത് കൃതഹസ്തനായ ഒരു കലാകാരന്റെ വൈദഗ്ധ്യത്തോടെ നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിൽ ഒരു ചിത്രമൊരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.