വിവാഹമോചന വാർത്തകൾ വ്യാജം; രംഭ മൂന്നാമതും ഗര്‍ഭിണി

നടി രംഭയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഭർത്താവുമായി വേര്‍പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ രംഭ കോടതിയെ സമീപിച്ചുവെന്നുമെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനൊക്കെ മറുപടിയാണ് സമൂഹമാധ്യമത്തിൽ രംഭ പങ്കുവച്ച പുതിയ ചിത്രം.

ഈ സന്തോഷകരമായ നിമിഷത്തില്‍ താന്‍ മൂന്നാമതും ഗര്‍ഭിണിയായ വിവരം അറിയിക്കുന്നുവെന്നും ആഹ്‌ളാദം പ്രകടിപ്പിക്കാനാകുന്നില്ലെന്നും കുടുംബത്തിനായി പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രംഭ സാമൂഹിക മാധ്യമങ്ങളില്‍ തന്റെ നിറവയറിന്റെ ചിത്രം പങ്കുവെച്ചത്.

2010-ലാണ് തമിഴ് വംശജനും കനേഡിയന്‍ പൗരനുമായ ഇന്ദ്രന്‍ പത്മനാഥനെ രംഭ വിവാഹംകഴിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. കാന‍ഡയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നുരുന്ന താരസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിന്നു. 

ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്.സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, ഫിലിം സ്റ്റാർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.