Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രംവേദയെ വെല്ലാൻ രജനിക്കൊപ്പം സേതുപതി

rajini-sethupathy

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനിക്കൊപ്പം വിജയ് സേതുപതി എത്തുക. സണ്‍പിക്ചേഴ്‌സാണ് ആരാധകര്‍ക്കായി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

രജനികാന്തിന്റെ വില്ലനായിട്ടോ അല്ലെങ്കില്‍ ഉറ്റസുഹൃത്തായോ വിജയ് എത്തുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ആക്​ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് അഞ്ച് സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി  എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ. പ്രഭുദേവയെ നായകനാക്കി ഒരുക്കിയിരിക്കുന്ന മെർക്കുറി ഈ മാസം റിലീസിനെത്തിയിരുന്നു.

പാ രഞ്ജിത്തിന് ശേഷം രജനി വീണ്ടും യുവസംവിധായകരുമായി കൈകോർക്കുകയാണ്. മുമ്പ് ശങ്കർ, കെ എസ് രവികുമാർ തുടങ്ങി മുതിർന്ന സംവിധായകർക്ക് ഡേറ്റ് കൊടുത്തിരുന്ന താരം കബാലിയിലൂടെയാണ് തീരുമാനം മാറ്റിമറിക്കുന്നത്. കബാലിയ്ക്ക് ശേഷം രജനി കരാർ ഒപ്പിട്ടതും പാ രഞ്ജിത്തിന് തന്നെ. കാലാ ജൂണിൽ പുറത്തിറങ്ങും.

മണിരത്‌നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രം വേദയില്‍ മാധവനോടൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയിരുന്നു.