Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യ ചതിച്ചു; മത്സരാർത്ഥികൾ ഞെട്ടി

arya-final

തമിഴ് നടൻ ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ച് നടന്റെ തീരുമാനം. പരിപാടിയുടെ തുടക്കം മുതലെ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു.

സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് ഇനി അവസാന ഘട്ടത്തില്‍ ആര്യയുടെ വധുവാകാൻ മത്സരിച്ചിരുന്നത്. എന്നാൽ ഗ്രാൻഡ് ഫിനാലെയിൽ ആര്യ ആരെയും തിരഞ്ഞെടുത്തില്ലെന്നാണ് ഇപ്പോൾ തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞദിവസമായിരുന്നു നടന്നത്. ആര്യയുടെ സുഹൃത്തുക്കളും മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. പരിപാടിയുടെ അവസാന എപ്പിസോഡ് ബുധനാഴ്ച ടെലിവിഷനിലൂടെ ടെലികാസ്റ്റ് ചെയ്യും.

തമിഴ്നാട്ടിലെ ലക്ഷകണക്കിന് പ്രേക്ഷകരാണ് ഫൈനൽ എപ്പിസോഡിനായി കാത്തിരിക്കുന്നത്. അതിനിടെയാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ച് കൊണ്ട് ആര്യ ഇങ്ങനെയൊരു തീരുമാനമെടുത്തത്. അവിടെയിരുന്ന താരങ്ങളും മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഞെട്ടിപ്പോയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Arya will not marry anyone - Enga Veetu Mapillai grand finale result

ഇപ്പോൾ ഒരു തീരുമാനം തനിക്ക് എടുക്കാനാകുന്നില്ലെന്നും ഇപ്പോൾ ഇവരിൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റ് രണ്ട് കുടുംബാംഗങ്ങൾക്ക് അത് താങ്ങാനാകില്ലെന്നും ആര്യ പറഞ്ഞു.‌‌‘ഈ മൂന്ന് കുടുംബാഗംങ്ങളും സ്വന്തം മകളുടെ വിവാഹവേദിയുടെ മുന്നിലാണ് വന്നിരിക്കുന്നത്. ഇങ്ങനെയൊരു വേദിയിൽ എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. പരിപാടിയുടെ തുടക്കത്തിൽ വധുവിനെ തിരഞ്ഞെടുക്കുക വളരെ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ശ്വേത, അബര്‍നദി എന്നിവർ പുറത്തായപ്പോളാണ് വിഷമം പുറത്തറിയുന്നത്. കാരണം അവരുടെ കുടുംബാംഗങ്ങളുടെ സങ്കടവും എനിക്ക് അറിയാമായിരുന്നു.’–ആര്യ പറഞ്ഞു.

വിവാഹ വേദിക്ക് സമാനമായി ഒരുക്കിയ വേദിയില്‍ വധുക്കളെ പോലെയാണ് പെണ്‍കുട്ടികള്‍ വന്നു നിന്നത്. ഇത്തരത്തില്‍ ഒരു വേദിയില്‍ നിന്ന് രണ്ടു പേരെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിടുന്നത് അവരുടെ വിവാഹം പാതിവഴിക്ക് നിന്നു പോയ തോന്നല്‍ അവര്‍ക്ക് നല്‍കുമെന്നും ആര്യ പറഞ്ഞു. കുടുംബങ്ങളെ കഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും കുറച്ചു ദിവസത്തിനുള്ളില്‍ സാധാരണമായ രീതിയില്‍ തന്റെ തീരുമാനം അറിയിക്കാമെന്നുമായിരുന്നു ആര്യയുടെ നിലപാട്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പെണ്‍കുട്ടികളും കുടുംബവും ഈ തീരുമാനത്തെ വരവേറ്റു. 

ആര്യയ്ക്ക് പൂർണ പിന്തുണ നല്‍കുന്നതായിരുന്നു സുഹൃത്തുക്കളുടെ മറുപടി. കൃത്യമായ തീരുമാനമാണ് ആര്യ എടുത്തതെന്ന് നടി ജനനി അയ്യര്‍ പറഞ്ഞതെന്ന് റിപ്പോർട്ട് ഉണ്ട്. ആര്യ വേറെ ലെവലാണെന്നായിരുന്നു മുന്‍ മത്സരാര്‍ത്ഥി അബര്‍നദിയുടെ മറുപടി. ജീവിതകാലം മുഴുവൻ ബാച്ച്ലറായി തുടരാനാണോ തീരുമാനമെന്നും വേണമെങ്കിൽ ഞാൻ കാത്തിരിക്കാമെന്നും അബര്‍നദി ആര്യയോട് പറഞ്ഞു. ആര്യയുടെ തീരുമാനം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്ന് നടി സുജാ വരുണി പറഞ്ഞു. ഇനിയാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് സുഹൃത്ത് കാര്‍ത്തിക് പറഞ്ഞു. 

മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയ ആറുപേരുടെ വീടുകളിലും പെണ്ണുകാണാനായി ആര്യ പോയിരുന്നു. ശ്രീലങ്ക മുതൽ ആലുവ വരെ ആര്യ ഇതിനായി സഞ്ചരിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളെ മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും മറ്റു കുടുംബാംഗങ്ങളെയും നേരിട്ട് കാണുകയുണ്ടായി. ഇതിൽ നിന്നെല്ലാം കിട്ടുന്ന വിവരങ്ങളിൽ നിന്നുമാണ് ആര്യ അവസാന മൂന്നുപേരെ തിരഞ്ഞെടുത്തത്.

തുടർന്ന് കല്യാണത്തിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പായി നടത്തി. ശരിക്കുള്ള വിവാഹത്തിന് സമമായായിരുന്നു ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങുകളും സംഘടിപ്പിച്ചത്. 

അമേരിക്കൻ ടിവി ഷോയായ ദ് ബാച്ച്ലറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അണിയറപ്രവർത്തകർ എങ്ക വീട്ടു മാപ്പിളൈ സംഘടിപ്പിക്കുന്നത്. തുടർന്ന് മല്ലിക ഷെരാവത്തിനെ പ്രധാന കഥാപാത്രമാക്കി ദ് ബാച്ചിലറിന്റെ ഹിന്ദി പതിപ്പും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ദ ബാച്ചിലറൈറ്റ് ഇന്ത്യ; മേരെ ഖായലോണ്‍ കി മല്ലിക എന്ന ഈ ഷോയില്‍ വിവാഹവാഗ്ദാനമൊന്നും ആര്‍ക്കും നല്‍കിയിരുന്നില്ലെന്ന് മല്ലിക തന്നെ പറഞ്ഞിരുന്നു.

മിക്കപ്പോഴും കൃത്യായ തിരക്കഥയോട് കൂടിയാകും ഇത്തരം റിയാലിറ്റിഷോ ടെലികാസ്റ്റ് ചെയ്യുക. വരുന്ന മത്സരാർത്ഥികളോടും നടക്കുന്നതെന്തെന്ന് മുൻകൂട്ടി പറയുകയാണ് പതിവ്.