Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൈരവ നഷ്ടം; 14 കോടി വിജയ് നൽകണമെന്ന് വിതരണക്കാർ

bhairava

ഇളയദളപതി വിജയ്‌യ്ക്കെതിരെ തമിഴ് സിനിമാവിതരണക്കാർ രംഗത്ത്. വിജയ് നായകനായി എത്തിയ ഭൈരവ സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നല്‍കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയില്‍ ഒന്നരകോടിക്ക് മുകളിൽ നഷ്ടമാണെന്ന് വെളിപ്പെടുത്തി വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു.

റിലീസിനെത്തി മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടംപിടിച്ച ചിത്രമെന്നായിരുന്നു ഭൈരവയുടെ അണിയറപ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമായിരുന്നെന്ന് വിതരണക്കാർ തറപ്പിച്ചുപറയുന്നു. 

70 കോടി ബഡ്ജറ്റിൽ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാർ വിതരണം ഏറ്റെടുത്തത്. എന്നാൽ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാർ പറഞ്ഞു. വിജയ്‌യുടെ ചിത്രങ്ങൾ ഭാവിയിൽ ഏറ്റെടുക്കണമെങ്കിൽ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഭൈരവ സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണമാല വില്‍ക്കേണ്ട ഗതികേടിലാണ് താനെന്നാണ് വിതരണക്കാരൻ തിരുപ്പൂര്‍ സുബ്രഹ്മണ്യൻ ആരോപിച്ചത്‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് സംവിധായകനും നായിക കീർത്തി സുരേഷിനും ഉള്‍പ്പെടെ സ്വര്‍ണ്ണച്ചെയിനും മാലയും സമ്മാനമായി നല്‍കിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

‘കൊയമ്പത്തൂരിലെ വിതരണക്കാരനാണ് ഞാന്‍. എന്റെ 1.64 കോടി രൂപയാണ് സിനിമ മൂലം നഷ്ടമായത്. സിനിമ വിജയിച്ചുവെന്ന് കാണിച്ച് നായകനായ വിജയ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ഞാനിന്ന് സാമ്പത്തിക ബാധ്യത കാരണം സ്വന്തം മാല വില്‍ക്കേണ്ട അവസ്ഥയിലാണ്. ഇത് ദുഃഖകരമാണ്. ഇതൊന്നും വിജയിനെപ്പോലെയുള്ള ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞു.

.ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇൻഡസ്ട്രി കോളിവുഡ് മാത്രമായിരിക്കുമെന്നും സുബ്രഹ്മണ്യൻ പറയുന്നു. ചില സിനിമകൾ നൂറു കോടി കടക്കുന്നുവെന്ന് പറയുന്നു. നടൻ സംവിധായകന് കാർ മേടിച്ച് കൊടുക്കുന്നു, മറ്റു ചിലർ സ്വർണ ചെയ്ൻ കൊടുക്കുന്നു. നടന്മാരും നിർമാതക്കളും ചേര്‍ന്ന് മറ്റുള്ളവരെ പറ്റിക്കുകയാണ്. ബോക്സ്ഓഫീസിൽ വ്യാജ കണക്കുകൾ കാട്ടുന്നു, വ്യാജ പോസ്റ്റർ അടിക്കുന്നു. ഒരു സിനിമ പുറത്തിറങ്ങി നഷ്ടത്തിലായാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് പലിശയ്ക്ക് പൈസ വാങ്ങി സിനിമ വിതരത്തിനെക്കുന്ന വിതരണക്കാരനെയാണ്. 

‘ഇനി മുതൽ സൂപ്പർതാരങ്ങളുടെ സിനിമ വലിയ വിലയ്ക്ക് മേടിക്കുന്നില്ല. ഇതൊരു വിലക്ക് അല്ല. ഇനിയും വലിയ നഷ്ടം താങ്ങാൻ കഴിയില്ല. താരങ്ങൾക്ക് തിയറ്റർ നല്‍കാൻ തയ്യാറാണ്. എന്നാൽ അവർ പറഞ്ഞ തുകയ്ക്ക് സിനിമ മേടിക്കില്ല. സുബ്രഹ്മണ്യൻ പറഞ്ഞു.

സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തലോടെ കൂടുതൽ സത്യങ്ങൾ പുറത്തുവരുകയാണ്. വിജയ് ചിത്രം ഭൈരവ അമേരിക്കയിൽ വിതരണത്തിനെടുത്ത വരുണും ഇതുതന്നെയാണ് പറയാനുള്ളത്. ‘രണ്ടര കോടി രൂപയ്ക്ക് വിതരണത്തിനെടുത്ത ചിത്രത്തിന് നഷ്ടം 1.75 കോടി. എന്നിട്ടും നടൻ വിജയ് അണിയറപ്രവർത്തകർക്ക് സ്വർണ ചെയ്ൻ നൽകി വിജയം ആഘോഷിക്കുന്നു. ഇനി മുതൽ നിർമാതാവ് പറയുന്ന തുകയ്ക്ക് ഒരു സിനിമയും വിതരണത്തിനെടുക്കുന്നില്ല. വരുൺ പറഞ്ഞു.

സിനിമയുടെ നിർമാതാക്കൾ കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇവരെ പ്രകോകിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ നഷ്ടം വരുന്നത് ചിത്രം വലിയ തുകയ്ക്ക് വിതരണത്തിനെടുക്കുന്ന വിതരണക്കാർക്കും. സൂപ്പർതാരസിനിമകൾ നൂറും ഇരുന്നൂറും കോടി കടന്നുവെന്ന് പ്രചരിപ്പിച്ച് അടുത്ത പ്രോജ്ക്ടുകളും കോടികൾ മുടക്കി എടുത്ത് കോടികളുടെ തുകയ്ക്ക് വിതരണത്തിനെത്തിക്കുകയാണ് ഇവരുടെ പദ്ധതി. എന്നാൽ ഇതിൽ ചില ചിത്രങ്ങൾ വലിയ പരാജയമായി തീരുന്നു. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരണക്കാര്‍ പറയുന്നത്.

സൂപ്പർതാരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനെ തുടർന്നാണ് രണ്ടുതാരങ്ങളുടെയും സിനിമയുടെ റിലീസ് തടയാൻ ഇവർ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കിൽ മിനിമം ഗ്യാരണ്ടി പണമായി നൽകണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു. നേരത്തെ രജനീ ചിത്രം ലിംഗ സിനിമയുടെ വിതരണക്കാർ നഷ്ടം നികത്താന്‍ രജനിയുടെ വീട്ടിൽ നിരാഹരമിരിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് താരം തന്നെ ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.