Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരങ്ങള്‍ക്കും വിശ്വാസങ്ങൾക്കും തടസ്സം നിൽക്കരുത്: രജനീകാന്ത്

rajinikanth-sabarimala

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി രജനികാന്ത്. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനികാന്ത് പറഞ്ഞു. സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം വിലയിരുത്തി.

പുതിയ ചിത്രം പേട്ടയുടെ ഷൂട്ടിങ് പൂർത്തിയാക്കി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ‘സ്ത്രീകൾക്ക് തുല്യ അവകാശം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ അത് ക്ഷേത്രവിശ്വാസങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഓരോരുത്തര്‍ അനുഷ്ഠിച്ചു വരുന്ന വിശ്വാസങ്ങളും ഐതിഹ്യങ്ങളും കൂടി നോക്കേണ്ടി വരും. അത് ആരും തടയരുതെന്നതാണ് എന്റെ എളിയ അപേക്ഷ.’–രജനീകാന്ത് പറഞ്ഞു

മീ ടു ക്യാംപെയ്നെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ‘സ്ത്രീകള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്ന ക്യാംപെയ്നാണ് മീടു. എന്നാൽ അത് ആരും ദുരുപയോഗം ചെയ്യരുത്. അത് ശരിയായ രീതിയിൽ ഉപയോഗിക്കുക.’–രജനീകാന്ത് പറഞ്ഞു.

അതേസമയം, തന്റെ പാര്‍ട്ടി പ്രഖ്യാപനം നീളുന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ എന്ന് പ്രഖ്യാപിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പിന്നീട് അറിയിക്കാമെന്നും രജനീകാന്ത് വ്യക്തമാക്കി.