Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ശങ്കറിന് മുന്നിൽ മുട്ടുമടക്കി വടിവേലു

parvathy-vadivelu

തമിഴ് പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരമായ വടിവേലുവിന് ഇതിലും വലിയ പണികിട്ടാനില്ല. ഇംസൈ അരസന്‍ 24ാം പുലികേശിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിര്‍മാതാവ് ശങ്കർ പരാതി നൽകിയിരുന്നു. ചിത്രവുമായി ഒരുതരത്തിലും സഹകരിക്കാതെ വന്നപ്പോഴാണ് ശങ്കർ അവസാനം  പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നൽകുന്നത്.

നടന്‍ വിശാല്‍ പ്രസിഡന്റായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും താരം സഹകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാതാവിന് വന്ന നഷ്ടം പരിഹരിക്കാന്‍ എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്ക്കണമെന്ന് സംഘടന ഉത്തരവിട്ടിരിക്കുകയാണ്. ഇതനുസരിച്ചില്ലെങ്കിലും കേസും, വിലക്കും നേരിടേണ്ടി വരും. രണ്ട് നിർദ്ദേശങ്ങളാണ് കൗൺസിൽ മുന്നോട്ട് വച്ചത്. ഷൂട്ടിങ് മുടക്കിയതിനും മറ്റുമായി നിർമാതാവിന് വടിവേലു വരുത്തിവച്ച നഷ്ടം തിരിച്ചുകൊടുക്കുക. അല്ലെങ്കിൽ ഈ സിനിമയിൽ വീണ്ടും തുടർന്ന് അഭിനയിക്കുക, അതും കൂടുതൽ അവകാശവാദങ്ങളോ സ്ക്രിപ്റ്റ് തിരുത്തുകയില്ലെന്ന ഉറപ്പും നൽകി.

എന്തായാലും ഇത്രയും തുക തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ പത്തി മടക്കി തിരിച്ച് അഭിനയിക്കാൻ തന്നെയാണ് വടിവേലുവിന്റെ തീരുമാനമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചിമ്പുദേവൻ സംവിധാനം ചെയ്ത ശങ്കര്‍ നിര്‍മിക്കുന്ന ഇംസൈ അരസന്‍ 24ാം പുലികേശിയുടെ ഷൂട്ടിങിനിടെയാണ് വിവാദം ഉടലെടുക്കുന്നത്. കോമഡി സൂപ്പര്‍താരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന്‍ 24ാം പുലികേശി. ഇതിന്റെ രണ്ടാം ഭാഗത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പാര്‍വതി ഓമനക്കുട്ടനാണ് ചിത്രത്തിലെ നായിക. 2016 ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സിനിമ പൂർണമായി മുടങ്ങി. വടിവേലുവിന്റെ ചില പിടിവാശികളാണ് ചിത്രീകരണം തടസ്സപ്പെടാനുള്ള കാരണം.

വന്‍ തുകയാണ് ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്. ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വടിവേലുവിനെ തന്നെ നായകനാക്കാൻ ശങ്കറും സംവിധാകനും തീരുമാനിച്ചു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകം വടിവേലു വീണ്ടും പ്രതിഫലം ഉയര്‍ത്തി ചോദിച്ചു.

ചിത്രത്തിനായി തിരഞ്ഞെടുത്ത മറ്റുതാരങ്ങൾക്കൊപ്പം അഭിനയിക്കാനും വടിവേലു വിമുഖത പ്രകടിപ്പിച്ചു. മാത്രമല്ല തന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന വടിവേലു ആവശ്യപ്പെടുകയും ശങ്കര്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ സംവിധായകൻ പിരിച്ചുവിട്ടു. 

എന്നാല്‍ ഇതിനെതിരെ വടിവേലു ചിത്രത്തില്‍ അഭിനയിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. അതോടെ ചിത്രം മുടങ്ങി. ഒരു അനുരഞ്ജനത്തിനും വടിവേലു തയാറാകുന്നില്ലെന്നായിരുന്നു. ഇതോടെയാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും ശങ്കര്‍ പരാതി നല്‍കിയത്.