Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ അപേക്ഷയും കേട്ടില്ല; 96 അവസാനം ടിവിയിൽ

96-tv-trisha-angry

പല തിയറ്ററുകളിലും ഇപ്പോഴും നിറഞ്ഞോടുന്ന 96 സിനിമയുടെ പ്രീമിയർ ദീപാവലി ദിവസം വൈകിട്ട് 6.30ന്  ടിവിയില്‍ പ്രദർശിപ്പിച്ചു. നായിക തൃഷ അടക്കമുള്ള ആളുകളുടെയും സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയത്.

വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം  ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നടി തൃഷ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ന്യായമല്ലെന്നും ചിത്രം പൊങ്കലിന് പ്രദര്‍ശിപ്പിക്കണമെന്നാണ് അപേക്ഷിക്കുന്നതെന്നും തൃഷ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. തൃഷയുടെ അപേക്ഷയോട് ടിവി അധികൃതർ പ്രതികരിച്ചില്ലെന്നു മാത്രമല്ല, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. ദീപാവലി ദിന പ്രത്യേക സിനിമയായാണ് പ്രദര്‍ശിപ്പിച്ചത്.

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രം മലയാളികളും ഇരുകൈനീട്ടിയാണ് സ്വീകരിച്ചത്.

ചാനലിന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തിയിരുന്നു. നന്നായി തിയറ്ററില്‍ ഓടുന്ന ചിത്രം ചാനൽ എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹം  പ്രതികരിച്ചത്. ‘തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ. നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,’ പ്രേംകുമാര്‍ പ്രതികരിച്ചു.

അതേസമയം, വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം ‘സര്‍ക്കാരി’ന്റെ പ്രദര്‍ശനാവകാശവും ഇതേ ടിവി തന്നെയാണ് വാങ്ങിയിട്ടുളളത്. ’96’ ടെലിവിഷനില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചാല്‍ ചിത്രം തിയറ്ററുകളില്‍ നിന്നും പൂര്‍ണമായും പുറന്തളളപ്പെടുകയും ഇത് ‘സര്‍ക്കാരിന്’ ഗുണകരമാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയും പ്രേക്ഷകര്‍ ടിവിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ‘സേവ് 96’ ക്യാംപെയ്‌നുകളുമായി സമൂഹമാധ്യമങ്ങളിലും ചാനലിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.