Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി യുദ്ധം ചെയ്തു ജയിച്ചത് ബോളിവുഡിനോട്

shobu-baahubali-1

കാലകേയരോടു മാത്രമല്ല,  ബാഹുബലി യുദ്ധം ചെയ്തു ജയിച്ചത്. സാക്ഷാൽ ബോളിവുഡ് താരരാജാക്കൻമാർക്കും ബാഹുബലിയുടെ യുദ്ധതന്ത്രങ്ങൾക്കു മുൻപിൽ  തോറ്റു പിൻമാറേണ്ടിവന്നെന്നാണു കണക്കുകൾ പറയുന്നത്. ബോക്സ് ഓഫിസ് യുദ്ധക്കളത്തിൽ പിടിച്ചുനിൽക്കാനാവാതെ കിങ് ഖാനും സൽമാൻ ഖാനും തോറ്റുമടങ്ങി. 

ബോളിവുഡ് സാമ്രാജ്യത്തിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ  ഉയർന്നു പാറുന്നതു മഹിഷ്മതീ സാമ്രാജ്യത്തിന്റെ വിജയപതാകയാണ്. തൊട്ടുതാഴെ കുന്ദളരാജ്യത്തെപ്പോലെ ശക്തരായ രണ്ടു ചെറിയ നാട്ടുരാജ്യങ്ങളുടെ പതാകകളുമുണ്ട്. ഒന്ന്– ബദ്‌രിനാഥ് കി ദുൽഹനിയയുടെയും മറ്റൊന്നു ജോളി എൽഎൽബിയുടെയും. അപ്പോഴും ഷാറൂഖ് ഖാന്റെ റായീസിന്റെയും സൽമാൻ ഖാന്റെ ട്യൂബ്‌ലൈറ്റിന്റെയും കൊടികൾ താഴ്ന്നുതന്നെ.

ഈ വർഷം ഇറങ്ങിയ ഹിന്ദി ചിത്രങ്ങളിൽ 510 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത് ബാഹുബലി–2 ന്റെ ഹിന്ദി പതിപ്പാണ്. രണ്ടാം സ്ഥാനത്തെത്തിയ ഷാറൂഖിന്റെ റായീസിനു കലക്‌ഷൻ പകുതി പോലുമില്ല. സൽമാൻ ഖാന്റെ ട്യൂബ്‌ലൈറ്റും ഋതിക്കിന്റെ കാബിലും 100 കോടി കടന്നെങ്കിലും ബാഹുബലിയുടെ പരിസരത്തെത്തിയില്ല. 

അതേസമയം ചെറിയ ബജറ്റ് ചിത്രങ്ങളായ ബദ്‌രിനാഥ് കി ദുൽഹനിയയും ജോളി എൽഎൽബിയും 100 കോടി കടക്കുകയും ചെയ്തു.  2017 ന്റെ ആദ്യപകുതിയിൽ ആറു വിജയചിത്രങ്ങളിൽ നിന്നായി 1128 കോടിയാണു കലക്‌ഷനെങ്കിൽ അതിൽ പകുതിയോളം സംഭാവന ചെയ്തത് ഒരു തെന്നിന്ത്യൻ സിനിമയുടെ ഹിന്ദി പതിപ്പ്. 

എങ്കിലും കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകളുമായി (ആറു സിനിമകൾ) താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 112 ശതമാനമാണു വളർച്ച. എന്നാൽ കഴിഞ്ഞ വർഷവും നാഷനൽ ബോക്സ് ഓഫിസിൽ കോടികൾ വാരിക്കൂട്ടി ഒന്നാമതെത്തിയതു ഹിന്ദി സിനിമയല്ല എന്നതാണു മറ്റൊരു പ്രത്യേകത. 

ഈ വർഷം ബാഹുബലിക്കാണെങ്കിൽ കഴിഞ്ഞ വർഷം ജംഗിൾ ബുക്കിനായിരുന്നു കൂടുതൽ കലക്‌ഷൻ. ഹിന്ദിയിലേക്കു മൊഴിമാറ്റിയ ജംഗിൾ ബുക് 110 കോടി വാരിക്കൂട്ടി.