പൂജയ്ക്ക് വരാം, തേങ്ങയുടക്കാൻ പറയരുത് പ്ലീസ്; സമാന്തയുടെ വിഡിയോ

സിനിമയുടെ പൂജാ ചടങ്ങിന് പങ്കെടുക്കാൻ വിമുഖത കാണിയ്ക്കുന്നതിന്റെ രഹസ്യം ആരാധകരോട് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം സമാന്ത. കഴിഞ്ഞ ദിവസം പങ്കെടുത്ത ചടങ്ങിന്റെ വിഡിയോ സഹിതമാണ് സമാന്തയുടെ തുറന്നുപറച്ചിൽ.

സംഭവം ഇങ്ങനെ: തെന്നിന്ത്യൻ താരം നാഗചൈതന്യയുമായുള്ള വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. തേങ്ങയുടച്ച് പൂജ തുടങ്ങാൻ സമാന്തയെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും സമാന്തയ്ക്ക് തേങ്ങ കല്ലിൽ അടിച്ച് ഉടയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പൂജാരി തന്നെ സമാന്തയുടെ രക്ഷയ്ക്കെത്തി.  

ശിവ നിർവാണ സംവിധാനം ചെയ്യുന്ന 'എൻസി 17' എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് രസകരമായ സംഭവം നടന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ തേങ്ങാ ഉടയ്ക്കൽ വിഡിയോ സമാന്ത തന്നെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കു വച്ചു. 

'ഇതാണെന്റെ ജീവിത കഥ. സിനിമയുടെ പൂജാചടങ്ങുകളിൽ പങ്കെടുക്കാൻ ഇഷ്ടമില്ലാത്തതിനുള്ള ഒരു കാരണം ഇതാണ്,' എന്ന അടിക്കുറിപ്പോടെയാണ് സമാന്ത വിഡിയോ ട്വീറ്റ് ചെയ്തത്.