കല്‍പ്പനയുടെ അവസാനചിത്രം ‘ഇഡ്‌ലി’ റിലീസിന്

മലയാളത്തിന്റെ പ്രിയനടി കല്‍പ്പന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം ഇഡ്‌ലി റിലീസിനൊരുങ്ങുന്നു. കൽപ്പനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈദ്യനാഥൻ ആണ്. 

കല്‍പ്പന വിട പറഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രായമായ മൂന്നുസ്ത്രീകൾ ബാങ്ക് കൊള്ളയടിക്കാൻ ഇറങ്ങുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രമൊരു കോമഡി ത്രില്ലറാണ്. ധരൺ ആണ് സംഗീതം. കണ്ണൻ ഛായാഗ്രഹണം.

2016 ജനുവരി 25നാണ് കൽപ്പന വിടപറയുന്നത്. കൽപന അഭിനയിച്ച  കാഥൽ കസകുതയ്യാ എന്നൊരു തമിഴ് ചിത്രവും കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. നടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള അവസാനചിത്രമാണ് ഇഡ്‌ലി. ജൂൺ 29നാണ് റിലീസ്.