Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎഫ്എക്സ് പണികൾ പൂർത്തിയാകുന്നില്ല; ഉറക്കം നഷ്ടപ്പെട്ട് ശങ്കർ

shankar-tense

ശങ്കർ, രാജമൗലി ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത കണ്ണഞ്ചിപ്പിക്കുന്ന വിഎഫ്എക്സ് രംഗങ്ങളാണ്. എന്നാൽ ഇതിനായി ഇവർ നേരിടുന്ന പ്രയാസങ്ങളോ, വളരെ വലുതും. ചിത്രീകരണം മുഴുവൻ പൂർത്തിയായി കഴിഞ്ഞാലും വിഎഫ്എക്സ് ഫയൽ വരാതെ ഒന്നും ചെയ്യാൻ ഇവർക്കു കഴിയില്ല.

ഈഗ, ബാഹുബലി തുടങ്ങിയ സിനിമകളുടെ സമയത്ത് രാജമൗലിക്ക് ഉറക്കം പോലുമില്ലായിരുന്നു. വലിയ വിഎഫ്എക്സ് വർക്ക് ആവശ്യമായ സിനിമകളായിരുന്നു ഇവ രണ്ടും. മാത്രമല്ല ഇതിനുവേണ്ടി മാത്രം ചെലവഴിക്കുന്ന തുകയിലോ ഇതിന്റെ ഔട്ട്പുട്ടിലോ യാതൊരു നിയന്ത്രണവും രാജമൗലിക്ക് ഇല്ലായിരുന്നു.

ഈ അവസ്ഥ തന്നെയാണ് നിലവിൽ ശങ്കറിന്റേതും. കഴിഞ്ഞ വർഷം ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ബ്രഹ്മാണ്ഡചിത്രം 2.0 ഇനിയും റിലീസിനെത്താതിനു കാരണം, വൈകുന്ന വിഎഫ്എക്സ് ജോലികളാണ്. അമേരിക്കയിലെ ഒരു വമ്പൻ കമ്പനിയെയായിരുന്നു ശങ്കർ ഇക്കാര്യം ഏൽപിച്ചത്. എന്നാൽ കമ്പനി പൂട്ടിപ്പോയി. അതോടെ ശങ്കറിന്റെ കണക്കുക്കൂട്ടലുകളും പാളി. മറ്റൊരു കമ്പനിയെ കണ്ടെത്തി ജോലി ഏൽപിച്ചെങ്കിലും പ്രതീക്ഷിച്ച വേഗത്തിലല്ല കാര്യങ്ങൾ പോകുന്നത്. ഒക്ടോബർ 15ന് മുൻപായി വിഎഫ്എക്സ് ജോലികൾ പൂർത്തിയാക്കണമെന്നാണ് ശങ്കർ നൽകിയിരിക്കുന്ന അന്ത്യശാസനം. ഇതിനോടകം നൂറ്റമ്പത് കോടി വിഎഫ്എക്സിനായി മാത്രം ചെലവാക്കി കഴിഞ്ഞു.

ലോകമെമ്പാടുമുള്ള പത്ത് വിഎഎഫ്എക്സ് കമ്പനികള്‍ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

നവംബർ 29ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ തീയതിക്ക് റിലീസ് ചെയ്യണമെങ്കിൽ ഒക്ടോബർ 15ന് എങ്കിലും വിഎഫ്എക്സ് ഫയൽ എത്തണം. അതു ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ മറ്റു പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അവതാളത്തിലായിരിക്കുകയാണ്. ഇതാണ് ശങ്കറിന്റെ ഉറക്കം കെടുത്തുന്നത്. 

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കി നിർമിക്കുന്ന ചിത്രമാണ് ശങ്കറിന്റെ 2.0. രജന്തീകാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 540 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്. ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ത്രീഡി ചിത്രം വിവിധ ഭാഷകളിൽ റിലീസ് ചെയ്യും.