Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തൃഷയും റാണയും മദ്യപിച്ചിരിക്കുന്നതാണ് കണ്ടത്’; നടിയുടെ വെളിപ്പെടുത്തൽ

Sri Reddy Interview

തെലുങ്ക്, തമിഴ് സിനിമയിലെ നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും ലൈംഗികാരോപണവുമായി രംഗത്തെത്തി ശ്രദ്ധനേടിയ നടിയാണ് ശ്രീറെഡ്ഡി. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഓരോ നടന്മാരുടെയും പേരുവിവരങ്ങൾ പുറത്തുവിടുന്ന നടി ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കുന്നതും. 

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ്, ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരെയാണ് നടി രംഗത്ത് വന്നത്. കൂടാതെ ഹൻസിക അടക്കമുള്ള നടിമാരെക്കുറിച്ചും ചില സത്യങ്ങൾ അറിയാമെന്ന് ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും തുറന്ന് പറയുകയാണ് ശ്രീ റെഡ്ഡി. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇവര്‍ പറയുന്നു.

‘എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും എന്റെ മുന്‍കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി. അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്.’–ശ്രീറെഡ്ഡി പറയുന്നു.

nani-sri-reddy

‘ജോലി രാജിവച്ചാണ് സിനിമയിലേയ്ക്ക് പോകുന്നത്. ഒഡിഷന്‍ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തര്‍ ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വരാന്‍ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. കാരണം എനിക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോള്‍ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകന്‍ ഉപദ്രവിച്ചു.’

‘നിര്‍മാതാക്കളും സംവിധായകരും നടന്‍മാരും എന്നെ ഒരു വില്‍പ്പന ചരക്കായി കണ്ടു. അവര്‍ മദ്യപിക്കുമ്പോള്‍ കൂടെ ഇരുന്ന് ഞാന്‍ സന്തോഷിപ്പിക്കണമായിരുന്നു. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ഇതൊക്കെ ചെയ്യിച്ചത്. കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്. ഒഡിഷന് വരുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് പലരും വലയില്‍ വീഴ്ത്തുന്നത്.’

‘നാനി വളരെ മോശക്കാരനാണ്. അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല.’

2റാണാദഗ്ഗുബാട്ടിയുടെ അനിയന്‍ അഭിറാം ദഗ്ഗുബാട്ടി മറ്റൊരു പിശാചാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് അവന്‍ എന്നെ പീഡിപ്പിച്ചത്. അഭിറാം എന്നെ പ്രേമിച്ചു വഞ്ചിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്ന് പറഞ്ഞു. അവന്റെ വീട്ടില്‍ മരുമകളായി വരാന്‍ എനിക്ക് യോഗ്യതയില്ലെന്നും പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു സാധനം മാത്രാമണെന്നും പറഞ്ഞു.’

‘വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. പിന്നീട് പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴില്‍ എനിക്ക് പിന്തുണ നല്‍കുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.’

തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണ്. എല്ലാവര്‍ക്കും കൃത്യമായ ശ്രദ്ധ ലഭിക്കണം. ഓരോരുത്തരുടെ പേരായി വെളിപ്പെടുത്തുന്നത് അതുകൊണ്ടാണ്. തെലുഗു സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കാത്തത് പേടിച്ചിട്ടാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഭയമാണ്. കാരണം സിനിമയില്‍ ചൂഷണം ചെയ്യപ്പെടാത്ത പെണ്‍കുട്ടികള്‍ വിരളമാണ്. അവര്‍ അതൊക്കെ പുറത്ത് പറഞ്ഞാല്‍ പിന്നീട് എന്താണ് സംഭവിക്കുക ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോറൻസിനെതിരെ താരം നടത്തിയ വെളിപ്പെടുത്തലും ചർച്ചയായി. ‘ഞാൻ ഇപ്പോഴും ലോറൻസ് മാസ്‌റ്ററെ ബഹുമാനിക്കുന്നു. നിങ്ങൾ ചെയ്‌തത് എന്താണെന്ന് നിങ്ങൾക്കും എനിക്കും അറിയാം. എന്റെ സുഹൃത്തിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ എന്തിന് കള്ളം പറയണം, എന്തുകൊണ്ടും ലോറൻസ് മാസ്‌റ്ററേക്കാൾ പ്രശസ്‌തി ഇപ്പോൾ എനിക്കുണ്ട്. വിദേശികൾക്ക് പോലും എന്നെ അറിയാം, പക്ഷേ ലോറൻസ് മാസ്‌റ്ററെ അറിയണമെന്നില്ല. ഞാൻ എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയും.’

‘തെളിവ് ചോദിക്കുന്നവരോട് ചോദിക്കുന്നു, ഞാൻ എന്റെ രഹസ്യഭാഗത്ത് ക്യാമറ വയ്‌ക്കണമായിരുന്നോ? ആ സമയത്ത് ലോറൻസ് മാസ്‌റ്റർ സെൽഫിക്ക് പോസ്‌ ചെയ്‌ത് തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?.’ –ശ്രീ റെഡ്ഡി ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.