തമിഴ്പടത്തില്‍ നിന്നും നീക്കം ചെയ്ത രംഗങ്ങൾ; വിഡിയോ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ ‘തമിഴ്പട’ത്തിന്റെ രണ്ടാം ഭാഗം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തമിഴ്നാട്ടിൽ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം സൂപ്പർഹിറ്റായി ഓടുന്നു. അജിത്ത്, വിജയ്, സൂര്യ തുടങ്ങി തമിഴിലെ സൂപ്പര്‍താരങ്ങളെയെല്ലാം പരിഹസിച്ചുകൊണ്ടാണ് സിനിമയുടെ വരവ്. 

തമിഴ്‌നാട്ടിലെ രാഷ്ട്രീയം, ബിഗ്‌ബോസ്, ഗെയിം ഓഫ് ത്രോണ്‍സ്, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം എന്നിങ്ങനെ നിരവധി സംഭവങ്ങളെയാണ് തമാശ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെയും മാറ്റി നിര്‍ത്താതെ കളിയാക്കിയിട്ടുണ്ടെന്ന് സിനിമ കണ്ടവര്‍ പറയുന്നു. സിനിമയുടെ അവസാനം വരെ ചിരിക്കാമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. 

ഇപ്പോഴിതാ സിനിമയിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വേതാളം, സൂര്യയുടെ 24 എന്നീ സിനിമകളെ പരിഹസിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.

സിഎസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവയാണ് നായകൻ. ദിഷ പാണ്ഡെ, ഐശ്വര്യ മേനോൻ, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്. 

കെ. ചന്ദ്രുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എൻ. കണ്ണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗോപി അമർനാഥ്.