Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് വിക്രത്തിന്റെ നായിക, ഇന്ന് അമ്മായിയമ്മ

vikram-aishwarya

മലയാളത്തിലും തമിഴിലും സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ പല നായികമാരും ഇപ്പോൾ അമ്മ വേഷത്തില്‍ ഒതുങ്ങുകയാണ്. മറ്റ് ചിലര്‍ അത് അംഗീകരിക്കാനാവാതെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. നരസിംഹം, പ്രജ, ബട്ടർഫ്ലൈ തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ പരിചിതയായ നടി ഐശ്വര്യ ഇപ്പോൾ അമ്മ, അമ്മായിയമ്മ വേഷത്തില്‍ തമിഴകത്ത് തിളങ്ങുകയാണ്.

ഒരുകാലത്ത് വിക്രത്തിന്റെ നായികയായിരുന്ന നടി ഇപ്പോള്‍ പുതിയ ചിത്രം സാമി 2വിൽ താരത്തിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. 1992ല്‍ പുറത്തിറങ്ങിയ മീര എന്ന തമിഴ് ചിത്രത്തിൽ വിക്രത്തിന്റെ നായികയായിരുന്നു ഐശ്വര്യ.

എന്നാൽ ഈ വേഷങ്ങളിൽ അഭിനയിക്കുന്നത് സന്തോഷത്തോട് കൂടിയാണെന്ന് ഐശ്വര്യ പറയുന്നു. ‘ഞാന്‍ വിക്രമിന്റെ നായികയായിരുന്നു. ഇപ്പോള്‍ സാമി 2വില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. ഇതുകണ്ട് അവന്‍ തന്നെ ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞു. അവനുപോലും സഹിക്കുന്നില്ല.

അമ്മ (നടി ലക്ഷ്മി) രജനിസാറിന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രങ്ങളും അമ്മയ്ക്ക് നല്ല പേര് വാങ്ങികൊടുത്തു. അതുപോലെ തന്നെയാണ് ഞാന്‍ ഇത്തരം വേഷങ്ങളെ കാണുന്നത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ജനങ്ങള്‍ അംഗീകരിക്കും. പ്രായം കൂടുന്തോറും പുരുഷന്മാര്‍ക്ക് സൗന്ദര്യം കൂടുന്നുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അത് പോലെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ.

ഒരു സ്ത്രീ വിവാഹത്തിന് ശേഷം അവള്‍ ഭര്‍ത്താവിന്റെ മാത്രമാണെന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം ഒരു നടി സിനിമയില്‍ മറ്റൊരുവനെ പ്രണയിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ജനങ്ങള്‍ അംഗീകരിക്കില്ല. അവളോടുള്ള ആരാധനയും കുറഞ്ഞുവരും.’–ഐശ്വര്യ പറഞ്ഞു.