Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് ഒരു കോടിയുടെ സഹായവുമായി വിജയകാന്ത്

vijayakanth

കേരളത്തിലെ ദുരിതബാധിതർക്ക് ഒരുകോടി രൂപയുടെ സഹായവുമായി  ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത്. കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ വിജയകാന്ത് അമേരിക്കയിൽ ചികിത്സയിലായിരുന്നു. 

അനാരോഗ്യവാനായ വിജയകാന്ത് തിരികെ ചെന്നൈയിൽ എത്തിയപ്പോൾ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിനുള്ള സഹായമാണ്. ഒരു കോടി രൂപയുടെ സാധനസാമഗ്രികൾ അദ്ദേഹം കേരളത്തിലേയ്ക്ക് അയക്കുമെന്ന് ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് വേണ്ട അവശ്യവസ്തുക്കളാണ് കേരളത്തിലേയ്ക്ക് അയയ്ക്കുന്നത്. കൂടാതെ കേരളത്തിന് ആവശ്യമായ കൂടുതൽ തുക കേന്ദ്രം സംഭാവന ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഷാരൂഖ് ഖാന്റെ അച്ഛന്റെ പേരിലുള്ള മീർ ഫൗണ്ടേഷൻ 21 ലക്ഷം രൂപയും നടി ജാക്വലിൻ അഞ്ച് ലക്ഷം രൂപയും സംഭാവന നൽകി. 

വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാൺ 10 ലക്ഷം രൂപയും കമൽഹാസൻ 25 ലക്ഷവും നയന്‍താര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ശിവകാർത്തികേയനും സിദ്ധാർഥും പത്ത് ലക്ഷം വീതം സംഭാവന നൽകി. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. പത്മപ്രിയ, രോഹിണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും അല്ലു അര്‍ജുന്‍ 25 ലക്ഷം, പ്രഭാസ് 25 ലക്ഷം, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നല്‍കി.

related stories