Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയെ വെല്ലാൻ പ്രഭാസിന്റെ സാഹോ; ഗംഭീര മേക്കിങ് വിഡിയോ

saaho-teaser-making

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സാഹോയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകർ പുറത്തിറക്കി. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്.

Saaho | Shades Of Saaho | Chapter 1 | Prabhas | Shraddha Kapoor |

'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് റിലീസ് ചെയ്തത്. സിനിമയുടെ അബുദാബിയിലെ ലൊക്കേഷൻ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്‌ഷന്‍ സീനിനുവേണ്ടി സംവിധായകൻ ചെലവിട്ടത്. തൊണ്ണൂറ് ശതമാനം ആക്​ഷന്‍ സീക്വന്‍സും യഥാർത്ഥമായി ചെയ്തതാണെന്ന് വിഡിയോയിലൂടെ വ്യക്തം.

ഏകദേശം തൊണ്ണൂറ് കോടി രൂപയാണ് ചിത്രത്തിലെ ആക്‌ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മാതാക്കള്‍ ചെലവിടുന്നത്. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്സിനാണ് ആക്ഷന്‍ രംഗങ്ങളുടെ ചുതമല. ട്രാന്‍സ്ഫോര്‍മേഴ്സ് പരമ്പര, റഷ് അവര്‍ 3, ദി ഐലന്‍ഡ് എന്നിവയുടെ ആക്‌ഷന്‍ സംവിധായകനായിരുന്നു ബേറ്റ്സ്. 

ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.