Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിയിൽ 96 പ്രീമിയർ; വേണ്ടെന്ന് തൃഷ

96-tv-trisha-angry

നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്ന തമിഴ് ചിത്രം 96, ദീപാവലി ദിനത്തിൽ ടിവിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൃഷ.  ടിവിയിലെ പ്രദർശനം വിലക്കണമെന്ന് താരം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് തൃഷ പ്രതിഷേധം അറിയിച്ചത്. 

"ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തിയറ്ററുകളിൽ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ട്. ഒരു ടീം എന്ന നിലയിൽ 96ന്റെ ടിവി പ്രീമിയർ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങൾ കരുതുന്നു. പൊങ്കലിന്റെ സമയത്തേക്ക് 96 ടിവി പ്രീമിയർ നീട്ടി വയ്ക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. അതിനോട് 96 കടപ്പെട്ടിരിക്കും" തൃഷ ട്വിറ്ററിൽ കുറിച്ചു. 

മികച്ച പ്രേക്ഷക പ്രതികരണം നേടി 96 രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് പ്രമുഖ തമിഴ് ചാനൽ ചിത്രത്തിന്റെ ടെലിവിഷൻ പ്രിമീയർ പ്രഖ്യാപിച്ചത്. ദീപാവലിയ്ക്ക് ചിത്രം സൺടിവിയിൽ പ്രദർശിപ്പിക്കുമെന്നായിരുന്നു ചാനൽ അറിയിച്ചത്. തൃഷയുടെ ട്വീറ്റിനോട് നിരവധി പേർ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. 

അതിനിടെ ചാനലിന്റെ പുതിയ ചിത്രമായ സർക്കാരിന് തിയറ്ററുകൾ ലഭിക്കുന്നതിനാണ് തിരക്കിട്ട് 96ന്റെ ടെലിവിഷൻ പ്രീമിയർ നടത്തുന്നതെന്ന ആരോപണവും ആരാധകർ ഉന്നയിച്ചു. എന്നാൽ ചാനൽ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.